Connect with us

Editorial

വാക്‌സീന്‍ വിലകളില്‍ അന്തരമെന്തിന്?

Published

|

Last Updated

അതിരൂക്ഷമായ വിമര്‍ശമാണ് കേന്ദ്രത്തിന്റെ വാക്‌സീന്‍ നയത്തിനെതിരെ തിങ്കളാഴ്ച സുപ്രീം കോടതിയില്‍ നിന്നുണ്ടായത്. വാക്‌സീന്‍ കേന്ദ്രത്തിന് കുറഞ്ഞ വിലക്ക് ലഭ്യമാകുമ്പോള്‍ സംസ്ഥാനങ്ങള്‍ കൂടുതല്‍ വില നല്‍കേണ്ടി വരുന്നതാണ് കോടതിയെ രോഷാകുലമാക്കിയത്. ഒരേ വാക്സീന്‍ രണ്ട് പേര്‍ക്ക് രണ്ട് വിലകളില്‍ എങ്ങനെ നല്‍കാനാകുന്നുവെന്നു ചോദിച്ച കോടതി, കേന്ദ്രവും സംസ്ഥാനവും നികുതിദായകരുടെ പണത്തില്‍ നിന്നാണ് വാക്‌സീന്‍ വാങ്ങുന്നതെന്നും ഓര്‍മിപ്പിച്ചു. ഫെഡറല്‍ സംവിധാനമാണ് ഇന്ത്യയുടേത്. കേന്ദ്രം വാക്‌സീന്‍ ഏറ്റെടുത്ത് സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുകയാണ് വേണ്ടത്. എന്നാല്‍ കേന്ദ്രം കുറച്ച് ഏറ്റെടുത്ത് സംസ്ഥാനങ്ങളോട് അവര്‍ക്ക് വേണ്ടത് വാങ്ങാന്‍ നിര്‍ദേശിക്കുകയാണിപ്പോള്‍. രാജ്യത്തെങ്ങും വാക്‌സീന് ഒരു വില ഏര്‍പ്പെടുത്താന്‍ കേന്ദ്രത്തിന് ഉത്തരവാദിത്വമുണ്ടെന്നിരിക്കെ വില നിര്‍ണയാവകാശം കമ്പനികള്‍ക്ക് വിട്ടുകൊടുത്തതെന്തിനെന്നും കേന്ദ്രം നല്‍കുന്നതിനേക്കാളധികം വില സംസ്ഥാനം നല്‍കണമെന്നതിന്റെ യുക്തി എന്തെന്നും കോടതി ചോദിച്ചു.

വാക്‌സീന്‍ ലഭിക്കാന്‍ കൊവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന മാനദണ്ഡത്തെയും കോടതി വിമര്‍ശിച്ചു. “ഇന്ത്യ ഡിജിറ്റലായെന്നാണ് നിങ്ങള്‍ പറയുന്നത്. രാജ്യത്തിന്റെ താഴെത്തട്ടിലുള്ളവര്‍ക്കെവിടെ ഡിജിറ്റല്‍ സൗകര്യം? അവരെങ്ങനെ രജിസ്‌ട്രേഷന്‍ നടത്തും? ലോക്ക്ഡൗണ്‍ മൂലം ദുരിതത്തിലായി പലായനം ചെയ്ത കുടിയേറ്റത്തൊഴിലാളികള്‍ക്ക് എങ്ങനെ വാക്സീന്‍ നല്‍കും? സാധാരണ ജനങ്ങളുടെ ജീവിത രീതി മനസ്സിലാക്കാതെ ഇത്തരം മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലൂടെ ഡിജിറ്റല്‍ വിഭാഗീയത സൃഷ്ടിക്കുകയാണെന്നും കോടതി കുറ്റപ്പെടുത്തി.
കൊവിഡുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാറിന്റെ മിക്ക നടപടികളും വിവാദത്തിനും വിമര്‍ശത്തിനും വിധേയമായിട്ടുണ്ടെങ്കിലും വാക്‌സീന്റെ വിലനിര്‍ണയം കമ്പനികള്‍ക്കു വിട്ടുകൊടുത്ത നടപടിയിലാണ് കൂടുതല്‍ പഴി കേള്‍ക്കേണ്ടി വന്നത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും (കൊവി ഷീല്‍ഡ്) ഭാരത് ബയോടെക്കുമാണ് (കൊവാക്‌സീന്‍) ഇന്ത്യയില്‍ കൊവിഡ് വാക്‌സീന്‍ ഉത്പാദിപ്പിക്കുന്നത്. തുടക്കത്തില്‍ ഈ കമ്പനികളില്‍ നിന്ന് കേന്ദ്രം കുറഞ്ഞ വിലക്ക് (150 രൂപ) വാങ്ങി സംസ്ഥാനങ്ങള്‍ക്കു വിതരണം നടത്തുകയായിരുന്നു. മെയ് ഒന്ന് മുതല്‍ കേന്ദ്രം പുതിയ വാക്‌സീന്‍ നയം നടപ്പാക്കിയതോടെയാണ് സംസ്ഥാനങ്ങള്‍ ഉയര്‍ന്ന തുക നല്‍കേണ്ട സ്ഥിതിവിശേഷമുണ്ടായത്. ഇതനുസരിച്ച് കമ്പനികള്‍ ഉത്പാദിപ്പിക്കുന്ന വാക്‌സീനുകളില്‍ അമ്പത് ശതമാനം കേന്ദ്രം കുറഞ്ഞ വിലക്ക് (150 രൂപ) വാങ്ങും. സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും ആവശ്യമുള്ളത് കമ്പനി നിര്‍ണയിക്കുന്ന വിലക്ക് അവര്‍ നേരിട്ടു വാങ്ങിക്കൊള്ളണം. സംസ്ഥാന സര്‍ക്കാറുകള്‍ 400 രൂപക്കും സ്വകാര്യ ആശുപത്രികള്‍ 600 രൂപക്കുമാണ് മരുന്ന് വാങ്ങുന്നത്. ഇത്രയും കാലം ദേശീയ രോഗപ്രതിരോധ പദ്ധതിയുടെ ഭാഗമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴില്‍ നടന്നുവന്നിരുന്ന സൗജന്യ വാക്‌സീന്‍ വിതരണ പദ്ധതിയില്‍ നിന്ന് തലയൂരുകയായിരുന്നു ഇതുവഴി മോദി സര്‍ക്കാര്‍.

അതോടൊപ്പം കൊള്ള ലാഭമുണ്ടാക്കാനായി വില നിര്‍ണായവകാശം വാക്‌സീന്‍ നിര്‍മാതാക്കള്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്തു. ഈ കമ്പനികള്‍ക്ക് സര്‍ക്കാര്‍ നേരത്തേ വാക്‌സീന്‍ ഗവേഷണത്തിനുള്ള സാമ്പത്തിക സഹായവും ലോണുമെല്ലാം അനുവദിച്ചിരുന്നു. ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നാണ് ഇത് നല്‍കിയത്.
വാക്‌സീന്‍ ഉത്പാദകര്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നല്‍കുന്ന മരുന്നിനുള്ള വിലയില്‍ ഏകീകരണം ആവശ്യമാണെന്നത് പോലെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ണയിച്ച വിലയിലും ഏകീകരണം നടപ്പാക്കേണ്ടതുണ്ട്. ലോകത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഒരു ഡോസ് കൊവിഷീല്‍ഡ് വാക്‌സീന് രാജ്യത്തെ സ്വകാര്യ ആശുപത്രികള്‍ നല്‍കേണ്ടി വരുന്നത്. 600 രൂപ. അതേസമയം സഊദി അറേബ്യ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ബ്രസീല്‍ തുടങ്ങി വിദേശ രാജ്യങ്ങള്‍ക്ക് നല്‍കുന്നത് ഇതിലും കുറഞ്ഞ വിലക്കാണ്. സഊദി അറേബ്യക്കും ദക്ഷിണാഫ്രിക്കക്കും ഏകദേശം 400 രൂപക്കും ബംഗ്ലാദേശിന് 300 രൂപക്കും ബ്രസീലിന് 235 രൂപക്കുമാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്‌സീന്‍ നല്‍കുന്നത്. ബ്രസീലിനു നല്‍കുന്ന വിലയിലെങ്കിലും രാജ്യത്തെ സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കാനും ആശുപത്രികള്‍ അത് കൊള്ളലാഭമെടുക്കാതെ മിതമായ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യാനുമുള്ള നടപടികള്‍ ആവശ്യമാണ്. വാക്‌സീന്‍ 150 രൂപക്ക് വിറ്റാല്‍ തന്നെ ലാഭമാണെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉടമസ്ഥര്‍ നേരത്തേ വ്യക്തമാക്കിയതാണ്. “ഇത്രയും ലാഭം മതി. ഉയര്‍ന്ന ലാഭമാവശ്യമില്ല. രാജ്യത്തിന്റെ ആവശ്യം നിറവേറ്റുകയാണ് പ്രധാന”മെന്നും അവര്‍ പറഞ്ഞിരുന്നു. പിന്നീടവര്‍ നിലപാട് മാറ്റുകയും കൊള്ളലാഭത്തിലേക്ക് തിരിയുകയുമായിരുന്നു. ഇതനുവദിച്ചു കൂടാ. കോടതി, കേന്ദ്രത്തിനും സംസ്ഥാനത്തിനും കമ്പനി നിശ്ചയിച്ച വിലയിലെ അന്തരം മാത്രമാണ് നിരീക്ഷണത്തിനു വിധേയമാക്കിയത്. സ്വകാര്യ സ്ഥാപനങ്ങള്‍ക്കുള്ള വിലയിലെ അമിതത്വം പരിഹരിക്കുന്നതിനുള്ള നീക്കങ്ങളും കോടതിയുടെ ഭാഗത്ത് നിന്നുണ്ടാകേണ്ടതാണ്.

ഇന്ത്യയിലെ ആരോഗ്യ മേഖല അതിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ പ്രതിസന്ധിയെയാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. പരമപ്രധാനമായ ഒരു മനുഷ്യാവകാശമാണ് രാജ്യത്തെ പൗരന്മാരുടെ ആരോഗ്യം. ആരോഗ്യ മേഖലയിലെ വെല്ലുവിളികളെ നേരിടാന്‍ മറ്റാരേക്കാളും ബാധ്യത കേന്ദ്ര സര്‍ക്കാറിനാണ്. കുട്ടികള്‍ക്കുള്ള പ്രതിരോധ വാക്സീനുകള്‍ മുതല്‍ പോളിയോ നിര്‍മാര്‍ജനം വരെ പദ്ധതികള്‍ ഇതുവരെയും കേന്ദ്രം സ്വന്തം ഉത്തരവാദിത്വത്തില്‍ നിര്‍വഹിച്ചു വന്നതും ഇതടിസ്ഥാനത്തിലാണ്. ഈ ഗണത്തില്‍ പെട്ടതാണ് കൊവിഡ് വാക്‌സീനേഷനും. സര്‍ക്കാര്‍ ചെലവിലാണ് ലോകത്തെ മറ്റെല്ലാ രാജ്യങ്ങളും ഇത് നിര്‍വഹിച്ചു വരുന്നത്. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളെ സ്വകാര്യ കമ്പനികള്‍ക്ക് കൊള്ളലാഭം കൊയ്യാനും ചൂഷണത്തിനുമുള്ള അവസരമായി വിട്ടുകൊടുക്കാറില്ല ഒരു രാജ്യവും. നികുതിദായകരായ ജനസാമാന്യത്തോട് അല്‍പ്പമെങ്കിലും പ്രതിബദ്ധത ഉണ്ടെങ്കില്‍ അങ്ങനെ ചെയ്യാനുമാകില്ല.

Latest