National
കൊവിഡ് കാരണം അനാഥരായ കുട്ടികളെ സംരക്ഷിക്കാന്‍ നടപടി വേണം; സംസ്ഥാനങ്ങളോട് സുപ്രീം കോടതി

ന്യൂഡല്‍ഹി | കൊവിഡ് കാരണം മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളെ സംരക്ഷിക്കാന്‍ എല്ലാ സംസ്ഥാനങ്ങളും നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി. 2020 മാര്‍ച്ചിന് ശേഷം അനാഥരായ കുട്ടികളുടെ വിവരങ്ങള്‍ ജില്ലാ ഭരണകൂടം നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ രാജ്യത്തെ ശിശു സംരക്ഷണ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് കോടതി നിര്‍ദേശം. കേസ് അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
2021 ഏപ്രില്‍ ഒന്ന് മുതല്‍ മെയ് 25 വരെയുള്ള കണക്കുകള്‍ പ്രകാരം കൊവിഡ് മൂലം വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 577 കുട്ടികളാണ് അനാഥരായതെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി പറഞ്ഞിരുന്നു. കൊവിഡ് കാരണം അനാഥരായ കുട്ടികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി.
കൊവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികളെ സംരക്ഷിക്കുമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. ഇത്തരത്തില്‍ ഒമ്പത് കുട്ടികളാണ് കേരളത്തിലുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. കൊവിഡ് മാതാപിതാക്കളെ നഷ്ടപ്പെടുത്തിയ 18 വയസ്സിന് താഴെയുളള കുട്ടികള്‍ക്ക് ഒറ്റത്തവണയായി മൂന്ന് ലക്ഷം രൂപയും 18 വയസ്സ് വരെ പ്രതിമാസം രണ്ടായിരം രൂപയും, ബിരുദ തലം വരെയുള്ള വിദ്യാഭ്യാസവും ഏറ്റെടുക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.