Connect with us

Articles

കണ്ണീര്‍ മഹാമാരിയെ പ്രതിരോധിക്കില്ല

Published

|

Last Updated

പല രാജ്യങ്ങളും കൊവിഡ് മഹാമാരിയുടെ പിടിയില്‍ നിന്ന് ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. അതിനുള്ള കരുതിക്കൂട്ടിയുള്ള ശ്രമങ്ങളിലാണ് ബഹുഭൂരിപക്ഷം രാജ്യങ്ങളും ഏര്‍പ്പെട്ടിരിക്കുന്നത്. ഫലപ്രദമായ വാക്‌സീനേഷന്‍, മികച്ച ചികിത്സാ സംവിധാനങ്ങള്‍ എന്നതൊക്കെയാണ് ശരിയായ രോഗപ്രതിരോധ നടപടി. നിര്‍ഭാഗ്യവശാല്‍ നമ്മുടെ രാജ്യമടക്കമുള്ള ചില രാഷ്ട്രങ്ങില്‍ രോഗപ്രതിരോധ നടപടികള്‍ വിജയകരമായി നടത്താന്‍ നാളിതുവരെ സാധിച്ചിട്ടില്ല.

ഏറ്റവും ഒടുവില്‍ വന്ന കണക്കുകളനുസരിച്ച് ദിനംപ്രതി ഈ രോഗം മൂലം മരണമടയുന്നവരുടെ സംഖ്യയില്‍ ഒന്നാമത് നമ്മുടെ രാജ്യമാണ്. ഇന്ത്യയേക്കാള്‍ മുന്നിട്ടുനിന്നിരുന്ന അമേരിക്കയെയും ബ്രസീലിനെയുമെല്ലാം ഇപ്പോള്‍ നാം കടത്തിവെട്ടിയിരിക്കുന്നു. ഓക്‌സിജന്റെ ദൗര്‍ലഭ്യം മൂലം നൂറുകണക്കിന് ആളുകളാണ് തലസ്ഥാന നഗരിയായ ഡല്‍ഹിയിലടക്കം വിവിധ സംസ്ഥാനങ്ങളില്‍ പിടഞ്ഞുമരിച്ചത്. ഇന്നത്തെ ലോക സാഹചര്യത്തില്‍ ഇത്തരം മരണങ്ങളെ ഒരു രാഷ്ട്രത്തിനും നീതീകരിക്കാന്‍ കഴിയുകയില്ല. ജനങ്ങള്‍ക്ക് ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തിക്കൊടുക്കേണ്ട പ്രാഥമിക കടമയില്‍ നിന്ന് ഒളിച്ചോടുന്ന സര്‍ക്കാറുകള്‍ നിലവിലുള്ള രാജ്യങ്ങളില്‍ മാത്രമേ ഇത്തരം കൂട്ടമരണങ്ങള്‍ സംഭവിക്കുകയുള്ളൂ.
ഓക്‌സിജന്‍ സിലിന്‍ഡറുകള്‍ ആശുപത്രികളില്‍ എത്തിക്കുന്ന കാര്യത്തില്‍ കാട്ടിയ ഗുരുതരമായ അലംഭാവവും വിവിധ ആശുപത്രികളിലെ വെന്റിലേറ്റര്‍ ദൗര്‍ലഭ്യവും കൊവിഡ് രോഗികളുടെ കൂട്ടമരണങ്ങള്‍ക്ക് വിവിധ സംസ്ഥാനങ്ങളില്‍ ഇടയാക്കിയിട്ടുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രമല്ല കര്‍ണാടകം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും ഓക്‌സിജന്‍ ദൗര്‍ലഭ്യവും വെന്റിലേറ്ററിന്റെ അഭാവവും വ്യാപകമായി അനുഭവപ്പെടുന്നുണ്ട്.

എല്ലാ രാജ്യങ്ങളിലും കൊവിഡ് മഹാമാരിയെ ചെറുക്കാന്‍ ഫലപ്രദമായ വാക്‌സീനേഷനാണ് നടന്നുകൊണ്ടിരിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം വാക്‌സീനേഷന്‍ ദൗര്‍ലഭ്യമാണ് ഏറ്റവും വലിയ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുന്നത്. ഈ മഹാരോഗം പടര്‍ന്നുപിടിച്ച് ഏതാണ്ട് ഒന്നേകാല്‍ വര്‍ഷം കടന്നുപോയി. രാജ്യത്ത് ആദ്യം ഉത്പാദിപ്പിച്ച വാക്‌സീനില്‍ ഭൂരിപക്ഷവും അമേരിക്കയടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയാണ് ഭരണാധികാരികള്‍ ചെയ്തത്. കൊവിഡിന്റെ രണ്ടാം വരവില്‍ വാക്‌സീനേഷന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ ഇപ്പോള്‍ പകച്ചുനില്‍ക്കുകയാണ്. സാര്‍വത്രികവും സൗജന്യവുമായ വാക്‌സീനേഷനെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഇപ്പോള്‍ കടലാസില്‍ മാത്രം അവശേഷിച്ചിരിക്കുന്നു. 18 വയസ്സിനും 45 വയസ്സിനും ഇടയിലുള്ളവര്‍ക്ക് സംസ്ഥാനങ്ങള്‍ വാക്‌സീന്‍ വിലക്ക് വാങ്ങി വാക്‌സീനേഷന്‍ ക്യാമ്പയിന്‍ പൂര്‍ത്തിയാക്കണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.

കേന്ദ്ര സര്‍ക്കാറിന്റെ നിരുത്തരവാദപരവും ജനവിരുദ്ധവുമായ നിലപാടുമൂലം കൊവിഡ് മഹാമാരി അക്ഷരാര്‍ഥത്തില്‍ നമ്മുടെ രാജ്യത്തെ ജനങ്ങളെ ഭയചകിതരാക്കി മാറ്റിയിരിക്കുകയാണ്. ഈ മഹാമാരിയുടെ ഇരകളായ ഉറ്റവരുടെ ദയനീയമായ അന്ത്യം കാണേണ്ട ഗതികേടാണ് ജനങ്ങള്‍ക്ക് വന്നുചേര്‍ന്നിരിക്കുന്നത്. കൊവിഡ് മഹാമാരിയെ ചെറുക്കുന്നതില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റായ നയവൈകല്യങ്ങള്‍ തിരുത്തുന്നതിന് പകരം പ്രസംഗങ്ങളും വിലാപങ്ങളുമായി പ്രധാനമന്ത്രി ഇപ്പോഴും മുന്നോട്ടു പോകുന്നു. കൊവിഡ് മഹാമാരി പ്രിയപ്പെട്ടവരെ പലരെയും കൊണ്ടുപോയെന്നും അവര്‍ക്ക് ശ്രദ്ധാജ്ഞലി അര്‍പ്പിക്കുന്നവെന്നും പറഞ്ഞപ്പോഴാണ് മോദിയുടെ സ്വരം ഇടറുകയും കണ്ണുകള്‍ നിറയുകയും ചെയ്തത്. സ്വന്തം മണ്ഡലമായ വാരാണസിയിലെ ആരോഗ്യ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കൊവിഡ് രണ്ടാം തരംഗത്തില്‍ നമ്മള്‍ ഒരേസമയം വിവിധ തലങ്ങളിലുള്ള യുദ്ധത്തില്‍ ഏര്‍പ്പെടേണ്ടിവരും. അലംഭാവത്തിനുള്ള സമയമല്ലിത്. നീണ്ട പോരാട്ടമാണ് മുന്നിലുള്ളത്- മോദിയുടെ വാക്കുകളാണിത്. എന്ത് പോരാട്ടമാണ് താനും കേന്ദ്ര സര്‍ക്കാറും കൊവിഡിനെതിരെ നടത്തിയതെന്ന് ഈ പ്രധാനമന്ത്രിക്ക് ജനങ്ങളോട് ഒരിക്കല്‍ തുറന്നുപറയേണ്ടിവരും.

ഇന്ന് രാജ്യം നേരിടുന്ന മൗലികമായ പ്രശ്‌നം കൊവിഡാണ്, അതിന്റെ തീരാത്ത ദുരിതങ്ങളാണ്. ഈ മഹാമാരിയില്‍ നിന്ന് രാജ്യത്തെ കോടാനുകോടി ജനങ്ങളെ രക്ഷപ്പെടുത്തുക എന്നതാകണം ഭരണകൂടത്തിന്റെ താത്പര്യം. യുദ്ധകാലാടിസ്ഥാനത്തിലുള്ള വിപുലമായ പദ്ധതികളാണ് ഇതിന് വേണ്ടത്. ആയിരക്കണക്കിന് കൊവിഡ് ആശുപത്രികളും ആവശ്യമായ ഓക്‌സിജന്‍ സിലിന്‍ഡറുകളും മരുന്നുകളും ലഭ്യമാക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കുകയും മതിയായ വേതനവും സേവന വ്യവസ്ഥകളും നടപ്പാക്കുകയും വേണം. സാര്‍വത്രികമായ വാക്‌സീനേഷന്‍ പ്രധാനപ്പെട്ട കാര്യമാണ്. വാക്‌സീനെടുക്കാന്‍ പാവപ്പെട്ട ജനത മൂന്നും നാലും ദിവസം നീണ്ട ക്യൂവില്‍ നില്‍ക്കേണ്ട സ്ഥിതിയാണ് രാജ്യത്തെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലുമുള്ളത്.
ചികിത്സാ സൗകര്യത്തിലെ കുറവും ചികിത്സയുടെ ഏറിയ ചെലവുമാണ് സാധാരണക്കാരായ കൊവിഡ് രോഗികകളുടെ മരണം ഗണ്യമായി കൂടുന്നതിന്റെ കാരണം. ആശുപത്രികളില്‍ പല രോഗികളും പോകുന്നില്ല.

സര്‍ക്കാറിന്റെ പുതിയ പോളിസിയും ഇതിന് അനുകൂലമാണ്. മതിയായ ചികിത്സ ലഭിക്കാതെ പിടഞ്ഞുമരിക്കുന്ന കൊവിഡ് രോഗികളായ പതിനായിരങ്ങളെ സംബന്ധിച്ച് വിശദീകരിക്കാനാണ് നമ്മുടെ ഭരണാധികാരികള്‍ സമയം ചെലവഴിക്കേണ്ടത്, കണ്ണീര്‍ വാര്‍ക്കാനല്ല. കാരണം വികാരാധീനനായതുകൊണ്ടോ വിതുമ്പിയത് കൊണ്ടോ ഈ മഹാമാരിയെ ചെറുത്തുനില്‍ക്കാന്‍ ആകില്ലല്ലോ. അല്ലെങ്കിലും ഈ വിതുമ്പലിന് യാതൊരു ആത്മാര്‍ഥതയുമില്ലെന്ന് രാജ്യത്തെ ജനങ്ങള്‍ക്കറിയാം. ഭീകരമായ ഈ രണ്ടാം കൊവിഡ് തരംഗത്തില്‍ യാതൊരു സാമ്പത്തിക സഹായവും രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കുന്നതിനെ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഒന്നും മിണ്ടിയിട്ടില്ല ഇതുവരെയും. വിതുമ്പലവസാനിപ്പിച്ച് രാജ്യത്തെ ജനങ്ങള്‍ക്ക് കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നല്ലൊരു സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാന്‍ കേന്ദ്രം മുന്നോട്ടുവരട്ടെ. ഈ വൈകിയ വേളയിലെങ്കിലും തയ്യാറാകേണ്ടത് അതിനായിരിക്കണം.

കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം. ഫോൺ നമ്പർ : 9847132428

---- facebook comment plugin here -----

Latest