Kerala
രണ്ടാം ടേമിന് പിണറായി ടീം; സര്‍ക്കാര്‍ അധികാരമേറ്റു

തിരുവനന്തപുരം | രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് ഉജ്ജ്വല തുടക്കം. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ. മുഖ്യമന്ത്രിയായി പിണറായി വിജയന്‍ ആദ്യം സത്യവാചകം ചൊല്ലി. ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാനില്‍ നിന്നാണ് അദ്ദേഹം സത്യവാചകം ഏറ്റുചൊല്ലിയത്. ആഭ്യന്തരം, ഐ ടി, പൊതുഭരണം വകുപ്പുകളുടെ ചുമതലയും പിണറായി വഹിക്കും.
രണ്ടാമതായി സി പി ഐ നേതാവും മുന്‍ ചീഫ് വിപ്പുമായ കെ രാജന്‍ സത്യപ്രതിജ്ഞ ചെയ്തു. റവന്യൂ മന്ത്രിയായാണ് അദ്ദേഹം അധികാരമേറ്റത്. പിണറായിയും രാജനും സഗൗരവമാണ് സത്യപ്രതിജ്ഞ ചെയ്തത്. പിന്നീട് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിലെ റോഷി അഗസ്റ്റിന്‍ ജലവിഭവ വകുപ്പിന്റെ നാഥനായി സ്ഥാനമേറ്റു. ദൈവനാമത്തിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. അടുത്തതായി ജനതാദള്‍ എസ് സംസ്ഥാന അധ്യക്ഷന്‍ കൂടിയായ കെ കൃഷ്ണന്‍ കുട്ടി വൈദ്യുതി വകുപ്പ് മന്ത്രിയായി അധികാരമേറ്റു. ഇത് രണ്ടാം തവണയാണ് അദ്ദേഹം മന്ത്രിയാകുന്നത്.
എന്‍ സി പിയിലെ എ കെ ശശീന്ദ്രന്റെതായിരുന്നു അടുത്ത ഊഴം. കഴിഞ്ഞ മന്ത്രിസഭയില്‍ ഗതാഗത വകുപ്പ് കൈകാര്യം ചെയ്തിരുന്ന അദ്ദേഹം ഇത്തവണ വനം വകുപ്പിന്റെ ചുമതലയാണ് ഏറ്റെടുത്തത്. ഐ എന്‍ എല്ലിന്റെ അഹമ്മദ് ദേവര്‍കോവില്‍ തുറമുഖം, മ്യൂസിയം മന്ത്രിയായി സ്ഥാനമേറ്റു. ഐ എന്‍ എല്‍ ദേശീയ ജനറല്‍ സെക്രട്ടറിയാണ് അദ്ദേഹം. ഇതാദ്യമായാണ് ഐ എന്‍ എല്ലിന് മന്ത്രി പദവി ലഭിക്കുന്നത്. അല്ലാഹുവിന്റെ നാമത്തിലാണ് അഹമ്മദ് ദേവര്‍കോവില്‍ പ്രതിജ്ഞ ചെയ്തത്. അദ്ദേഹത്തിന്റെ ജന്മദിനം കൂടിയാണ് ഇന്ന്. ആന്റണി രാജു ഗതാഗത വകുപ്പ് മന്ത്രിയായി സ്ഥാനമേറ്റു. ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവായ അദ്ദേഹം ആദ്യമായാണ് മന്ത്രിയാകുന്നത്.
മലപ്പുറം താനൂരില്‍ നിന്ന് സി പി എം സ്വതന്ത്രനായി ജയിച്ച വി അബ്ദുര്‍റഹ്മാനാണ് അടുത്തതായി അധികാരമേറ്റത്. സ്‌പോര്‍ട്‌സ്, ന്യൂനപക്ഷക്ഷേമം, യുവജനകാര്യം, പ്രവാസികാര്യം, ഹജ്ജ്, വഖ്ഫ് ബോര്‍ഡ് എന്നീ വകുപ്പുകളുടെ ചുമതലയാണ് അദ്ദേഹത്തിന്. ജി ആര്‍ അനില്‍ ഭക്ഷ്യ, സിവില്‍ സപ്ലൈസ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗമാണ് അദ്ദേഹം. പിന്നീട് കെ എന്‍ ബാലഗോപാല്‍ ധനകാര്യ മന്ത്രിയായി അധികാരമേറ്റു. 2010ലെ രാജ്യസഭാംഗമായിരുന്നു അദ്ദേഹം. 2016ല്‍ മികച്ച പാര്‍ലിമെന്റേറിയനുള്ള സന്‍സദ് രത്‌ന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഡോ. ആര്‍ ബിന്ദു ഉന്നത വിദ്യാഭ്യാസ കാര്യ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തൃശൂരിന്റെ ആദ്യ വനിതാ മേയറായിരുന്നു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റിയംഗമാണ്. ഇംഗ്ലിഷ് സാഹിത്യത്തില്‍ പി എച്ച് ഡി നേടിയിട്ടുണ്ട്.
സി പി ഐയുടെ ചിഞ്ചുറാണി മന്ത്രിയായി സ്ഥാനമേറ്റു. മൃഗസംരക്ഷണം, ക്ഷീരവികസനം, ലീഗല്‍ മെട്രോളജി എന്നീ വകുപ്പുകളുടെ ചുമതലയാണ് ചിഞ്ചുറാണിക്കുള്ളത്. അഞ്ചര പതിറ്റാണ്ടിനു ശേഷം സി പി ഐയുടെ ആദ്യ വനിതാ മന്ത്രിയാണ്. സി പി ഐയുടെ ദേശീയ കൗണ്‍സില്‍ അംഗമായ അവര്‍ ദേശീയ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ കൂടിയാണ്. മന്ത്രിസഭയിലെ രണ്ടാമനെന്ന് വിശേഷിപ്പിക്കപ്പെടുന്ന എം വി ഗോവിന്ദന്‍ എക്‌സൈസ്, തദ്ദേശ വകുപ്പുകളുടെ മന്ത്രിയായി അധികാരമേറ്റു. സി പി എം കേന്ദ്ര കമ്മിറ്റിയംഗമായ അദ്ദേഹം ആദ്യമായാണ് മന്ത്രിയാകുന്നത്. ഇരിങ്ങല്‍ സ്‌കൂളിലെ മുന്‍ കായികാധ്യാപകന്‍ കൂടിയാണ് എം വി ഗോവിന്ദന്‍.
പി എ മുഹമ്മദ് റിയാസ് പൊതുമരാമത്ത്, ടൂറിസം വകുപ്പുകളുടെ സാരഥിയായി ചുമതലയേറ്റു. ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റാണ്. പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയായ പി പ്രസാദ് കൃഷി വകുപ്പിന്റെ സാരഥ്യം ഏറ്റെടുത്തു. സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമാണ്. തുടര്‍ന്ന് സത്യപ്രതിജ്ഞ ചെയ്തത് ചേലക്കരയില്‍ നിന്ന് വിജയിച്ച കെ രാധാകൃഷ്ണനാണ്. ഇത് രണ്ടാം തവണയാണ് രാധാകൃഷ്ണന്‍ മന്ത്രി പദവിയിലെത്തുന്നത്. 2006ല്‍ നിയമസഭാ സ്പീക്കറായിരുന്നു. ദേവസ്വം, പാര്‍ലിമെന്ററി കാര്യം, പിന്നാക്കക്ഷേമം എന്നീ വകുപ്പുകളാണ് അദ്ദേഹത്തിന് കൈകാര്യം ചെയ്യാനുള്ളത്. കളമശ്ശേരിയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പി രാജീവ് വ്യവസായ, നിയമ വകുപ്പുകളുടെ സാരഥ്യമേറ്റെടുത്ത് സത്യപ്രതിജ്ഞ ചെയ്തു. 2009, 2015 വര്‍ഷങ്ങളില്‍ രാജ്യസഭാംഗമായിരുന്നു. എസ് എഫ് ഐ, ഡി വൈ എഫ് ഐ പ്രസ്ഥാനങ്ങളുടെ അമരക്കാരനായും തിളങ്ങി. നിയമ ബിരുദധാരിയാണ്.
സജി ചെറിയാനാണ് പിന്നീട് അധികാരമേറ്റത്. ഫിഷറീസ്, സാംസ്‌കാരികം, സിനിമ വകുപ്പുകളുടെ ചുമതലയാണ് അദ്ദേഹത്തിനുള്ളത്. സി പി എമ്മിന്റെ ആലപ്പുഴ മുന്‍ ജില്ലാ സെക്രട്ടറിയാണ്. ജൈവകര്‍ഷകനാണ്. ജീവകാരുണ്യ മേഖലയിലും സജീവമാണ് അദ്ദേഹം. പൊതു വിദ്യാഭ്യാസം, തൊഴില്‍ വകുപ്പുകളുടെ അമരക്കാരനായി വി ശിവന്‍കുട്ടി സത്യപ്രതിജ്ഞ ചെയ്തു. സി പി എം നേതാവും തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുന്‍ മേയറുമാണ്. ഏറ്റുമാനൂരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വി എന്‍ വാസവന്‍ സഹകരണം, രജിസ്‌ട്രേഷന്‍ മന്ത്രിയായി സ്ഥാനമേറ്റു. സി പി എം കോട്ടയം ജില്ലാ സെക്രട്ടറിയാണ്. മികവുറ്റ സംഘാടകനാണ് വി എന്‍ വാസവന്‍. ഏറ്റവും അവസാനമായി സത്യപ്രതിജ്ഞ ചൊല്ലിയത് വീണ ജോര്‍ജാണ്. ആരോഗ്യ മന്ത്രിയായാണ് അവര്‍ അധികാരമേറ്റത്. വനിതാ ശിശുക്ഷേമവും അവരുടെ ചുമതലയിലുണ്ട്. മുന്‍ മാധ്യമ പ്രവര്‍ത്തകയാണ്. രണ്ടാം തവണയാണ് അവര്‍ എം എല്‍ എയായി തിരഞ്ഞെടുക്കപ്പെടുന്നത്.
ഉച്ചക്കു ശേഷം 2.50 ന് നവകേരള ഗീതാഞ്ജലി അവതരണത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. 1957 മുതല്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലം വരെയുള്ള കേരളത്തിന്റെ മുന്നേറ്റം വിവരിക്കുന്ന വീഡിയോയാണ് നവകേരള ഗീതാഞ്ജലി. മമ്മൂട്ടിയാണ് വീഡിയോ അവതരിപ്പിച്ചത്. എ ആര്‍ റഹ്മാന്‍, യേശുദാസ്, ജയചന്ദ്രന്‍, ചിത്ര, സുജാത തുടങ്ങിയ ഗായകരും മോഹന്‍ലാല്‍, ജയറാം തുടങ്ങിയ സിനിമാ നടന്മാരും ഗീതാഞ്ജലിയില്‍ വെര്‍ച്വലായി പങ്കാളിയായി.