National
സ്വകാര്യ തൊഴിലിടങ്ങളിലെ ക്യാമ്പുകളില്‍ ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ക്കും വാക്‌സിന്‍ നല്‍കാമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി | സ്വകാര്യ തൊഴില്‍ സ്ഥാപനങ്ങളില്‍ നടത്തുന്ന വാക്‌സിന്‍ ഡ്രൈവില്‍ തൊഴിലാളികളെ കൂടാതെ അവരുടെ കുടുംബാംഗങ്ങളെയും ആശ്രിതരെയും ഉള്‍പ്പെടുത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കത്ത് നല്‍കിയതായി മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
അസേമയം, സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്ക് നല്‍കുന്നതിനായി അതത് കമ്പനികള്‍ സ്വകാര്യ ആശുപത്രിയില്‍ നിന്ന് വാക്‌സിന്‍ വാങ്ങണമെന്ന് കത്തില്‍ വ്യക്തമാക്കുന്നു. ഗവണ്‍മെന്റ് സ്ഥാപനങ്ങളിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ 45 വയസ്സിന് മുകളിലുള്ള ഗുണഭോക്താക്കളെ കേന്ദ്ര സര്‍ക്കാറിന്റെ സൗജന്യ വാക്‌സിനേഷന്‍ പദ്ധതിയുടെ പരിധിയില്‍ ഉള്‍പെടുത്തി വാക്‌സിനേറ്റ് ചെയ്യാം. എന്നാല്‍ 18നും 44നും ഇടയില്‍ പ്രായമുള്ള വിഭാഗക്കാര്‍ക്ക് അതത് സംസ്ഥാന സര്‍ക്കാറുകള്‍ വാക്‌സിന്‍ നിര്‍മാതാക്കളില്‍ നിന്ന് നേരിട്ട് വാങ്ങുന്ന വാക്‌സിനുകൾ നൽകാനാണ് അനുമതി.
ഏപ്രില്‍ ആറിന് ഗവണ്‍മെന്റ്, സ്വകാര്യ തൊഴിലിടങ്ങളിലെ കോവിഡ്-19 വാക്‌സിനേഷനുകള്‍ സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. തങ്ങളുടെ ജീവനക്കാര്‍ക്കായി കോവിഡ് വാക്‌സിനേഷന്‍ സെന്ററുകള്‍ സംഘടിപ്പിക്കാനാണ് അന്ന് അനുമതി നല്‍കിയിരുന്നത്. ഏപ്രില്‍ 21 ന് വാക്‌സിന്‍ നടപടികള്‍ കൂടുതല്‍ ഉദാരമാക്കിയതോടെ സംസ്ഥാനങ്ങള്‍, സ്വകാര്യ ആശുപത്രികള്‍, വ്യാവസായിക സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവര്‍ക്ക് ബന്ധമുള്ള ആശുപത്രികള്‍ വഴി നിര്‍മ്മാതാക്കളില്‍ നിന്ന് നേരിട്ട് വാക് സിന് ഡോസുകള്‍ വാങ്ങാന്‍ അനുവാദം ലഭിക്കുകയായിരുന്നു.