Kerala
നാരദ കേസ്: തൃണമൂല്‍ നേതാക്കളുടെ ജാമ്യ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊല്‍ക്കത്ത | നാരദ കൈക്കൂലി കേസില്‍ തൃണമൂല്‍ നേതാക്കളുടെ ജാമ്യ ഹരജി ഇന്ന് ഉച്ചക്ക് രണ്ടിന് വീണ്ടും കൊല്‍ക്കത്ത ഹൈക്കോടതി പരിഗണിക്കും. നാരദ കൈക്കൂലി കേസില്‍ സിബിഐ പ്രത്യേക കോടതി നല്‍കിയ ജാമ്യം സ്റ്റേ ചെയ്ത നടപടിക്കെതിരെ മന്ത്രിമാരായ ഫിര്‍ഹദ് ഹക്കീം, സുബ്രത മുഖര്‍ജി, എംഎല്‍എ മദന്‍ മിത്ര, മുന്‍ കൊല്‍ക്കത്ത മേയര്‍ സോവന്‍ ചാറ്റര്‍ജി എന്നിവര്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഇന്നും വാദം തുടരുക.
ജാമ്യം അനുവദിക്കരുതെന്ന് സിബിഐക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇന്നലെ ആവശ്യപ്പെട്ടു. സാക്ഷികളെയും വിചാരണയെയും സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും രാജ്യത്തിന്റെ പ്രധാന അന്വേഷണ ഏജന്‍സിയെ ജോലി ചെയ്യുന്നതില്‍ നിന്ന് തടയുന്നുവെന്നും സോളിസിറ്റര്‍ ജനറല്‍ ആരോപിച്ചു.
അതേ സമയം തൃണമൂല്‍ നേതാക്കളുടെ ജാമ്യം സ്റ്റേ ചെയ്ത ഉത്തരവ് സിബിഐ സമ്പാദിച്ചത് കോടതിയെ തെറ്റിദ്ധരിപ്പിച്ചാണെന്നാണ് തൃണമൂല്‍ നേതാക്കളുടെ അഭിഭാഷകന്‍ അഭിഷേക് സിംഗ്വിയുടെ വാദിച്ചു. . നിയമസഭ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കുള്ള പ്രതികരണമാണ് അറസ്റ്റെന്നും അഭിഷേക് സിംഗ്വി ഇന്നലെ കോടതിയെ അറിയിച്ചു.