Kozhikode
നാശം വിതച്ച തീരദേശങ്ങളില്‍ അടിയന്തര സഹായങ്ങളെത്തിക്കണം: ഖലീലുല്‍ ബുഖാരി തങ്ങള്‍


കടല്‍ക്ഷോഭം രൂക്ഷമായ കടലുണ്ടി പ്രദേശങ്ങളില്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ സന്ദര്‍ശനം നടത്തുന്നു. നിയുക്ത ബേപ്പൂര്‍ എം എല്‍ എ മുഹമ്മദ് റിയാസ് സമീപം
കോഴിക്കോട് : കടലാക്രമണം കാരണം നാശം വിതച്ച തീരപ്രദേശങ്ങളില്‍ കഴിയുന്നവര്‍ക്കും എല്ലാ സഹായങ്ങളുമെത്തിക്കണമെന്നും അവര്‍ക്കായി പ്രാര്‍ഥിക്കണമെന്നും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ ബുഖാരി അഭ്യര്‍ഥിച്ചു. കൊവിഡ് മഹാമാരിയുടെ ദുരിതവും മത്സ്യസമ്പത്തിന്റെ ലഭ്യതക്കുറവും കാരണം പൊതുവെ ബുദ്ധിമുട്ടിലായ തീരദേശത്തുള്ളവരെ കൂടുതല്‍ ദുരിതക്കയത്തിലേക്കാണ് പ്രകൃതിക്ഷോഭം തള്ളിയിട്ടത്.
തീരപ്രദേശങ്ങളില്‍ കടലാക്രമണം തടയുന്നതിനും കടല്‍ പരിസരത്ത് താമസിക്കുന്ന വര്‍ക്ക് സ്വസ്ഥ ജീവിതം നയിക്കുന്നതിനും ശാസ്ത്രീയ രീതിയിലുള്ള നടപടികള്‍ ബന്ധപ്പെട്ടവര്‍ കൈ കൊള്ളണം- അദ്ദേഹം ആവശ്യപ്പെട്ടു. കടലുണ്ടി പ്രദേശങ്ങളിലെ ദുരിത സ്ഥലങ്ങളില്‍ അടിയന്തര പരിഹാര നടപടികള്‍ കൈക്കൊണ്ട നിയുക്ത എം എല്‍ എ. പി എ.മുഹമ്മദ് റിയാസിനെ പ്രത്യേകം അഭിനന്ദിച്ചു. ഇരുവരും കടലുണ്ടിയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.
ക്യാമ്പുകളിലും കുടുംബ വീടുകളിലും കഴിയുന്നവര്‍ക്ക് മഹല്ല് ഖാസി കൂടിയായ ഖലീല്‍ ബുഖാരി തങ്ങളുടെ നിര്‍ദേശ പ്രകാരം കടലുണ്ടി മുഹ്‌യിദ്ധീന്‍ പള്ളി പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭക്ഷണമെത്തിക്കുന്നുണ്ട്. തുടര്‍ന്നും വിവിധ സഹായമെത്തിക്കാനുള്ള പദ്ധതി നടപ്പിലാക്കുന്നുണ്ടെന്നും തങ്ങള്‍ പറഞ്ഞു.