Kerala
ലക്ഷദ്വീപിൽ അധിനിവേശം: ടി എൻ പ്രതാപൻ

തൃശൂർ | ലക്ഷദ്വീപിനെ തകർക്കാനുള്ള ശ്രമങ്ങളെ ചെറുക്കണമെന്ന് ടി എൻ പ്രതാപൻ എം പി. സിവിൽ സർവീസ് പരിചയമില്ലാത്ത പ്രഫുൽ പട്ടേൽ എന്ന മോദി ആശ്രിതൻ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി നിയമിതനായ സാഹചര്യം തന്നെ ദുരൂഹമാണെന്നും പ്രതാപൻ ഫേസ്്ബുക്ക് കുറിപ്പിൽ പറഞ്ഞു. ലക്ഷദ്വീപിന്റെ തനത് സംസ്‌കാരത്തെ ഇല്ലാതാക്കുന്ന നീക്കങ്ങളാണ് പ്രഫുൽ പട്ടേലിന്റെ നേതൃത്വത്തിൽ ദ്വീപ് അധികൃതർ നടത്തുന്നത്. കൃത്യതയുള്ള കൊവിഡ് മാനേജ്‌മെന്റിനെ അട്ടിമറിച്ചതിലൂടെ ഗുരുതരമായ സാമൂഹിക സാഹചര്യത്തിലേക്ക് ദ്വീപിലെ ജനങ്ങൾ എത്തിയിരിക്കുകയാണ്. ദിനേന വളരെയധികം കേസുകളും മരണങ്ങളും സംഭവിക്കുന്നതായി വാർത്തകൾ വരുന്നു.
ദ്വീപ് ജനത കാലങ്ങളായി സംരക്ഷിച്ചുപോരുന്ന അവരുടെ തനത് സംസ്‌കാരത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ അംഗീകരിക്കാനാകില്ല. അവരുടെ ഭക്ഷണം, സംസ്‌കാരം, മറ്റു ആചാര അനുഷ്്ഠാനങ്ങൾ എന്നിവ തകിടം മറിക്കുന്ന ഒരു നയം അധിനിവേശമാണ് എന്നതിൽ സംശയമില്ല. പല അർഥത്തിലും ദ്വീപ് ജനത ഗോത്ര സമൂഹം എന്ന നിലക്ക് പരിഗണിക്കപ്പെടുന്നവരാണ്. ഗോത്ര സമൂഹങ്ങളുടെ തനത് ജീവിത ശൈലിക്കെതിരെയുള്ള കടന്നുകയറ്റങ്ങൾ ക്ഷേമ സങ്കൽപ്പങ്ങൾക്ക് ഭൂഷണമല്ല. ദ്വീപിലെ ഇപ്പോഴുള്ള ഈ കേന്ദ്ര സർക്കാർ നീക്കങ്ങളിൽ സംഘ്പരിവാറിന്റെ ദുഷ്ടലാക്കുണ്ടെന്ന ആരോപണങ്ങൾ ശക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.