Connect with us

Gulf

ശക്തി തായാട്ട് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ടി പത്മനാഭന് ടി കെ രാമകൃഷ്ണന്‍ പുരസ്‌കാരം

Published

|

Last Updated

അബൂദബി | മലയാളത്തിലെ സര്‍ഗധനരായ എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ശക്തി തിയേറ്റേഴ്സ് അബൂദബി ഏര്‍പ്പെടുത്തിയ അബൂദബി ശക്തി തായാട്ട് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 1987 ല്‍ അബൂദബി ശക്തി അവാര്‍ഡ് കമ്മിറ്റി രൂപവത്ക്കരിച്ചതു മുതല്‍ അതിന്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ച മുന്‍ സാംസ്‌കാരിക മന്ത്രി കൂടിയായിരുന്ന ടി കെ രാമകൃഷ്ണന്റെ സ്മരണ മുന്‍നിര്‍ത്തി ഏര്‍പ്പെടുത്തിയ ശക്തി ടി കെ രാമകൃഷ്ണന്‍ പുരസ്‌കാരത്തിന് സാഹിത്യകാരന്‍ ടി പത്മനാഭന്‍ അര്‍ഹനായി. അരലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം.

മലയാള സാഹിത്യത്തിന്റെ വളര്‍ച്ചക്കും പുരോഗതിക്കും സഹായകരമായ മികച്ച കൃതികള്‍ കണ്ടെത്തി അവയുടെ രചയിതാക്കളെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 1987 മുതല്‍ നല്‍കിവരുന്ന അബൂദബി ശക്തി അവാര്‍ഡുകള്‍ക്ക് ഇത്തവണ താഴെ പറയുന്നവര്‍ അര്‍ഹരായി.വിജ്ഞാന സാഹിത്യത്തിനുള്ള പുരസ്‌കാരം: ഡോ. അനില്‍ വള്ളത്തോള്‍ (എഴുത്തച്ഛന്‍ എന്ന പാഠപുസ്തകം), കഥ: ജോണ്‍ സാമുവല്‍ (യഥാസ്തു), നോവല്‍: എല്‍ ഗോപീകൃഷ്ണന്‍ (ഞാന്‍ എന്റെ ശത്രു).

കവിതാ പുരസ്‌കാരം ഡോ. ദേശമംഗലം രാമകൃഷ്ണനും (എന്നെ കണ്ടുമുട്ടാനെനിക്കാവുമോ) ഇ സന്ധ്യ (അമ്മയുള്ളതിനാല്‍) യും പങ്കിട്ടു. ബാലസാഹിത്യത്തിനുള്ള അവാര്‍ഡ് കലവൂര്‍ രവികുമാറിന്റെ ചൈനീസ് ബോയ് എന്ന കൃതിക്കാണ്. നാടകത്തിനുള്ള അവാര്‍ഡ് ടി പവിത്രനും (പ്രാപ്പിടിയന്‍) ചേരാമംഗലം ചാമുണ്ണിയും (ജീവിതത്തിന്റെ ഏടുകള്‍) പങ്കിട്ടു. പ്രശസ്ത സാഹിത്യ വിമര്‍ശകനും, വിദ്യാഭ്യാസ ചിന്തകനും ദേശാഭിമാനി വാരികയുടെ പത്രാധിപരും ആയിരുന്ന തായാട്ട് ശങ്കരന്റെ സ്മരണക്കായി 1989 ല്‍ രൂപം നല്‍കിയ നിരൂപണ സാഹിത്യത്തിനുള്ള ശക്തി തായാട്ട് അവാര്‍ഡ് ഇത്തവണ ഡോ. സന്തോഷ് പള്ളിക്കാട് (പുരാവൃത്തവും കവിതയും) ടി നാരായണന്‍ (കൃതികള്‍ മനുഷ്യകഥാനുഗായികള്‍) എന്നിവര്‍ പങ്കിട്ടു.

പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനും സാംസ്‌കാരിക നായകനുമായ പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ളയുടെ സ്മരണക്കായി 2014 ല്‍ ഏര്‍പ്പെടുത്തിയ ഇതര സാഹിത്യത്തിനുള്ള ശക്തി – എരുമേലി അവാര്‍ഡ് ഭാസുരാദേവി (പി കെ കുഞ്ഞച്ചന്റെ ഭാസുര ഓര്‍മകള്‍), ഡോ. ഗീനാകുമാരി (സുശീല ഗോപാലന്‍ ജീവിതകഥ) എന്നിവര്‍ പങ്കിട്ടു. 25,000 രൂപയും ശില്‍പവും പ്രശസ്തിപത്രവും ഉള്‍പ്പെട്ടതാണ് ഈ അവാര്‍ഡുകള്‍. അര്‍ഹതപ്പെട്ട രണ്ടുപേരുള്ള ഇനങ്ങളില്‍ തുക തുല്യമായി വീതിച്ചു നല്‍കും. പുരസ്‌കാര സമിതി ചെയര്‍മാന്‍ പി കരുണാകരന്‍, അംഗം എം വി ഗോവിന്ദന്‍ മാസ്റ്റര്‍, കണ്‍വീനര്‍ എ കെ മൂസ മാസ്റ്റര്‍ എന്നിവര്‍ പത്രക്കുറിപ്പിലൂടെയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

Latest