Connect with us

International

പാക്കിസ്ഥാനില്‍ മറ്റൊരു പ്രമുഖ മാധ്യമപ്രവര്‍ത്തകന് കൂടി മര്‍ദനം; പിന്നില്‍ ഐഎസ്‌ഐ എന്ന് ആരോപണം

Published

|

Last Updated

ഇസ്ലാമാബാദ്  | പാക്കിസ്ഥാനില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകനെ അജ്ഞാതരായ മൂന്ന് പേര്‍ ചേര്‍ന്ന് മാരകമായി മര്‍ദിച്ച് പരുക്കേല്‍പ്പിച്ചു. മാധ്യമപ്രവര്‍ത്തകനായ അസദ് അലി ടൂറിനെയാണ് ഇസ്ലാമാബാദിലെ അപ്പാര്‍ട്ട്‌മെന്റില്‍ അതിക്രമിച്ചെത്തിയ മൂന്ന് പേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം. തോക്കുമായി എത്തിയ പ്രതികളെ കണ്ട് ടൂര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ വെടിവെച്ച് കൊല്ലുമെന്ന് അക്രമികള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൂവരും ചേര്‍ന്ന് മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിന് പിന്നില്‍ പാക്ക് സൈന്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്‌ഐയാണെന്ന് ടൂര്‍ ആരോപിച്ചു.

അതേ സമയം ആരോപണത്തോട് സൈനിക വക്താക്കള്‍ പ്രതികരിച്ചില്ല. തന്റെ വരുമാന ഉറവിടം സംബന്ധിച്ചും ചോദ്യങ്ങളുയര്‍ത്തിയ ശേഷം പാക്കിസ്ഥാനെ പുകഴ്ത്തി മുദ്രാവാക്യം വിളിക്കാനും ആവശ്യപ്പെട്ടായിരുന്നു മര്‍ദനമെന്നും ടൂര്‍ പറഞ്ഞു. അതേ സമയം ആക്രമണം സ്ഥിരീകരിച്ച പോലീസ് വക്താവ് സിയ ബജ് വ ഇത് സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണെന്നും പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്ന രാജ്യങ്ങളില്‍ 180ല്‍ 145 റാങ്കിലാണ് പാക്കിസ്ഥാന്‍. ടൂറിനെതിരായ ആക്രമണത്തെ മാധ്യമങ്ങള്‍ക്കെതിരായ അതിക്രമമായാണ് വിലയിരുത്തപ്പെടുന്നത്. 2020 ജുലൈയില്‍ പാക്കിസ്ഥാനില്‍ മറ്റൊരു മാധ്യമപ്രവര്‍ത്തകനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചിരുന്നു. ഇത് സംബന്ധിച്ച് യാതൊരു നിയമനടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.

Latest