First Gear
ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് റിചാര്‍ജ് ചെയ്യാവുന്ന റോഡ് വികസിപ്പിക്കാന്‍ റോക്കറ്റ് ശാസ്ത്രജ്ഞര്‍

വാഷിംഗ്ടണ്‍ | ചാര്‍ജിംഗ് സൗകര്യങ്ങളില്ലാത്തത് ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതില്‍ നിന്ന് ജനങ്ങളെ അകറ്റുന്ന പ്രധാന വെല്ലുവിളിയാണ്. ഈ പ്രശ്‌നത്തിന് നൂതന പരിഹാരം തേടുകയാണ് ശാസ്ത്രജ്ഞര്‍. ഓടിക്കൊണ്ടിരിക്കെ റോഡില്‍ വെച്ചുതന്നെ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന സംവിധാനമാണ് കോര്‍ണെല്‍ യൂനിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ വികസിപ്പിക്കുന്നത്.
ഇതിലൂടെ ചാര്‍ജിംഗ് സൗകര്യങ്ങളുടെ ക്ഷാമം പരിഹരിക്കുക മാത്രമല്ല, ചാര്‍ജ് എത്ര നേരം നീണ്ടുനില്‍ക്കുമെന്ന ആശങ്കയും ഇല്ലാതാക്കാം. ഇന്‍ഡക്ടീവ് ചാര്‍ജിംഗ് എന്ന സംവിധാനമാണ് ഇതിന് ഉപയോഗിക്കുക. വാഹന നിര്‍മാതാക്കളെ സംബന്ധിച്ചിടത്തോളം ഈ സാങ്കേതികവിദ്യ പുതിയതല്ല.
വയര്‍ലെസ്സായി വാഹനത്തിനകത്ത് സ്മാര്‍ട്ട് ഫോണ്‍ ചാര്‍ജ് ചെയ്യുന്ന സംവിധാനം ഇതേരീതിയിലാണ്. പക്ഷേ ഈ സംവിധാനം റോഡില്‍ പ്രയോഗിക്കുമ്പോള്‍ വലിയ കാന്തിക മണ്ഡലം അനിവാര്യമായി വരും. ചെലവേറിയതുമാണ്.
ഈ പ്രശ്‌നം പരിഹരിക്കാന്‍ നാസയുടെ ജെറ്റ് പ്രൊപള്‍ഷന്‍ ലാബിലെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുകയാണ് കോര്‍ണെല്‍ യൂനിവേഴ്‌സിറ്റി ഗവേഷകര്‍. കാന്തിക മണ്ഡലത്തിന് പകരം ഉയര്‍ന്ന തരംഗദൈര്‍ഘ്യമുള്ള വൈദ്യുത മണ്ഡലങ്ങളെയാണ് ഉപയോഗിക്കുക. ഇതിലൂടെ 18 സെന്റി മീറ്റര്‍ വരെ ഗ്രൗണ്ട് ക്ലിയറന്‍സുള്ള വാഹനങ്ങളെ റോഡില്‍ വെച്ചുതന്നെ വയര്‍ലെസ്സായി ചാര്‍ജ് ചെയ്യാന്‍ സാധിക്കും.