Editorial
കൊവിഡിന്റെ മറവിലും വര്‍ഗീയത നുരയുന്നു

ബാബരി മസ്ജിദ് തകര്‍ത്തതിനു പിന്നാലെ ഹിന്ദുത്വര്‍ നടത്തിയ പ്രഖ്യാപനമാണ് “അയോധ്യ അഭി ജങ്കി ഹെ, കാശി മഥുര ബാക്കി ഹെ” എന്നത്. എന്നാല്‍ ഈ മൂന്ന് പള്ളികളില്‍ മാത്രം ഒതുങ്ങുന്നതല്ല അവരുടെ മസ്ജിദ് ധ്വംസന പദ്ധതിയെന്നു വ്യക്തമാക്കുന്നതാണ് യു പിയിലെ ബർബാങ്കി മസ്ജിദ് തകര്‍ത്ത സംഭവം. ബി ജെ പി ഭരിക്കുന്ന ജില്ലാ ഭരണകൂടമാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി പോലീസ് സഹായത്തോടെ ബർബാങ്കി ജില്ലയിലെ രാം സ്‌നേഹി ഗട്ട് നഗരത്തിലുള്ള പള്ളി ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ച് പുഴയില്‍ തള്ളിയത്. അനധികൃത നിര്‍മാണമെന്ന് ആരോപിച്ചായിരുന്നു ഈ നടപടി. എന്നാല്‍ യു പി സുന്നി വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തതും നൂറ് വര്‍ഷം പഴക്കമുള്ളതുമാണ് ഈ മസ്ജിദ്. പള്ളി കെട്ടിട നിര്‍മാണം അനധികൃതമാണ്, പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് ജില്ലാ ഭരണകൂടം മാര്‍ച്ച് 15ന് നോട്ടീസ് നല്‍കിയപ്പോള്‍, ഇത് തീര്‍ത്തും നിയമവിധേയമാണെന്ന് വ്യക്തമാക്കിയും 1959 മുതല്‍ പള്ളിക്ക് വൈദ്യുതി കണക്്ഷന്‍ ഉണ്ടെന്ന് കാണിച്ചും പള്ളിക്കമ്മിറ്റി മറുപടി നല്‍കിയതാണ്. ജില്ലാ ഭരണകൂടം പക്ഷേ ഈ രേഖകള്‍ നിരാകരിക്കുകയായിരുന്നു. തുടര്‍ന്ന് പള്ളി അധികൃതര്‍ അലഹബാദ് ഹൈക്കോടതിയെ സമീപിക്കുകയും മെയ് 31 വരെ പള്ളി പൊളിക്കരുതെന്ന ഉത്തരവ് സമ്പാദിക്കുകയും ചെയ്തു. കോടതിയുടെ ഈ ഉത്തരവ് കാറ്റില്‍ പറത്തിയായിരുന്നു ജില്ലാ ഭരണകൂടം പള്ളി പൊളിച്ചത്.
മാര്‍ച്ച് 18നാണ് പള്ളിക്കമ്മിറ്റി കോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്. ഇതിനു പിന്നാലെ ജില്ലാ ഭരണകൂടം ബാരിക്കേഡ് സ്ഥാപിച്ച് പള്ളിയിലേക്കുള്ള പ്രവേശനം മുടക്കുകയും മാര്‍ച്ച് 19ന് വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിനെത്തിയ വിശ്വാസികളെ തടയുകയും ചെയ്തു. ഇതിനെതിരെ സമാധാനപരമായി പ്രതിഷേധിച്ച പ്രദേശത്തെ മുസ്‌ലിംകള്‍ക്കെതിരെ കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തി വേട്ടയാടി പോലീസ്. 180 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഏതാനും പേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
കസ്റ്റഡിയിലെടുക്കപ്പെട്ടവരിൽ ചിലര്‍ ജാമ്യം നേടി പുറത്തു വന്നെങ്കിലും 30 പേര്‍ ജയിലില്‍ കിടക്കുകയാണെന്ന് “ദി വയര്‍” റിപ്പോര്‍ട്ട് ചെയ്യുന്നു. പള്ളി പൊളിക്കുമ്പോള്‍ പ്രതിഷേധം ഉയരാതിരിക്കാനായിരുന്നു ഈ പോലീസ് വേട്ട. മാത്രമല്ല, പൊളിച്ച ശേഷം പള്ളിയുടെ പരിസരത്തേക്ക് ആളുകള്‍ വരുന്നത് തടയാന്‍ പ്രദേശത്ത് സുരക്ഷാ സേനയെ വിന്യസിച്ചിട്ടുമുണ്ട്. നൂറുകണക്കിനാളുകള്‍ അഞ്ച് നേരവും നിസ്‌കാരവും മറ്റു ആരാധനാ കര്‍മങ്ങളും നിര്‍വഹിച്ചു വരുന്നതാണ് ഈ ആരാധനാലയം.
രാജ്യത്തെ പള്ളികളും ഇതര മതന്യൂനപക്ഷ ആരാധനാലയങ്ങളും തകര്‍ത്തും റോഡുകളുടെയും പ്രദേശങ്ങളുടെയും മുസ്‌ലിം ചുവയുള്ള പേരുകള്‍ മാറ്റിയും ഇന്ത്യയെ സമ്പൂര്‍ണ ഹിന്ദുത്വ രാഷ്ട്രമാക്കുകയെന്നത് സംഘ്പരിവാറിന്റെ ഹിഡന്‍ അജന്‍ഡയാണ്. അതിന്റെ തുടക്കമായിരുന്നു ബാബരി മസ്ജിദ് ധ്വംസനം. ബാബരിക്കു പിന്നാലെ യു പിയിലെ ഷാഹി ഈദ് ഗാഹ് മസ്ജിദ്, ഗ്യാന്‍ വാപി മസ്ജിദ്, ആഗ്രയിലെ ജഹനാര മസ്ജിദ് തുടങ്ങി ചരിത്ര പ്രധാനമായ മസ്ജിദുകള്‍ക്ക് നേരേ നീങ്ങിത്തുടങ്ങിയിട്ടുണ്ട് സംഘ്പരിവാര്‍. മഥുര ശ്രീകൃഷ്ണ ക്ഷേത്ര സമുച്ചയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഷാഹി ഈദ് ഗാഹ് മസ്ജിദ് ക്ഷേത്രത്തിന്റെ സ്ഥലത്താണെന്നും, കാശി വിശ്വനാഥ ക്ഷേത്രം തകര്‍ത്താണ് ഗ്യാന്‍ വാപി മസ്ജിദ് സ്ഥാപിച്ചതെന്നുമാണ് സംഘ്പരിവാര്‍ വാദം. എന്നാല്‍ ഷാഹി ഈദ് ഗാഹ് മസ്ജിദ് പൊളിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ വിഷ്ണു ജെയിന്‍ സമര്‍പ്പിച്ച ഹരജി മഥുര സിവില്‍ കോടതി തള്ളുകയായിരുന്നു. അതേസമയം ഗ്യാന്‍ വാപി മസ്ജിദ് സംബന്ധിച്ച സംഘ്പരിവാര്‍ വാദത്തില്‍ വസ്തുതയുണ്ടോ എന്നറിയാന്‍ പള്ളിക്കകത്തും അനുബന്ധ പ്രദേശങ്ങളിലും സര്‍വേ നടത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് നിര്‍ദേശിച്ചിരിക്കുകയാണ്. പള്ളിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന റവന്യൂ രേഖകള്‍ പള്ളി കമ്മിറ്റി സമര്‍പ്പിച്ചെങ്കിലും കോടതി അത് നിരാകരിച്ചു. പൂര്‍ണമായും ഹിന്ദുത്വര്‍ ഉള്‍ക്കൊള്ളുന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് എന്തായിരിക്കുമെന്ന് ഇപ്പോഴേ ഊഹിക്കാവുന്നതാണ്. ഒരു മാസം മുമ്പാണ് ആഗ്രയിലെ ജഹനാര മസ്ജിദിനടിയിലെ കൃഷ്ണ വിഗ്രഹം കണ്ടെത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ നടത്തണമെന്നാവശ്യപ്പെടുന്ന ഹരജി ഒരു ഹിന്ദുത്വ സംഘടന മഥുര കോടതിയില്‍ സമര്‍പ്പിച്ചത്.
ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് രാജ്യത്ത് സംഘര്‍ഷം ഉടലെടുത്തപ്പോള്‍, ഭാവിയില്‍ സമാന പ്രശ്‌നം ഉടലെടുക്കരുതെന്ന ലക്ഷ്യത്തില്‍ രാജ്യത്തെ മുഴുവന്‍ ആരാധനാലയങ്ങള്‍ക്കും സംരക്ഷണമുറപ്പാക്കുന്ന ആരാധനാലയ സംരക്ഷണ നിയമം പാസ്സാക്കിയിട്ടുണ്ട് 1991ല്‍ പാര്‍ലിമെന്റ്. 1947 ആഗസ്റ്റ് 15 വരെ ആരുടെ കൈവശമാണോ ആരാധനാലയങ്ങളുള്ളത് അവര്‍ക്ക് ഉടമസ്ഥാവകാശം നല്‍കുന്നതാണ് നിയമം. രാജ്യത്തെ പരമോന്നത നിയമനിര്‍മാണ സഭയുടെ നിലപാടിനെ അപ്രസക്തമാക്കിയാണ് സംഘ്പരിവാര്‍, രാജ്യത്തെ പള്ളികള്‍ക്കു മേല്‍ ഒന്നൊന്നായി അവകാശവാദം ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. മേല്‍ പള്ളികളെല്ലാം മുസ്‌ലിംകള്‍ക്കവകാശപ്പെട്ടതാണെന്ന് കോടതി വിധിച്ചാല്‍ പോലും ഹിന്ദുത്വര്‍ അതിന് പുല്ലുവിലയും കല്‍പ്പിക്കാനിടയില്ലെന്നാണ് ബരാബങ്കി സംഭവം നല്‍കുന്ന വ്യക്തമായ സൂചന. കൊറോണ രോഗശമനത്തിന് ശേഷം ഗ്യാന്‍ വാപി മസ്ജിദ് തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങുമെന്ന്, ബി ജെ പി. എം പിയും പ്രശസ്ത അഭിഭാഷകനുമായ സുബ്രഹ്മണ്യന്‍ സ്വാമി പരസ്യമായി പ്രഖ്യാപിച്ചതുമാണല്ലോ. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്.
കൊവിഡ് വ്യാപനത്തില്‍ കൊടിയ ദുരിതം അനുഭവിക്കുകയാണ് രാജ്യത്തിന്റെ ഇതര ഭാഗങ്ങളോടൊപ്പം ഉത്തര്‍പ്രദേശും. മൂന്ന് മന്ത്രിമാരും നാല് എം എല്‍ എമാരും ഉള്‍പ്പെടെ ആയിരക്കണക്കിനാളുകളാണ് കൊവിഡ് രണ്ടാം തരംഗത്തില്‍ യു പിയില്‍ മരണപ്പെട്ടത്. മരണസംഖ്യ വര്‍ധിച്ചതു മൂലം മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ സാധിക്കാതെ ഗംഗ, യമുനാ നദികളില്‍ ഒഴുക്കുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു ഇവിടെ നിന്ന്. ഈ ദുരിതക്കയത്തിനു നടുവിലാണ് സംസ്ഥാനത്ത് ഭരണകൂടത്തിന്റെ ഒത്താശയോടെ സംഘ്പരിവാര്‍ വര്‍ഗീയ അജന്‍ഡകള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.