Connect with us

Editorial

ലക്ഷദ്വീപിന്റെ സ്വത്വം നശിപ്പിക്കാന്‍ ആസൂത്രിത നീക്കം

Published

|

Last Updated

സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ലക്ഷദ്വീപ് സമൂഹത്തിന്റെ സംസ്‌കാരവും പൈതൃകവും തകര്‍ത്തുകൊണ്ടിരിക്കുകയാണ് പുതിയ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍. കേരളത്തില്‍ നിന്ന് പടിഞ്ഞാറുമാറി സ്ഥിതി ചെയ്യുന്നതും 32 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുമുള്ള ലക്ഷദ്വീപ് നിവാസികളില്‍ 96 ശതമാനവും മുസ്‌ലിംകളാണ്. തങ്ങളുടെ സംസ്‌കാരവും പാരമ്പര്യവും കാത്തുസൂക്ഷിച്ച് സമാധാനപരമായി ജീവിച്ചു വരികയായിരുന്നു കാലങ്ങളായി ഇവര്‍. മുന്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ദിനേശ്വര്‍ ശര്‍മയുടെ മരണത്തെത്തുടര്‍ന്ന്, ഗുജറാത്ത് മുന്‍ ആഭ്യന്തര സഹ മന്ത്രിയായിരുന്ന പ്രഫുല്‍ പട്ടേല്‍ അഡ്മിനിസ്‌ട്രേറ്ററായി നിയമിതനായതോടെ ഇവരുടെ ജീവിതം ദുരിതപൂര്‍ണമായിരിക്കുന്നു. കേന്ദ്രഭരണ പ്രദേശങ്ങളില്‍ അഡ്മിനിസ്‌ട്രേറ്റര്‍മാരായി ഐ എ എസ് ഉദ്യോഗസ്ഥരെ മാത്രം നിയമിക്കുന്ന കീഴ് വഴക്കം ലംഘിച്ചാണ് സംഘ്പരിവാറുകാരനും നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും വിശ്വസ്ഥനുമായ പ്രഫുല്‍ പട്ടേലിനെ കേന്ദ്രം പുതിയ ലക്ഷദ്വീപ് ഭരണമേധാവിയായി നിയോഗിച്ചത്.

ജനപ്രതിനിധികളുമായി കൂടിയാലോചിച്ചായിരുന്നു മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ദിനേശ്വര്‍ ശര്‍മ പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നത്. എന്നാല്‍ ആരുമായും കൂടിയാലോചിക്കാതെ വര്‍ഗീയ അജന്‍ഡകള്‍ അടിച്ചേല്‍പ്പിക്കുകയാണ് പ്രഫുല്‍ പട്ടേല്‍ അധികാരമേറ്റതു മുതല്‍. ദ്വീപ് നിവാസികളില്‍ ഗണ്യമായൊരു വിഭാഗത്തിന്റെയും ജീവിതമാര്‍ഗം മത്സ്യബന്ധനമാണ്. തീരസംരക്ഷണ നിയമത്തിന്റെ മറവില്‍ മത്സ്യത്തൊഴിലാളികളുടെ ഷെഡുകളും ജീവനോപാധികളും പൊളിച്ചു നീക്കുക വഴി ദ്വീപ് നിവാസികളുടെ മുഖ്യമായ സാമ്പത്തിക സ്രോതസ്സ് ഇല്ലാതാക്കി പുതിയ അഡ്മിനിസ്‌ട്രേറ്റര്‍. സര്‍ക്കാര്‍ ഓഫീസുകളിലെ ദ്വീപ് നിവാസികളായ താത്കാലിക ജീവനക്കാരെയും സ്‌കൂളുകളില്‍ ഉച്ചഭക്ഷണം ഉണ്ടാക്കുന്നവരെയും കായികാധ്യാപകരെയും മൃഗസംരക്ഷണ വകുപ്പ്, കാര്‍ഷിക വകുപ്പ് എന്നിവയില്‍ ജോലി ചെയ്യുന്ന നിരവധി പേരെയും പിരിച്ചുവിട്ടു. ഇവര്‍ക്കു പകരം പുറമെ നിന്ന് മുസ്‌ലിംകളല്ലാത്ത ഉദ്യോഗസ്ഥരെ കൊണ്ടുവരാന്‍ ശ്രമം നടക്കുന്നതായി അറിയുന്നു. ഗുണ്ടാ ആക്ട് നടപ്പാക്കിയതാണ് മറ്റൊരു പുതിയ ഭരണപരിഷ്‌കാരം. കുറ്റകൃത്യങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത, രാത്രിയില്‍ പോലും വാതില്‍ തുറന്നിട്ട് ആളുകള്‍ അന്തിയുറങ്ങുന്ന ദ്വീപില്‍ ഇത്തരമൊരു നിയമം കൊണ്ടുവന്നതിന്റെ താത്പര്യം ദുരൂഹമാണ്. തീര്‍ത്തും മദ്യരഹിത മേഖലയായിരുന്ന ദ്വീപില്‍ മദ്യശാലകള്‍ക്ക് അനുമതി നല്‍കി. പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുകയായിരിക്കണം ലക്ഷ്യം. ഗോമാംസ നിരോധനത്തിനു തുടക്കമിട്ടുകൊണ്ട് വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണത്തിലെ മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കിയിട്ടുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാകരുതെന്ന, രാജ്യത്ത് മറ്റെവിടെയും ഇല്ലാത്ത ചട്ടവും കൊണ്ടുവന്നിട്ടുണ്ട്.
ലോകമാസകലം കൊവിഡ് പടര്‍ന്നു പിടിച്ചപ്പോള്‍ ഒരു വര്‍ഷക്കാലത്തോളം ആ മഹാമാരി കടന്നുവരാത്ത പ്രദേശമായിരുന്നു ലക്ഷദ്വീപ്. പ്രതിരോധ തന്ത്രജ്ഞന്‍ കൂടിയായിരുന്ന മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ദിനേശ്വര്‍ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ യാത്രക്കാര്‍ക്കുള്ള ക്വാറന്റൈനും കൊവിഡ് നിയന്ത്രണങ്ങളുമായിരുന്നു രോഗത്തെ തടഞ്ഞു നിര്‍ത്തിയത്. പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ വന്നതിനു പിന്നാലെ ഈ നിയന്ത്രണങ്ങളില്‍ അയവു വരുത്തി. ലക്ഷദ്വീപ് ഭരണകൂടം നടത്തുന്ന ഗസ്റ്റ് ഹൗസിലോ ഹോസ്റ്റലുകളിലോ ഒരാഴ്ച ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷം ആര്‍ ടി പി സി ആര്‍ പരിശോധനയില്‍ നെഗറ്റീവാണെന്നു കണ്ടാല്‍ മാത്രമേ നേരത്തേ കൊച്ചിയില്‍ നിന്ന് ദ്വീപിലേക്ക് യാത്ര അനുവദിച്ചിരുന്നുള്ളൂ. ഈ നിയന്ത്രണം എടുത്തുകളഞ്ഞതോടെയാണ് ദ്വീപില്‍ കൊവിഡ് വൈറസ് കടന്നുവന്നത്. ജനുവരി മധ്യം വരെ ഒരൊറ്റ കൊവിഡ് കേസും റിപ്പോര്‍ട്ട് ചെയ്യാത്ത ലക്ഷദ്വീപ് ജനസംഖ്യയില്‍ പത്ത് ശതമാനത്തോളം രോഗബാധിതരാണ് ഇപ്പോള്‍. ആവശ്യത്തിന് ആശുപത്രി സംവിധാനമില്ലാത്ത, ചികിത്സക്ക് കേരളത്തെയും മറ്റും ആശ്രയിക്കുന്ന ദ്വീപ് നിവാസികളെ ഇത് ഭീതിദരാക്കിയിട്ടുണ്ട.്

ബില്‍ഡിംഗ് ആക്ട് എന്ന പേരില്‍ വിചിത്ര നിയമവും കൊണ്ടുവന്നിട്ടുണ്ട് ഇപ്പോള്‍ ലക്ഷദ്വീപില്‍. ഇതനുസരിച്ച് വീട് വെക്കുമ്പോള്‍ തദ്ദേശീയരായ ആളുകള്‍ പ്രത്യേക പെര്‍മിഷന്‍ എടുക്കണം. അതേസമയം ഇത്തരം അപേക്ഷകളില്‍ മൂന്ന് വര്‍ഷത്തേക്ക് മാത്രമേ പെര്‍മിഷന്‍ നല്‍കുകയുള്ളൂ. പിന്നീട് പുതുക്കിക്കൊണ്ടിരിക്കണം. ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുന്ന ഈ നിയമത്തിലൂടെ ദ്വീപില്‍ ഒരു കുടുംബത്തെയും നിയമപരമായി സ്ഥിരതാമസക്കാരല്ലാതാക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്ന് അനുമാനിക്കപ്പെടുന്നു. പൗരത്വ ഭേദഗതി നിയമവുമായി ഇതിനെ കൂട്ടിവായിച്ചാല്‍ ദ്വീപ് നിവാസികളുടെ ഭാവി അപകടത്തിലാകും. അംബാനി, അദാനി പോലുള്ള കുത്തകകള്‍ ലക്ഷദ്വീപില്‍ വന്‍ ടൂറിസം പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായി വാര്‍ത്ത വന്നിരുന്നു. അവരുടെ സുഗമമായ കടന്നുവരവിന് വഴിയൊരുക്കുക കൂടിയാണ് പുതിയ ബില്‍ഡിംഗ് ആക്ടിനു പിന്നിലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ദ്വീപില്‍ നടക്കുന്ന ഈ ഭരണകൂട ഭീകരത സമൂഹമധ്യത്തിലെത്തിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച “ദ്വീപ് ഡയറി”യെന്ന ഓണ്‍ലൈന്‍ മാധ്യമത്തിന് പൂട്ടുവീഴുകയും ചെയ്തു. കശ്മീരിലേതിന് സമാനം ഇവിടുത്തെ വിവരങ്ങള്‍ പുറംലോകമറിയാതിരിക്കാന്‍ താമസിയാതെ ഇന്റര്‍നെറ്റ് കണക്്ഷന്‍ വിഛേദിച്ചേക്കാമെന്നും ആശങ്കയുണ്ട്. മുസ്‌ലിം ഭൂരിപക്ഷമായതിനാല്‍ കശ്മീരിനു സംഭവിച്ച അതേ ദുരനുഭവമാണ് ലക്ഷദ്വീപിനും വരാനിരിക്കുന്നത്.
ലക്ഷദ്വീപ് നിവാസികളുടെ സ്വത്വത്തിനും സംസ്‌കാരത്തിനും മേല്‍ ഭരണകൂടം നടത്തുന്ന ഈ കടന്നു കയറ്റത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. “കൊവിഡ് കാലത്ത് വിദ്യാര്‍ഥി വിപ്ലവം വീട്ടുപടിക്കല്‍” എന്ന പ്രമേയവുമായി ലക്ഷദ്വീപിലെ വിദ്യാര്‍ഥി സമൂഹം ആരംഭിച്ച ഓണ്‍ലൈന്‍ പ്രതിഷേധം പതിനായിരങ്ങളാണ് ഏറ്റെടുത്തത്. വര്‍ഗീയ അജന്‍ഡകള്‍ ഒന്നൊന്നായി നടപ്പാക്കി ദ്വീപിന്റെ സാംസ്‌കാരിക തനിമ ഇല്ലാതാക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ട അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ട് എളമരം കരീം എം പി രാഷ്ട്രപതിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ടി എന്‍ പ്രതാപന്‍, വി ടി ബല്‍റാം ഉള്‍പ്പെടെ മറ്റു നിരവധി രാഷ്ട്രീയ നേതാക്കളും കേരള മുസ്‌ലിം ജമാഅത്ത് തുടങ്ങി വിവിധ സംഘടനകളും പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ ഭരണ നടപടിക്കെതിരെ രംഗത്തു വന്നിട്ടുണ്ട്. ജനങ്ങളുടെയും ദ്വീപ് സമൂഹത്തിന്റെയും മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും ന്യായമായ ആവശ്യത്തോട് കേന്ദ്രം മുഖംതിരിഞ്ഞു നിന്നാല്‍ മഹത്തായ ഒരു സംസ്‌കാരത്തിന്റെ അന്ത്യമായിരിക്കും ലക്ഷദ്വീപ് സമൂഹത്തില്‍ ആസന്ന ഭാവിയില്‍ കാണാനിരിക്കുന്നത്.

---- facebook comment plugin here -----

Latest