Kerala
ഉറച്ച നിലപാട്; മികച്ച സാമാജികന്‍; വി ഡി സതീശന് വിശേഷണങ്ങള്‍ ഏറെ

കോഴിക്കോട് | കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തലമുറമാറ്റത്തിന് തുടക്കമിട്ട് വി ഡി സതീശന്‍ എന്ന യുവ നേതാവ് പ്രതിപക്ഷ നേതാവിന്റെ ചുമതലയിലേക്ക് എത്തുമ്പോള്‍ പുതുതലമുറയുടെ പ്രതീക്ഷകള്‍ക്ക് കൂടിയാണ് പുതുജീവന്‍ വെക്കുന്നത്. നിലപാടുകളിലെ കാര്‍കശ്യവും സാമാജികനെന്ന നിലയിലുള്ള മികച്ച പ്രവര്‍ത്തനവുമാണ് വി ഡി സതീശനെ മറ്റു നേതാക്കളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്. പ്രധാന രാഷ്ട്രീയ സംഭവവികാസങ്ങളിലെല്ലാം ഉറച്ച നിലപാടെടുത്ത് അഭിപ്രായം പറയുന്നതാണ് സതീശന്റെ ശീലം. സഭയിലും പുറത്തും നിലപാടുകള്‍ കൃത്യമായി അവതരിപ്പിക്കുന്നതില്‍ അദ്ദേഹത്തിന്റെ മിടുക്ക് ഒന്ന് വേറെ തന്നെ.
വിഷയങ്ങള്‍ ആഴത്തില്‍ പഠിച്ച് അവതരിപ്പിക്കുന്നതാണ് വി ഡി സതീഷന്റെ രീതി. 2010ല്‍ വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായ സമയത്ത് ഉയര്‍ന്ന ലോട്ടറി വിവാദത്തില്‍ ശക്തമായ നിലപാടുമായി മുന്നില്‍ നിന്നാണ് വി ഡി സതീശന്‍ രാഷ്ട്രീയ കേരളത്തില്‍ കൂടുതല്‍ ശ്രദ്ധേയനായത്. സാന്റിയാഗോ മാര്‍ട്ടിന്‍ എന്ന ലോട്ടറി മാഫിയക്കാരനുമായി ബന്ധപ്പെട്ട വിവാദത്തില്‍ അന്നത്തെ സര്‍ക്കാറിനെ പ്രതിരോധത്തിലാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് മസാല ബോണ്ട്, കിഫ്ബി തുടങ്ങിയ വിഷയങ്ങളില്‍ ധനമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക്കുമായി നടത്തിയ പോരാട്ടവും ശ്രദ്ധേയമായിരുന്നു. ഹരിത എംഎല്‍എമാര്‍ എന്നറിയപ്പെട്ടിരുന്ന കോണ്‍ഗ്രസിലെ യുവ എംഎല്‍എമാരുടെ നിരയിലും മുന്നിലായിരുന്നു അദ്ദേഹം.
എറണാകുളം ജില്ലയില്‍ മരട് മുന്‍സിപ്പാലിറ്റിയിലെ നെട്ടൂരില്‍ വടശ്ശേരി ദാമോദര മേനോന്റെയും വി.വിലാസിനിയമ്മയുടെയും മകനായാണ് വിഡി സതീശന്റെ ജനനം. നെട്ടൂര്‍ എസ്.വി.യു.പി. സ്‌ക്കൂളില്‍ പ്രൈമറി വിദ്യാഭ്യാസം, ഹൈ സ്‌ക്കൂള്‍ പനങ്ങാടില്‍ ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം എന്നിവ പൂര്‍ത്തിയാക്കി. നിയമ ബിരുദധാരിയാണ്. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയപ്രവേശം. തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലെ ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയായിരുന്നു. എം.ജി, കേരള സര്‍വ്വകലാശാലകളില്‍ യൂണിയന്‍ കൗണ്‍സിലറായിരുന്ന ഇദ്ദേഹം 1986-87 കാലത്ത് എം.ജി സര്‍വ്വകലാശാലാ യൂണിയന്‍ ചെയര്‍മാനായിരുന്നു. എന്‍.എസ്.യു ദേശീയ കമ്മറ്റി സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുണ്ട്.
2001-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്ന കെ.എം. ദിനകരനെ 7,792 വോട്ടിന് തോല്‍പ്പിച്ചു ആദ്യമായി നിയമസഭയിലെത്തി. 2006-ലും 2011-ലും ഇതേ മണ്ഡലത്തില്‍ വിജയം ആവര്‍ത്തിച്ചു. പന്ത്രണ്ടാം നിയമസഭയില്‍ കോണ്‍ഗ്രസ് വിപ്പ് സ്ഥാനം വഹിച്ചു. 2011ല്‍ വിഡി സതീശന്‍ മന്ത്രിയാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളില്‍ തട്ടി അത് നടന്നില്ല.
പരിസ്ഥിതിക്കുവേണ്ടിയും, ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിനനുകൂലമായും പ്രതികരിക്കുന്ന എം എല്‍ ഏ മാരുടെ രാഷ്ട്രീയെതര സംഘത്തില്‍ പ്രമുഖനാണ് വിഡി സതീശന്‍. നരത്തെ എ ഐ സി സി സെക്രട്ടറിയായിരുന്ന സതീശന്‍ നിലവില്‍ കെ പി സി സി വൈസ് പ്രസിഡന്റാണ്. 25 പ്രധാന സ്ഥാപനങ്ങളിലെ ട്രേഡ് യൂണിയന്‍ നേതൃ സ്ഥാനത്തുള്ള വിഡി സതീശന്‍ മികച്ച സാമാജികനെന്ന നിലയില്‍ 25ലേറെ അവാര്‍ഡുകളും സ്വന്തമാക്കിയിട്ടുണ്ട്.
ലക്ഷിമപ്രിയയാണ് ഭാര്യ. ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായ ഉണ്ണിമായ മകളാണ്.