Kerala
ഉത്തർപ്രദേശിൽ പള്ളി പൊളിച്ച സംഭവം; ഉത്തരവാദികൾക്കെതിരെ കർശന നടപടി എടുക്കണം: കാന്തപുരം

കോഴിക്കോട് | ഉത്തർപ്രദേശിലെ ബര്‍ബാങ്കി ജില്ലയില്‍ മുസ്ലിം പള്ളി പൊളിച്ചുമാറ്റിയ സംഭവം അതീവ ഗൗരവതരമാണെന്നും, അതിനുത്തരവാദികളായ ഉദ്യോഗസ്ഥരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരണമെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. പള്ളി തൽസ്ഥാനത്തു തന്നെ പണിയാൻ ഭരണകൂടം നടപടികൾ സ്വീകരിക്കണം.സ്വാതന്ത്ര്യ പൂർവ്വകാലത്ത് നിർമിക്കപ്പെട്ട ഒരു നൂറ്റാണ്ടോളം പഴക്കമുള്ള പള്ളി അനധികൃത നിര്മാണമാണ് എന്ന് പറയുന്നത് തന്നെ യുക്തിരഹിതമാണെന്നും കാന്തപുരം പറഞ്ഞു.
ഈ മഹാമാരി കാലത്ത് ജനങ്ങളെല്ലാം ആശങ്കയിൽ കഴിയുകയും, വീടുകളിൽ ഒതുങ്ങുകയും ചെയ്യുമ്പോൾ അതിനിടയിൽ ഇത്തരം നീചപ്രവത്തികൾ ചെയ്യുന്നത് കടുത്ത പ്രതിഷേധകരമാണ്.
കോടതികളുടെ ഇടപെടലുകളിൽ സൂക്ഷ്മത വേണം. രാജ്യത്തെ എല്ലാ മത വിഭാഗങ്ങളോടും, ജനവിഭാഗങ്ങളോടും ഒരേ രൂപത്തിലാണ് ഭരണകൂടവും ജുഡീഷ്വറിയും വർത്തിക്കിക്കേണ്ടത്. എന്നാൽ, മുസ്ലിംകൾക്ക് നേരെ നടക്കുന്ന വിവേചനപരമായ നിലപാടുകൾ ഒട്ടും ആശാസ്യമല്ല. പള്ളി തത്സ്ഥാനത്ത് തന്നെ പുനർ നിർമിക്കണമെന്ന ആവശ്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുമെന്നും കാന്തപുരം പറഞ്ഞു.