Connect with us

Malappuram

കൊവിഡ് വാക്സിനുമായി ബന്ധപ്പെട്ട് ഭിന്നശേഷി വിഭാഗങ്ങളുടെ ആശങ്ക പരിഹരിക്കും; കേരള ഭിന്നശേഷി കമ്മീഷണര്‍

Published

|

Last Updated

മലപ്പുറം | കൊവിഡ് വാക്സിനുമായി ബന്ധപ്പെട്ട ഭിന്നശേഷി കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കുമെന്നു കേരള സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ എസ് എച്ച് പഞ്ചാപകേശന്‍ അറിയിച്ചു.
കൊവിഡ് വ്യാപനം ശക്തമായ രണ്ടാം തരംഗത്തില്‍ ഭിന്നശേഷി കുട്ടികളും അവരുടെ രക്ഷിതാക്കളും അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പത്ത് ആഴ്ച നീണ്ടുനില്‍ക്കുന്ന വെബിനാര്‍ സീരീസ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിങ്കളാഴ്ച ഉച്ചക്ക് 2 മണിക്ക് നടന്ന പരിപാടിയില്‍ “ഭിന്നശേഷി അവകാശ നിയമം 2016 കൊവിഡ് 19 ന്റെ സാഹചര്യത്തില്‍” എന്ന വിഷയത്തില്‍ ബോധവത്കരണവും ഭിന്നശേഷി വ്യക്തികളുടെ രക്ഷിതാക്കളുടെ സംശയങ്ങള്‍ക്കുള്ള മറുപടിയും അദ്ദേഹം നല്‍കി. മലപ്പുറം ആസ്ഥാനമായുള്ള മഅ്ദിന്‍ ഏബിള്‍ വേള്‍ഡ്, കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയത്തിനു കീഴില്‍ കോഴികോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോമ്പോസിറ്റ് റീജിയണല്‍ സെന്റര്‍ ഫോര്‍ പേഴ്സണ്‍സ് വിത്ത് ഡിസബിലിറ്റീസ്, ഇന്‍ക്ലൂസീവ് പാരന്റ്സ് അസോസിയേഷന്‍ എന്നിവ സംയുക്തമായാണ് വെബിനാര്‍ സീരീസ് നടത്തുന്നത്.

ഭിന്നശേഷി വ്യക്തികളുടെ നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കു കൃത്യമായ നടപടി എടുക്കുമെന്നും, ഭിന്നശേഷി വ്യക്തികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ അവരുടെ അവകാശങ്ങള്‍ എന്നിവയെക്കുറിച്ചു ഊര്‍ജിതമായ ബോധവത്കരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് കാലത്തു ഭിന്നശേഷി കുട്ടികള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും തെറാപ്പി രീതികളും പരിചയപ്പെടുത്തുന്ന ഓണ്‍ലൈന്‍ വീഡിയോ ലൈബ്രറിയുടെ പ്രകാശനവും പരിപാടിയുടെ ഭാഗമായി നടന്നു.

ചടങ്ങില്‍ നിപ്മെഡ് – ചെന്നൈ ഡയറക്ടര്‍ നചികേത റൗത് അധ്യക്ഷനായി. സി ആര്‍ സി – കേരള ഡയറക്ടര്‍ ഡോ. റോഷന്‍ ബിജ്‌ലി കെ എന്‍, ഇന്‍ക്ലൂസീവ് പാരന്‍സ് അസോസിയേഷന്‍ സ്റ്റേറ്റ് സെക്രട്ടറി അനില്‍ കുമാര്‍ സി പി, മഅ്ദിന്‍ ഏബിള്‍ വേള്‍ഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മുഹമ്മദ് അസ്‌റത്ത്, റീഹാബിലിറ്റേഷന്‍ ഓഫീസര്‍ ഗോപിരാജ് എന്നിവര്‍ സംസാരിച്ചു. തുടര്‍ ആഴ്ചകളില്‍ നടക്കുന്ന പരിപാടിയില്‍ വിവിധ മേഖലകളില്‍ പ്രഗത്ഭരായ ആളുകള്‍ ക്ലാസ് നയിക്കുമെന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭിന്നശേഷിക്കാരും രക്ഷിതാക്കളും പങ്കെടുക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

---- facebook comment plugin here -----

Latest