Connect with us

International

ഗസ്സയിൽ ഭീതിയുടെ പെരുന്നാൾ; അഭയം തേടാനൊരിടം പോലുമില്ലാതെ ആയിരങ്ങൾ

Published

|

Last Updated

ഗസ്സ സിറ്റി | വർഷങ്ങൾക്കുശേഷം ഗസ്സ നഗരം ഇസ്‌റാഈൽ ഭീകരതയിൽ വിറങ്ങലിച്ച് നിൽക്കുകയാണ്. കൊവിഡിന്റെ ഭീതിയിൽ നിന്ന് ഏറെക്കുറെ മോചനമായതിന് ശേഷമുള്ള പെരുന്നാളാണ് വെടിയൊച്ചകളാലും ചോരപ്പുഴകളാലും കഴിഞ്ഞുപോകുന്നത്. പെരുന്നാൾ രാവിൽ നിറഞ്ഞുകവിയാറുണ്ടായിരുന്ന ഗസ്സയിലെ കൊച്ചു നഗരം ഇന്നലെ പൂർണമായും ശൂന്യമായിരുന്നു. ഒന്നോ രണ്ടോ കടകളൊഴിച്ചാൽ ബാക്കിയെല്ലാം പൂർണമായും അടഞ്ഞുകിടക്കുകയായിരുന്നു.

ഇസ്‌റാഈൽ സൈന്യത്തിന്റെ വ്യോമാക്രമണം ഭയന്ന് ആരും നഗരത്തിലേക്ക് ഇറങ്ങിയില്ല. വീട്ടിൽ പോലും സമാധാനത്തോടെ അന്തിയുറങ്ങാൻ സാധിക്കാത്ത സാഹചര്യത്തിലാണ് ഗസ്സ നിവാസികൾ. ജറൂസലമിലെ മനുഷ്യത്വരഹിതമായ നടപടിയിലുള്ള പ്രതിഷേധങ്ങൾക്ക് ഇസ്‌റാഈൽ പകരം ചോദിക്കുന്നത് ഫലസ്തീനികൾ തിങ്ങിപ്പാർക്കുന്ന ഗസ്സയിലേക്ക് മിസൈലുകൾ അയച്ചാണ്.
സ്ത്രീകളും കുട്ടികളും തിങ്ങിപ്പാർക്കുന്ന അപ്പാർട്ട്‌മെന്റുകളും കോളനികൾക്ക് സമാനമായ സ്ഥലങ്ങളുമാണ് ഇസ്‌റാഈൽ സൈന്യം ലക്ഷ്യംവെക്കുന്നത്. ഇസ്‌റാഈലിനെതിരെ ആക്രമണം നടത്തുന്ന ഹമാസ് സായുധ സംഘത്തിന്റെ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നതിന് പകരം ഫലസ്തീനിലെ സാധാരണക്കാരെ കൊന്നൊടുക്കുകയെന്ന ഗൂഢ ലക്ഷ്യമാണ് ഇസ്‌റാഈലിനുള്ളത്. കിഴക്കൻ ജറൂസലമിലെ വീടുകളിൽ നിന്ന് ഫലസ്തീൻ പൗരന്മാരെ കുടിയൊഴിപ്പിച്ച് പ്രകോപനം സൃഷ്ടിച്ചത് പോലും 2018ലെ ഇസ്‌റാഈൽ ഭീകരാക്രമണത്തിന് ശേഷം പൂർവസ്ഥിതിയിലായിക്കൊണ്ടിരിക്കുന്ന ഗസ്സയെ തകർക്കാൻ വേണ്ടിയാണെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന വ്യോമാക്രമണമെന്ന് മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു. ഹമാസിന്റെ റോക്കറ്റ് ആക്രമണത്തിന് കാത്തിരുന്നുവെന്ന് സംശയിക്കുന്ന രീതിയിലാണ് ഇസ്‌റാഈൽ സേനയുടെ ഗസ്സയിലേക്കുള്ള മിസൈൽ വർഷം.

മിസൈലുകളുടെ വരവ് മുൻകൂട്ടി അറിഞ്ഞ് സാധാരണക്കാർക്ക് മുന്നറിയിപ്പ് നൽകാനുള്ള യാതൊരു സംവിധാനവും ഗാസയിലില്ല. കെട്ടിടങ്ങളിൽ സുരക്ഷാ മുറികളോ നഗരത്തിൽ എയർ റെയ്ഡ് സൈറനുകളുമില്ല. മിസൈലുകൾ പതിക്കുന്ന ശബ്ദം കേൾക്കുമ്പോൾ വീടുകളിലേക്ക് ഓടിക്കയറുകയാണ് ഇവിടുത്തെ പൗരന്മാർ. എന്നാൽ, തൊട്ടുപിന്നാലെ വരുന്ന മിസൈലുകൾ ഇവർ ഓടിയൊളിച്ച വീടുകൾ ലക്ഷ്യംവെച്ചായിരിക്കും.

അഷ്‌കലോണിലും ആദിയുണ്ട്

ഇസ്‌റാഈൽ സൈന്യത്തിന്റെ കൊടും ഭീകര നടപടിക്കെതിരെ ഹമാസ് നടത്തുന്ന തിരിച്ചടി ഏറ്റവും കൂടുതൽ ബാധിക്കുന്നത് തെക്കൻ ഇസ്‌റാഈലിലെ അഷ്‌കലോൺ എന്ന നഗരമാണ്. മലയാളികളടക്കമുള്ള വിദേശികൾ താമസിക്കുന്ന ഈ നഗരത്തിലെ നിരവധി കെട്ടിടങ്ങൾ ഹമാസിന്റെ റോക്കറ്റ് ആക്രമണത്തിൽ തകർന്നിട്ടുണ്ട്. ഗസ്സയുമായി താരതമ്യം ചെയ്യുമ്പോൾ ഭീകരാന്തരീക്ഷമില്ലെങ്കിലും ഇവിടുത്തെ സാധാരണക്കാർ ഭീതിയിലാണ്. മിസൈലുകളുടെ വരവ് കൃത്യമായി അറിയാനും അതനുസരിച്ച് സൈറൺ മുഴക്കി ജനങ്ങളെ അറിയിക്കാനുമുള്ള സംവിധാനമുള്ളതിനാൽ ജനങ്ങൾ സുരക്ഷിതരാണ്. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട മലയാളി യുവതി താമസിച്ചിരുന്നതും അഷ്‌കലോണിലെ അപ്പാർട്ട്‌മെന്റിലായിരുന്നു.

ഹമാസിന്റെ മിസൈലുകളെ പ്രതിരോധിക്കാനുള്ള അത്യാധുനിക സംവിധാനങ്ങൾ ഇസ്‌റാഈലിനുണ്ടെങ്കിലും ഇതിനെയെല്ലാം മറികടന്നെത്തുന്നവയാണ് അഷ്‌കലോണിൽ പതിക്കുന്നത്.

Latest