Kerala
ലോക്ഡൗണ്‍ ഗുണം ചെയ്‌തോ എന്നറിയാന്‍ ഈ മാസം അവസാനം വരെ കാത്തിരിക്കേണ്ടി വരും: ആരോഗ്യമന്ത്രി

തിരുവനന്തപുരം | സംസ്ഥാനത്ത് ലോക്ഡൗണ്‍ ഏര്‍പെടുത്തിയതിന്റെ ഗുണം അറിയാന്‍ ഇനിയും സമയമെടുക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. നിലവില്‍ ലഭിക്കുന്ന പരിശോധന ഫലങ്ങള്‍ പത്ത് – പന്ത്രണ്ട് ദിവസം മുമ്പ് സമ്പര്‍ക്കം ഉണ്ടായവരുടെതാണ്. ലോക്ഡൗണ്‍ കാലത്ത് വീട്ടില്‍ ഇരുന്നതിന്റെ ഗുണം അറിയാന്‍ ചിലപ്പോള്‍ ഈ മാസം 30 വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ചില ജില്ലകളില്‍ കുറയുന്നുണ്ട്. അതിനര്‍ഥം സ്വതന്ത്രമായി ഇറങ്ങിനടക്കാന്‍ ആയെന്നല്ല. പീക്ക് അവസ്ഥയില്‍ നിന്ന് നാം താഴേക്ക് വരുന്നു എന്നേ ഉള്ളൂ. അതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണം. മഴ തുടങ്ങിയതിനാല്‍ ഡങ്കിപ്പനി, എലിപ്പനി ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. അതിനെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. എല്ലാവരും വ്യക്തി ശുചിത്വും പരിസര ശുചിത്വവും ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
കൂടുതല്‍ ബ്ലാക് ഫംഗസ് കേസുകള്‍ സംസ്ഥാനത്ത് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇത് ആദ്യമായി ഉണ്ടാകുന്ന ഒരു അസുഖമല്ല. കേരളത്തില്‍ ഇതിന് മുമ്പ് ഉണ്ടായ കേസുകളില്‍ മരണനിരക്ക് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറവായിരുന്നു. കൊവിഡ് പ്രമേഹം ഉയരാന്‍ കാരണമാകുകയും സ്റ്റിറോയിഡുകളുടെ ഉപയോഗം കൂടുകയും ചെയ്യുന്നതാണ് ഇപ്പോള്‍ രോഗബാധ ഉയരാന്‍ കാരണം. ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ സ്റ്റിറോയിഡുകള്‍ ഉപയോഗിക്കരുത്. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കൃത്യമായ പരിശോധനകള്‍ നടക്കുന്നുണ്ട്. നിലവില്‍ സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടണോ വേണ്ടയോ എന്ന കാര്യം വരുന്ന ദിവസങ്ങളിലെ കേസുകള്‍ വിലയിരുത്തി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന മോണിറ്ററിംഗിന് ശേഷമേ പറയാനാകൂവെന്നും വീണ ജോര്‍ജ് വ്യക്തമാക്കി.