Socialist
ശൈലജ ടീച്ചറെ ചൊല്ലി സാമൂഹിക മാധ്യമങ്ങളില്‍ പൊരിഞ്ഞ പോര്

ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറെ പുതിയ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതിനെ ചൊല്ലി സാമൂഹിക മാധ്യമങ്ങളില്‍ പൊരിഞ്ഞ പോര്. ഇടതുപക്ഷ നിരയില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയിച്ച ടീച്ചറെ മന്ത്രിയാക്കാത്തത് നെറികേടാണെന്ന് വരെ ചിലര്‍ വാദിക്കുമ്പോള്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയ സി പി എം തീരുമാനത്തെ മറ്റുചിലര്‍ അഭിനന്ദിക്കുന്നു.
പാര്‍ട്ടി വ്യത്യാസമില്ലാതെ പലരും ശൈലജ ടീച്ചര്‍ക്ക് വേണ്ടി രംഗത്ത് വന്നിട്ടുണ്ട്. അവരില്‍ ചില സെലിബ്രിറ്റികളും ഉള്‍പ്പെടുന്നു. കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത നിപ്പയെന്ന മഹാവ്യാധിയെ പിടിച്ചുകെട്ടാനായതും മഹാമാരിയായ കൊവിഡിനെ ആദ്യഘട്ടത്തില്‍ തന്നെ ചെറുക്കാനായതും ജനങ്ങളുടെ മനസ്സില്‍ ശൈലജ ടീച്ചര്‍ക്ക് വീരപരിവേഷമാണുള്ളത്. അന്താരാഷ്ട്ര മാധ്യമങ്ങളും മറ്റും പ്രശംസിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം മുന്‍നിര്‍ത്തിയാണ് അവരെ മന്ത്രിസഭയില്‍ നിന്ന് തഴയരുതെന്ന് ആവശ്യമുയരുന്നത്.
എന്നാല്‍, തീര്‍ത്തും പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുകയെന്ന പാര്‍ട്ടി നിലപാടിനെ സ്വാഗതം ചെയ്യുന്നവരും നിരവധിയുണ്ട്. പാര്‍ട്ടി അനുഭാവികള്‍ അല്ലാത്തവരും ഈ തീരുമാനത്തെ അഭിനന്ദിക്കുന്നു.