Connect with us

Malappuram

കൊവിഡ് വാക്സിൻ വിതരണം: മലപ്പുറം ജില്ലയോട് നീതി കാണിക്കണം - കേരള മുസ്ലിം ജമാഅത്ത്

Published

|

Last Updated

മലപ്പുറം | ഏറ്റവും കൂടുതൽ ആളുകളും കൊവിഡ് രോഗികളുമുള്ള മലപ്പുറം ജില്ലക്ക് ജനസംഖ്യാനുപാതികമായി വാക്സിൻ ലഭ്യമാക്കി ജില്ലയിലെ ജനങ്ങളോട് നീതീ പാലിക്കാൻ അടിയന്തര നടപടികൾ വേണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. 42,72,090 ആളുകളുള്ള ജില്ലയിൽ ഇതേവരെ ഒന്നും രണ്ടും ഡോസ് വാക്സിൻ നൽകിയത് കേവലം 16 ശതമാന മായ 6,65,279 ആളുകൾക്ക് മാത്രമാണ്.

ജില്ലയേക്കാൾ ജനസംഖ്യ കുറഞ്ഞ തിരുവനന്തപുരത്ത് ഇത് 30തും കൊല്ലത്ത് 25 ഉം പത്തനംതിട്ടയിൽ 42 ഉം കോട്ടയത്ത് 27 ഉം ശതമാനമാണ്. മലപ്പുറം ഒഴികെയുള്ള മുഴുവൻ ജില്ലകളിലും വാക്സിൻ വിതരണം വളരെ മുന്നിലാണ്. പ്രവാസികൾ കൂടുതലുള്ളതും ഗിരിവർഗ്ഗക്കാരുൾപ്പെടെയുള്ള ജനങ്ങൾ താമസിക്കുന്നതുമായ ജില്ലയിൽ ആനുപാതികമായ വാക്സിൻ വിതരണ കേന്ദ്രങ്ങളോ മറ്റ് സൗകര്യങ്ങളോ ഏർപ്പെടുത്തിയിട്ടില്ല എന്നത് ഖേദകരവും പ്രതിഷേധാർഹവുമാണ്.

ആരോഗ്യരംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനാവശ്യമായ ഇടപെടൽ നടത്താൻ കലക്ടറും ജില്ല പഞ്ചായത്തധികൃതരും മറ്റു ജനപ്രതിനിധികളും അടിയന്തിരമായി ഇടപെടണമെന്ന് കമ്മിറ്റി അഭ്യർത്ഥിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്കും കായിക ക്ഷേമ വകുപ്പ് മന്ത്രിക്കും കലക്ടർക്കും മറ്റു ജനപ്രതിനിധികൾക്കും ജില്ലാ കമ്മിറ്റി നിവേദനം നൽകി.

ഓൺലൈനായി നടന്ന യോഗത്തിൽ കൂറ്റമ്പാറ അബ്ദു റഹ് മാൻ ദാരിമി അധ്യക്ഷത വഹിച്ചു. പി എം മുസ്തഫ മാസ്റ്റര്‍, എം.എന്‍ കുഞ്ഞഹമ്മദ് ഹാജി, സയ്യിദ് കെ.കെ എസ് തങ്ങൾ, സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി, വടശ്ശേരി ഹസന്‍ മുസ്ലിയാര്‍, സി.കെ.യു മൗലവി, പി.എസ് കെ ദാരിമി, യൂസ്ഫ് ബാഖവി മാറഞ്ചേരി,പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍, ഊരകം അബ്ദു റഹ്മാൻ സഖാഫി, പി.കെ. ബശീര്‍ ഹാജി, അലവിക്കുട്ടി ഫൈസി എടക്കര, മുഹമ്മദ് ഹാജി മുന്നിയൂര്‍, കെ.പി. ജമാല്‍ കരുളായി, എ. അലിയാര്‍ കക്കാട് സംബന്ധിച്ചു.

---- facebook comment plugin here -----

Latest