Connect with us

Gulf

കുവൈത്തില്‍ കവര്‍ച്ചക്ക് ഇരയായ തൃശൂര്‍ സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ കവര്‍ച്ചക്കിരയായതിനെ തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ പോയ തൃശൂര്‍ സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ചാവക്കാട് സ്വദേശി ആരാച്ചാം വീട്ടില്‍ മുഹമ്മദ് റസാഖി(60)നെയാണ് അബ്ബാസിയയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഡെലിവറി ബിസിനസ്സ് ചെയ്തിരുന്ന റസാഖില്‍ നിന്നും കഴിഞ്ഞ ദിവസം ഒരു സംഘമാളുകള്‍ 2000 ദിനാര്‍ തട്ടിയെടുത്തിരുന്നു. ജലീബില്‍ വെച്ച് നടന്ന ഈ സംഭവത്തിന് ശേഷം പരാതിപ്പെടാനായി പോലീസ് സ്റ്റേഷനിലേക്ക് പോയ റസാഖ് ഏറെ വൈകിയിട്ടും തിരിച്ചുവന്നില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്ന വിവരം ലഭിച്ചതോടെ സുഹൃത്തുക്കള്‍ നടത്തിയ അന്വേഷണത്തില്‍ മൃതദേഹം ഫര്‍വ്വാനിയ ദജീജ് മോര്‍ച്ചറിയില്‍ ഉണ്ടെന്ന വിവരമാണ് ലഭിച്ചത്.

ഇതോടെ സുഹൃത്തുക്കള്‍ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുകയും മുഹമ്മദ് റസാഖിനെ ശനിയാഴ്ച അബ്ബാസിയ ടെലികമ്മ്യൂണിക്കേഷന്‍ പിന്‍വശം മരിച്ച നിലയില്‍ കണ്ടെത്തിയ വിവരം പോലീസ് സുഹൃത്തുക്കളെ അറിയിക്കുകയായിരുന്നു. എന്നാല്‍ ശേഷം നടത്തിയ അന്വേഷണത്തില്‍ റസാഖിന്റെ വാഹനവും അതിലുണ്ടായിരുന്ന 17,000 ദിനാറിന്റെ കച്ചവട ചരക്കുകളും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

സംഭവത്തില്‍ അബ്ബാസിയ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

– അന്‍വര്‍ സി ചിറക്കമ്പം

Latest