Connect with us

Articles

#സേവ് ലക്ഷദ്വീപ്‌

Published

|

Last Updated

ആകെയൊരു എം പി സ്ഥാനം. പിന്നെ പ്രാദേശിക ഭരണകൂടങ്ങളും. ലക്ഷദ്വീപിലെ ജനാധിപത്യ സംവിധാനങ്ങള്‍ അവിടെ തീരും. നിയമസഭയില്ല. ഭരണാധികാരം ഏതാണ്ട് പൂര്‍ണമായും അഡ്മിനിസ്‌ട്രേറ്ററില്‍ നിക്ഷിപ്തം. അഡ്മിനിസ്‌ട്രേറ്റര്‍ പ്രവര്‍ത്തിക്കുന്നതാകട്ടെ കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചും. ആകെയുള്ള 36 ദ്വീപില്‍ ജനവാസമുള്ളത് പത്തെണ്ണത്തില്‍ മാത്രം. ജനസംഖ്യയാകട്ടെ ഏതാണ്ട് അറുപത്തയ്യായിരവും. ഈ ജനതക്ക് വേണ്ടിയൊരു നിയമസഭയുണ്ടാകുമെന്നോ ദ്വീപ് നിവാസികള്‍ തിരഞ്ഞെടുക്കുന്ന സര്‍ക്കാര്‍ അവരെ ഭരിക്കുമെന്നോ പ്രതീക്ഷിക്ക വയ്യ. അതായത്, ദ്വീപില്‍ ജനാധിപത്യ രീതിയിലൂടെ അധികാരം പിടിക്കുക എന്നത് അവിടുത്തെ പ്രാദേശിക സര്‍ക്കാറുകളുടെ കാര്യത്തില്‍ മാത്രമാണ്. അതിനപ്പുറത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള ഏക ലക്ഷ്യം എം പി സ്ഥാനം മാത്രമാണ്. ജനസംഖ്യയില്‍ ഏതാണ്ട് 96 ശതമാനം മുസ്‌ലിംകളായതുകൊണ്ട് സംഘ്പരിവാരത്തിന് വേരോട്ടമുണ്ടാകുകയോ ബി ജെ പി തിരഞ്ഞെടുപ്പില്‍ വിജയിക്കുകയോ ചെയ്യുക എന്നത് പ്രയാസം.

അങ്ങനെയുള്ളൊരിടത്ത്, ഗുജറാത്തില്‍ നരേന്ദ്ര മോദി മന്ത്രിസഭയില്‍ അംഗമായിരുന്ന പ്രഫുല്‍ പട്ടേല്‍ അഡ്മിനിസ്‌ട്രേറ്ററായി എത്തിയ ശേഷം നടക്കുന്ന സംഗതികള്‍ അത്ഭുതത്തിനും കൗതുകത്തിനുമപ്പുറത്ത് ഒരു ജനതക്ക് അവരുടെ സ്വന്തം ദേശത്തെ തുടര്‍വാസത്തെക്കുറിച്ചുള്ള സംശയങ്ങള്‍ ഉയര്‍ത്തുന്നതാണ്. ഏതാണ്ടെല്ലാ ദ്വീപുകളിലെയും നിവാസികളെ പോലെ മത്സ്യബന്ധനം തന്നെയാണ് ഇവിടുത്തുകാരുടെയും മുഖ്യ ഉപജീവനോപാധി. വിനോദ സഞ്ചാര സാധ്യതകളും നിബന്ധനകള്‍ക്ക് വിധേയമായി വിനിയോഗിക്കപ്പെടുന്നു. മുഖ്യ വിള നാളികേരമാണ്. പച്ചക്കറിയും പഴവുമൊക്കെ കൃഷി ചെയ്യപ്പെടുന്നത് അത്ര സാധാരണമല്ല. വിദ്യാഭ്യാസം, ആരോഗ്യം, വൈദ്യുതി തുടങ്ങി ഏതാണ്ടെല്ലാ മേഖലകളിലും പരിമിതമായ സൗകര്യങ്ങള്‍ മാത്രം. അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യത്തില്‍ കേരളത്തിലെ ഏതെങ്കിലുമൊരു മുനിസിപ്പല്‍ പ്രദേശവുമായി മാത്രമേ താരതമ്യമുള്ളൂ. ജനസംഖ്യയുടെ കാര്യത്തില്‍ അതുപോലുമില്ല.

ക്രമസമാധാന പ്രശ്‌നങ്ങളും കുറ്റകൃത്യങ്ങളും തുലോം കുറവ്. അതുകൊണ്ടുതന്നെ പോലീസിംഗും നീതിനിര്‍വഹണവും വലിയ പ്രാധാന്യമുള്ള സംഗതിയായി മാറിയിട്ടില്ല. വീടുകളടക്കാതെ ആളുകള്‍ ഉറങ്ങാന്‍ പോകുന്ന പ്രദേശമെന്ന് ചെറിയൊരു അതിശയോക്തിയുമുണ്ട് ലക്ഷദ്വീപിനെ സംബന്ധിച്ച്. അവിടെ അഡ്മിനിസ്‌ട്രേറ്ററായി എത്തിയ പ്രഫുല്‍ പട്ടേല്‍ ആദ്യം ശ്രമിച്ചത് ഗുണ്ടാ നിയമം കൊണ്ടുവരാനാണ്. അഡ്മിനിസ്‌ട്രേറ്റര്‍ തയ്യാറാക്കിയ നിയമത്തിന്റെ കരട്, കേന്ദ്ര സര്‍ക്കാറിന്റെ അംഗീകാരം കാത്തുകിടക്കുന്നു. പൊതുവില്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞ ഒരു പ്രദേശത്ത് എന്തിന് ഗുണ്ടാ നിയമമെന്ന് ചോദിച്ചാല്‍, അഡ്മിനിസ്‌ട്രേറ്റര്‍ തുടര്‍ന്നെടുത്ത തീരുമാനങ്ങള്‍ ഉത്തരം നല്‍കും. തീര സംരക്ഷണത്തിന്റെ പേരില്‍ ദ്വീപ് വാസികളുടെ മുഖ്യ ഉപജീവന മാര്‍ഗമായ മത്സ്യ ബന്ധനത്തെ തടയാന്‍ പാകത്തിലുള്ള നടപടികള്‍, സ്മാര്‍ട്ട് സിറ്റി കൊണ്ടുവരാനെന്ന പേരില്‍ നിര്‍ബന്ധിത കുടിയൊഴിപ്പിക്കലുകളും വീടുകള്‍ ഇടിച്ചുനിരത്തലും, വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെ താത്കാലിക ജീവനക്കാരുടെ പിരിച്ചുവിടല്‍ അങ്ങനെ പലത്. ഇതിലൊക്കെ പ്രതിഷേധമുയര്‍ന്നാല്‍, അതൊക്കെ നേരിടാന്‍ നിലവിലുള്ള നിയമങ്ങള്‍ക്കൊപ്പം ഗുണ്ടാ നിയമം കൂടി എന്നാകണം ഉദ്ദേശിച്ചിട്ടുണ്ടാകുക.
ഇതിനൊക്കെ പുറമെയാണ് ദ്വീപ് വാസികളുടെ ഭക്ഷണശീലത്തില്‍ നടത്തിയ കൈകടത്തല്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ പട്ടികയില്‍ നിന്ന് മാട്ടിറച്ചി നീക്കം ചെയ്തു. ഗോവധ നിരോധനം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. ദ്വീപിലെ എല്ലാ ഫാമുകളും പൂട്ടാനും തീരുമാനിച്ചിട്ടുണ്ടത്രെ. പാല്‍ വിതരണത്തിന് ഇതോടെ മറ്റാരെങ്കിലും വരും. പാലുത്പന്നങ്ങളുടെ ഉത്പാദനവും വിതരണവും ദ്വീപ് നിവാസികളുടെ ചുമതലയല്ലാതെയായി മാറുകയും ചെയ്യും. എന്തിനാണ് ഇങ്ങനെയൊക്കെ എന്ന് ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേയുള്ളൂ. ദ്വീപ് നിവാസികള്‍ കാലങ്ങളായി ചെയ്തുവരുന്ന തൊഴിലുകളില്‍ നിന്നൊക്കെ അവരെ പതുക്കെ ഒഴിവാക്കുക. അവരുടെ ഭക്ഷണ ശീലങ്ങളും മാറ്റുക. അതോടെ ദ്വീപില്‍ തുടരുക എന്നത് സാമാന്യം പോലെ പ്രയാസമായിത്തീരും. ബുദ്ധിമുട്ടുകള്‍ സഹിച്ച് തുടരാന്‍ പഴയ തലമുറ തീരുമാനിച്ചാലും പുതിയ തലമുറ അതിന് തയ്യാറായിക്കൊള്ളണമെന്നില്ല. അങ്ങനെ നിലവിലുള്ള നിവാസികളില്‍ വലിയൊരളവിനെ സ്വന്തം നാട്ടില്‍ നിന്ന് പുറന്തള്ളുക എന്നതാണ് പ്രഫുല്‍ പട്ടേലിന്റെ ആദ്യത്തെ ദൗത്യമെന്ന് തോന്നുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ഇപ്പോള്‍ തന്നെ യുവാക്കളെ ദ്വീപിന് പുറത്തേക്ക് നയിക്കുന്നുണ്ട്. അതിനൊപ്പം ലഭ്യമായ സൗകര്യങ്ങള്‍ കൂടി ഇല്ലാതായാല്‍, പുറമേക്കുള്ള ഒഴുക്കിന് വേഗം കൂടും.

ആള്‍താമസമില്ലാത്ത ദ്വീപുകളില്‍ വിനോദ സഞ്ചാരികള്‍ക്കായി ആരംഭിച്ച റിസോര്‍ട്ടുകളില്‍ മാത്രമേ ഇതുവരെ മദ്യം അനുവദിച്ചിരുന്നുള്ളൂ. ഇപ്പോള്‍ ആള്‍താമസമുള്ള ദ്വീപുകളിലെ റിസോര്‍ട്ടുകളിലും മദ്യം വിളമ്പാന്‍ അനുവാദം നല്‍കിയിരിക്കുന്നു അഡ്മിനിസ്‌ട്രേറ്റര്‍. അതായത് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുകയാണ് ഉദ്ദേശ്യം. നിലവില്‍ വിനോദ സഞ്ചാരിയായി പോകണമെങ്കില്‍ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ എന്‍ ഒ സി ആവശ്യമാണ്. മെയിന്‍ ലാന്‍ഡില്‍ നിന്ന് നിയന്ത്രണമില്ലാതെ ആളുകളെത്തിയാല്‍ ദ്വീപ് സമൂഹത്തിലെ ആവാസ വ്യവസ്ഥയെയും ജനജീവിതത്തെയും വലിയ തോതില്‍ ബാധിക്കുമെന്നതുകൊണ്ടാണ് ഇത്തരമൊരു വ്യവസ്ഥ. ഈ നിയന്ത്രണം വൈകാതെ നീക്കുമെന്ന് തന്നെ കരുതണം. അതോടെ ദ്വീപിലേക്കുള്ള കുടിയേറ്റത്തിനും വഴിതുറന്നേക്കാം. അതായത് നിലവിലുള്ളവരെ കുടിയൊഴിപ്പിച്ച്, പുറമെ നിന്നുള്ളവരെ കുടിയേറ്റുക എന്ന, അല്‍പ്പം കടത്തിപ്പറഞ്ഞാലൊരു ഇസ്‌റാഈല്‍ തന്ത്രമാണ് പ്രഫുല്‍ പട്ടേലിലൂടെ സംഘ്പരിവാരം നടപ്പാക്കാന്‍ ശ്രമിക്കുന്നത് എന്ന് സംശയിക്കണം.

നിലവിലുള്ള തൊഴിലവസരങ്ങള്‍ കുറഞ്ഞാല്‍, ദ്വീപ് നിവാസികള്‍ക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ മറ്റ് മാര്‍ഗങ്ങള്‍ വേണം. അതിലേറ്റം പ്രധാനം വിനോദ സഞ്ചാരവും അതിന് പാകത്തിലുള്ള അടിസ്ഥാന സൗകര്യ വികസനവുമാണ്. ആഭ്യന്തര – വിദേശ വിനോദ സഞ്ചാരികളുടെ പ്രവാഹമുണ്ടാകുമ്പോള്‍, അതിനനുസരിച്ച് ഇതര സൗകര്യങ്ങളുണ്ടാകേണ്ടിവരും. മനുഷ്യ വാസമുള്ളതും ഇല്ലാത്തതുമായ ദ്വീപുകളില്‍ വേണ്ട സൗകര്യമൊരുക്കാന്‍ വന്‍കിട കമ്പനികള്‍ രംഗപ്രവേശം ചെയ്യാന്‍ വലിയ താമസമുണ്ടാകില്ല. അത് അംബാനിയോ അദാനിയോ ഒക്കെയാകാം.

ലക്ഷദ്വീപ് മനുഷ്യരുടേത് മാത്രമല്ല. അതിവിശിഷ്ടമായ കടല്‍ ജീവികളടക്കമുള്ള ജീവജാലങ്ങളുടേത് കൂടിയാണ്. അതിന്റെ പ്രാധാന്യം മനസ്സിലാക്കിയാണ് ദ്വീപ് വാസികള്‍ ജീവിതം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആ സമ്പത്ത് കൂടി ചൂഷണം ചെയ്ത് കൂടുതല്‍ ചീര്‍ക്കണമെന്ന് ആഗ്രഹിക്കുന്ന കമ്പനികള്‍ വേറെയുമുണ്ടാകാം. അവര്‍ക്ക് കൂടി ഇടം കണ്ടെത്തുക എന്നത് അഡ്മിനിസ്‌ട്രേറ്ററുടെ അവതാരോദ്ദേശ്യങ്ങളിലുണ്ടെന്നും സംശയിക്കണം.

2002ലെ ഗുജറാത്ത് വംശഹത്യ, അവിടുത്തെ ജനങ്ങളെ പ്രത്യേകിച്ച് ന്യൂനപക്ഷമായ മുസ്‌ലിംകളെ ഭീതിയുടെ തടവറയിലടക്കുക കൂടിയാണ് ചെയ്തത്. തങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍പ്പോലും ജനാധിപത്യാവകാശം സ്വതന്ത്രമായി വിനിയോഗിക്കാന്‍ സാധിക്കാത്ത വിധത്തില്‍. അതിന് ഈ കഴിഞ്ഞ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പോലും തെളിവാണ്. ജനവിഭാഗത്തില്‍ വലിയൊരളവിനെ സ്വയം കുടിയിറങ്ങാന്‍ നിര്‍ബന്ധിതരാക്കിയും ശേഷിക്കുന്നവരെ ഭീതിയുടെ തടവറയിലടച്ചും ഗുജറാത്ത് മാതൃക നടപ്പാക്കുകയാണ് പ്രഫുല്‍ പട്ടേലിന്റെ ദൗത്യം. കടലിനെയും പ്രകൃതിക്ഷോഭങ്ങളെയും നേരിട്ട പരിചയമേ ദ്വീപ് വാസികള്‍ക്കുള്ളൂ. സംഘ്പരിവാര്‍ അജന്‍ഡകളുടെ ഉത്പന്നങ്ങളായ ദുരന്തങ്ങളെ നേരിട്ട് പരിചയം അശേഷമില്ല. വലിയ കച്ചവടക്കാരുടെ അധിനിവേശ ശ്രമങ്ങള്‍ കണ്ടുള്ള ശീലവുമില്ല. അതുകൊണ്ട് തന്നെ ചെറുത്തുനില്‍പ്പ് അവര്‍ക്കത്ര എളുപ്പവുമല്ല. കൊവിഡ് പോലൊരു മഹാമാരിയെ അവസരമാക്കുന്ന ഭരണാധികാരി കൂടിയാകുമ്പോള്‍.

രാജീവ് ശങ്കരന്‍

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest