National
ലൈംഗിക പീഡന കേസില്‍ തരുണ്‍ തേജ്പാല്‍ കുറ്റവിമുക്തന്‍

പനാജി | ലൈംഗിക പീഡനക്കേസില്‍ തെഹല്‍ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ കുറ്റവിമുക്തന്‍. ഗോവയിലെ വിചാരണ കോടതിയാണ് തെളിവുകളുടെ അഭാവത്തില്‍ തേജ്പാലിനെ കുറ്റവിമുക്തനാക്കിയത്.
നേരത്തെ രണ്ട് തവണ വിധി പറയുന്നതിന് മുമ്പായി മാറ്റിവെച്ച കേസിലാണ് ഇപ്പോള്‍ വിധി പറഞ്ഞിരിക്കുന്നത്.
2013 നവംബറില്‍ ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ലിഫ്റ്റില്‍ സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചുവെന്നാണ് തരുണ്‍ തേജ്പാലിനെതിരെയുള്ള കേസ്. 2014 ഫെബ്രുവരിയില്‍ 2846 പേജുള്ള കുറ്റപത്രം ഗോവ ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ചു. കുറ്റവിമുക്തനാക്കണമെന്ന തരുണ്‍ തേജ്പാലിന്റെ ആവശ്യം സുപ്രിംകോടതി നേരത്തെ തള്ളിയിരുന്നു. സി സി ടി വി ദൃശ്യങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടി നിരപരാധിയാണെന്ന് തരുണ്‍ തേജ്പാല്‍ വാദിച്ചെങ്കിലും സുപ്രീം കോടതി അംഗീകരിച്ചിരുന്നില്ല. ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നതെന്നും ഇരയുടെ സ്വകാര്യതക്ക് നേരെയുള്ള അതിക്രമമാണ് കുറ്റമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് കേസില്‍ വാദംകേട്ട് വിധി പറയാന്‍ വിചാരണ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.