Articles
കാലത്തെ അതിജയിക്കുന്ന സ്‌കൂളിംഗിന് തുടക്കം

കേവലം വിജ്ഞാന കൈമാറ്റം എന്നതിനപ്പുറം നന്മയും മാനവിക മൂല്യങ്ങളും സ്വായത്തമാക്കിയ തലമുറയെ വാര്‍ത്തെടുക്കാനുള്ള മാര്‍ഗം കൂടിയാണ് വിദ്യാഭ്യാസം. വിവിധങ്ങളായ വിദ്യാഭ്യാസ സംരംഭങ്ങളാണ് ഇത്തരം മൂല്യങ്ങളുടെ പണിപ്പുര. വ്യക്തിവികാസവും സ്വഭാവ രൂപവത്കരണവും ഇതുവഴി അവരില്‍ സാധ്യമാകുന്നു. സംസ്ഥാനത്തെ അനേകായിരം അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈയൊരു ഗണത്തില്‍ പെടുന്നവയാണ്. ഗുണമേന്മയേറിയ പാഠ്യക്രമത്തിലൂടെ പൊതു വിദ്യാഭ്യാസത്തിന്റെ ശാക്തീകരണത്തിന് ഇത്തരം സ്വകാര്യ സ്‌കൂളുകളുടെ രംഗപ്രവേശം നിമിത്തമായി.
മാതാപിതാക്കളുടെ സ്വപ്‌നങ്ങള്‍ക്കനുസൃതമായി മക്കളെ ഉന്നത മേഖലകളില്‍ എത്തിക്കുന്നതില്‍ സ്വകാര്യ സ്‌കൂളുകളുടെ സംഭാവന വളരെ വലുതാണ്. ഇത്തരം വിദ്യാലയങ്ങളില്‍ പഠിച്ചിറങ്ങിയ നിരവധി വിദ്യാര്‍ഥികള്‍ ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, നിയമ വിദഗ്ധര്‍, സാമ്പത്തിക ഉദ്യോഗസ്ഥര്‍, സാമൂഹിക വിചക്ഷണര്‍ തുടങ്ങിയ പ്രൊഫഷനല്‍ മേഖലകളില്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ സേവനമനുഷ്ഠിക്കുന്നു. മെഡിക്കല്‍, എന്‍ജിനീയറിംഗ് രംഗങ്ങളിലും ദേശീയ അന്തര്‍ദേശീയ തലങ്ങളിലെ വിവിധ മത്സര പരീക്ഷകളിലും ആദ്യ റാങ്കുകള്‍ കരസ്ഥമാക്കുന്നത് സി ബി എസ് ഇ, ഐ സി എസ് ഇ, കേരള സിലബസിലെ അണ്‍എയ്ഡഡ് മേഖലകളിലെ മിടുക്കരാണെന്നത് ശ്രദ്ധേയമാണ്. പരിചയസമ്പന്നരും പ്രതിഭാധനരുമായ, പരിശീലനം ലഭിച്ച അധ്യാപകരാണ് സമൂഹത്തിനനുഗുണമാകുന്ന രീതിയില്‍ വിദ്യാര്‍ഥികളെ പരിവര്‍ത്തിപ്പിക്കുന്നത്. വിദ്യാര്‍ഥികളുടെ ഓരോ ചലനനിശ്ചലനങ്ങളും ശ്രദ്ധിച്ച് കഴിവുകളെ കണ്ടെത്തി പ്രോത്സാഹനങ്ങള്‍ നല്‍കി മികച്ച പ്രതിഭകളായി അവരെ വളര്‍ത്തിയെടുക്കുന്നു. ഇതുവഴി അവരുടെ അഭിരുചികള്‍ക്കനുസരിച്ചുള്ള മേഖലകളില്‍ അത്യപൂര്‍വ വ്യക്തിത്വങ്ങളായി അവര്‍ വികസിക്കുന്നു.
വിദ്യാഭ്യാസത്തിനിടക്കും തുടര്‍ന്നും വലിയ സ്വാധീനം ചെലുത്താവുന്ന ഒന്നാണ് സാര്‍ഥകമായ ഗുരുശിഷ്യ ബന്ധങ്ങള്‍. എത്ര ഉന്നതിയിലെത്തുമ്പോഴും പാഠങ്ങള്‍ പകര്‍ന്നുതന്ന ഗുരുവര്യരെ അനുസ്മരിക്കുന്നത് ധാര്‍മിക വിദ്യാഭ്യാസത്തിന്റെ പ്രതിഫലനമാണ്. കൊവിഡിന്റെ സാഹചര്യത്തില്‍ അധ്യാപകരുമായും സഹവിദ്യാര്‍ഥികളുമായും നേരിട്ട് സഹവസിച്ചുള്ള വിദ്യാഭ്യാസം ഇപ്പോള്‍ സാധ്യമല്ലെങ്കിലും നൂതന സാങ്കേതിക സംവിധാനങ്ങളാണ് സ്വകാര്യ സ്‌കൂളുകള്‍ വിദ്യാര്‍ഥികളുടെ പഠനപുരോഗമന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. സൂം, ഗൂഗിള്‍ മീറ്റ് ഉള്‍പ്പെടെ വിവിധ ലേണിംഗ് പ്ലാറ്റ്ഫോമുകള്‍ ഉപയോഗപ്പെടുത്തി ലൈവ് ക്ലാസ് റൂമുകള്‍ സംവിധാനിക്കുന്നു. സ്‌കൂളുകളിലല്ലെങ്കിലും ഒരു ഹോം സ്‌കൂള്‍ അനുഭവം സമ്മാനിക്കാന്‍ ഇത് വഴി കഴിഞ്ഞിട്ടുണ്ട്. കൃത്യമായി നോട്ടുകള്‍ തയ്യാറാക്കിയും ആവര്‍ത്തന പഠനത്തിലൂടെയുമുള്ള ക്ലാസുകളും അധ്യാപകരുടെ ലൈവ് സാന്നിധ്യവും കുട്ടികള്‍ക്ക് പഠനത്തിലുള്ള ഉത്സാഹം വര്‍ധിപ്പിക്കുന്നു. മാര്‍ച്ചില്‍ കൊവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ അധ്യാപകര്‍ക്ക് നൂതന സാങ്കേതിക പരിജ്ഞാനം നല്‍കി ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് അവരെ സജ്ജരാക്കി. മികച്ച രക്ഷകര്‍തൃ അധ്യാപക ബന്ധം ഊട്ടിയുറപ്പിച്ച് പഠന ലക്ഷ്യങ്ങളെ മാര്‍ക്ക് ചെയ്ത് കൃത്യമായ ഇടവേളകളില്‍ അത് നേടിയെടുക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നു. കുട്ടികളുടെ ഭാവിയില്‍ കരി നിഴല്‍ വീഴ്ത്താതെ മികച്ച ഓണ്‍ലൈന്‍ പഠനം സാധ്യമാക്കാന്‍ കൊവിഡ് കാലത്തും അണ്‍എയ്ഡഡ് സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. മികച്ച സബ്്ജക്ട് വിദഗ്ധരുടെ പരിശീലനവും സ്‌കൂള്‍ മേധാവികള്‍ക്കുള്ള കൃത്യമായ നിര്‍ദേശങ്ങളും വഴി സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളായി മാറ്റാന്‍ കഴിഞ്ഞു. കൊവിഡ് മഹാമാരി മുന്നില്‍ കണ്ടുകൊണ്ട് നടത്തിയ ചിട്ടയായ പഠനപ്രവര്‍ത്തനങ്ങളിലൂടെ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാനും സാധിച്ചു.
വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ സാമൂഹിക ഉന്നതി ലക്ഷ്യമിട്ട് ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്വകാര്യ സ്‌കൂളുകള്‍ വിവിധ സംഘടനകളുടെയും ട്രസ്റ്റുകളുടെയും കീഴിലാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. വിദ്യാര്‍ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്താന്‍ മികവുറ്റ സൗകര്യങ്ങളൊരുക്കാന്‍ കോടിക്കണക്കിന് രൂപയാണ് ഇത്തരം സ്ഥാപനങ്ങള്‍ക്ക് വേണ്ടി മുതല്‍മുടക്കുന്നത്. പൊതുസമൂഹത്തില്‍ നിന്ന് പണം സ്വീകരിച്ചും വ്യക്തികളും സംഘടനകളും നിക്ഷേപം നടത്തിയുമാണ് കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ പുഷ്‌കലമാക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ വളര്‍ന്നുവരുന്നത്. സംസ്ഥാനത്ത് ഐഡിയല്‍ അസോസിയേഷന്‍ ഫോര്‍ മൈനോരിറ്റി എജ്യുക്കേഷന്‍ (ഐ എ എം ഇ)ന്റെ നേതൃത്വത്തില്‍ വിവിധ സിലബസുകളിലായി 350ഓളം സ്‌കൂളുകള്‍ മികച്ച പ്രകടനം കാഴ്ച വെച്ചു വരുന്നു. ധാര്‍മിക മൂല്യങ്ങള്‍ സമന്വയിപ്പിച്ചു കൊണ്ട് കെ ജി മുതല്‍ പത്താം ക്ലാസ് വരെയുള്ള കരിക്കുലം തയ്യാറാക്കി സമാനതകളില്ലാത്ത ഒരു വിദ്യാര്‍ഥി സമൂഹത്തിന്റെ സൃഷ്ടിപ്പിനാണ് ഈ സ്ഥാപനങ്ങള്‍ കളമൊരുക്കിയത്. വിദ്യാഭ്യാസ രംഗത്ത് സേവന മേഖലയുടെ അനന്ത സാധ്യതകളുള്ള വാതിലുകള്‍ തുറന്നാണ് ഐ എ എം ഇ ഈ സാമൂഹിക വിപ്ലവം സാധ്യമാക്കിയത്. കൊവിഡ് പ്രതിസന്ധികളില്‍ തിരിച്ചറിയപ്പെട്ട പുതിയ വിദ്യാഭ്യാസ സാധ്യതയെ നാം ക്രിയാത്മകമായി ഉപയോഗപ്പെടുത്തേണ്ടതുണ്ട്.
ഓരോ കുട്ടിക്കും തന്റെ ബാല്യം ശരിയായ വിദ്യാഭ്യാസം ലഭിച്ച് വളര്‍ന്നുവരാനാകുന്ന സാഹചര്യം നാം സൃഷ്ടിക്കണം. മൂല്യവത്തായ വിദ്യാഭ്യാസത്തെ വളര്‍ത്തിയെടുക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളാകണം അതിന് നമ്മുടെ തിരഞ്ഞെടുപ്പ്. അതിലൂടെ മാത്രമേ നമ്മുടെ കുട്ടികളെ കുറിച്ചുള്ള നമ്മുടെ സ്വപ്‌നങ്ങള്‍ക്ക് ചിറക് മുളപ്പിക്കാനാകൂ.