Connect with us

Kerala

വാക്‌സീന്‍ സൗജന്യമായി വേണമെന്ന ആവശ്യത്തില്‍ ഒന്നിച്ചു നില്‍ക്കണം; ബി ജെ പി ഇതര മുഖ്യമന്ത്രിമാര്‍ക്ക് പിണറായിയുടെ കത്ത്

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് വാക്‌സീന്‍ കേന്ദ്രം സൗജന്യമായി വിതരണം ചെയ്യണമെന്ന ആവശ്യം സംയുക്തമായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി ഇതര മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഢ്, ഒഡീഷ, പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ഡ്, ഡല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കാണ് കത്തയച്ചത്.

സംസ്ഥാനങ്ങള്‍ക്ക് വാക്‌സീന്‍ ലഭ്യമാക്കുന്ന ഉത്തരവാദിത്തത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഒഴിഞ്ഞുമാറുകയാണെന്ന് കത്തില്‍ പറയുന്നു. സംസ്ഥാനങ്ങള്‍ സ്വന്തം നിലയ്ക്ക് വാക്‌സീന്‍ കണ്ടെത്തണമെന്നതാണ് കേന്ദ്ര നിലപാട്. വളരെ കുറഞ്ഞ അളവില്‍ മാത്രമേ വാക്‌സീന്‍ ലഭിക്കുന്നുള്ളൂ. വിദേശ മരുന്ന് കമ്പനികള്‍ വാക്‌സീന്‍ ലഭ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാറുകളുമായി ധാരണയുണ്ടാക്കാന്‍ താത്പര്യമെടുക്കുന്നുമില്ല. ഈ സാഹചര്യത്തില്‍ എല്ലാ സംസ്ഥാനങ്ങളുടെയും വാക്‌സീന്‍ ആവശ്യകത കണക്കിലെടുത്ത് കേന്ദ്രം ഒരു ഗ്ലോബല്‍ ടെണ്ടര്‍ വിളിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നുവെന്ന കാര്യവും മുഖ്യമന്ത്രിക്കാര്‍ക്ക് അയച്ച കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

വാക്‌സീന്‍ ഉത്പാദിപ്പിക്കുന്ന കമ്പനികള്‍ വാക്‌സീന്‍ ലഭ്യതയുടെ ദൗര്‍ലഭ്യം കണക്കിലെടുത്ത് പരമാവധി ലാഭം കൊയ്യാനാണ് ശ്രമിക്കുന്നത്. വാക്‌സീന്‍ ഉത്പാദിപ്പിക്കാന്‍ കഴിവുള്ള നിരവധി പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ ഉണ്ട്. പൊതുനന്മയ്ക്കായി ലഭ്യമാക്കേണ്ട വാക്‌സീന്റെ നിര്‍മ്മാണത്തിന് ബൗദ്ധിക സ്വത്തവകാശമോ പേറ്റന്റ് നിയമങ്ങളോ ഉടമ്പടികളോ തടസ്സമാകുന്നില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുവരുത്തണം. നിര്‍ബന്ധിത ലൈസന്‍സിംഗ് ഉള്‍പ്പെടെയുള്ള സാധ്യതകള്‍ കേന്ദ്ര സര്‍ക്കാര്‍ തേടണം.

വാക്‌സീന്‍ സംഭരിക്കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാനങ്ങളെ ഏല്‍പ്പിച്ചാല്‍, സംസ്ഥാനങ്ങളുടെ സാമ്പത്തിക നില പരുങ്ങലിലാകും. ഇന്ത്യയിലെ ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുക എന്നത് പ്രധാനമാണ്. അതിന് വെല്ലുവിളി ഉണ്ടാകുന്നത് നമ്മുടെ ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുകയും ജനാധിപത്യത്തിനു തന്നെ ദോഷകരമാവുകയും ചെയ്യും. ഈ സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ അത്രയും വാക്‌സീന്‍ കേന്ദ്രം നേരിട്ട് സംഭരിച്ച് സൗജന്യമായി വിതരണം ചെയ്യണം.-കത്തില്‍ ആവശ്യപ്പെട്ടു.