Connect with us

Health

കൊവിഡ് ഭേദമാകുന്ന കുട്ടികളില്‍ പുതിയ രോഗം; 'എംഐഎസ്-സി'ക്ക് എതിരെ മുന്നറിയിപ്പുമായി ശിശുരോഗ വിദഗ്ധര്‍

Published

|

Last Updated

പ്രതീകാത്മക ചിത്രം

ബംഗളൂരു | കൊവിഡ് ബാധിതരായ കുട്ടികളില്‍ രോഗമുക്തിക്ക് ശേഷം സങ്കീര്‍ണമായ ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടുവരുന്നതായി വിദഗ്ധര്‍. മള്‍ട്ടി-സിസ്റ്റം ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രോം ഇന്‍ ചില്‍ഡ്രന്‍ (എംഐഎസ്-സി) എന്ന രോഗാവസ്ഥയാണ് കുട്ടികളില്‍ കണ്ടുവരുന്നതെന്നും ഇത് ആശങ്കാജനകമാണെന്നും ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയറിലെ ശിശുരോഗവിദഗ്ദ്ധന്‍ ഡോ. യോഗേഷ് കുമാര്‍ ഗുപ്ത പി.ടി.ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. കൊവിഡ് ഭേദമാകുന്നവരില്‍ കണ്ടുവരുന്ന ബ്ലാക് ഫംഗസ്, വൈറ്റ് ഫംഗസ് രോഗാവസ്ഥക്ക് എതിരെ ആരോഗ്യ വകുപ്പ് ജാഗ്രത പാലിക്കുന്നതിനിടയിലാണ് പുതിയ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അതേസമയം കേരളത്തിൽ ഇതുവരെ ഈ രോഗാവസ്ഥ റിപ്പോർട്ട് ചെയ്തതായി വിവരങ്ങളില്ല.

കുട്ടികളില്‍ കൊവിഡ് ഭേദമായി നാലോ ആറോ ആഴ്ചകള്‍ക്കുള്ളിലാണ് എംഐഎസ് – സി കണ്ടുവരുന്നത്. വൃക്ക, കരള്‍, ഹൃദയ് തുടങ്ങി ഒന്നിലധികം അവയവങ്ങളെ ബാധിക്കുന്ന രോഗമാണിത്. കൊവിഡിനെ തുടര്‍ന്ന് ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ആന്റിബോഡികളുടെ പ്രതിപ്രവര്‍ത്തന ഫലമായാണ് ഈ രോഗം വരുന്നതെന്നും കൊവിഡ് വ്യാപനം കൂട്ടികളില്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ഇതുസംബന്ധിച്ച് കൂടുതല്‍ പഠനം ആവശ്യമാണെന്നും ഡോക്ടര്‍ യോഗേഷ് പറഞ്ഞു.

കുട്ടികളെ സംബന്ധിച്ച് കൊവിഡ് അണുബാധയേക്കാള്‍ ആശങ്കാജനകമാണ് എംഐഎസ് – സി എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ഇത്തരത്തിലുള്ള മൂന്ന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. രണ്ടാം തരംഗത്തില്‍ കര്‍ണാടകത്തില്‍ രണ്ട് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊവിഡ് ബാധ അതിന്റെ ഉച്ഛസ്ഥായി പിന്നിടുന്നതോടെ കൂടുതല്‍ കേസുകള്‍ ഉണ്ടാകാനിടയുണ്ടെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

കുട്ടികള്‍ക്കിടയിലെ അണുബാധ തടയുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. രോഗലക്ഷണങ്ങള്‍ എത്രയും വേഗം തിരിച്ചറിഞ്ഞ് അവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നഉം ശിശുരോഗ വിദഗ്ധര്‍ പറയുന്നു.

കര്‍ണാടകയില്‍ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഈ വര്‍ഷം മാര്‍ച്ച് 1 മുതല്‍ മെയ് 15 വരെ 10 വയസ്സിന് താഴെയുള്ള കുട്ടികളില്‍ 17 മരണങ്ങള്‍ ഉള്‍പ്പെടെ 20,206 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മരണനിരക്ക് 0.1 ശതമാനം മാത്രമാണ്.

Latest