Connect with us

Articles

സംഭവബഹുലമായ ഒരു രാഷ്ട്രീയ ജീവിതം

Published

|

Last Updated

കേരള ജനത അത്യധികം അഭിമാന സ്നേഹാദരങ്ങളോടെ സ്മരിക്കുന്ന വിപ്ലവ നായിക കെ ആര്‍ ഗൗരിയമ്മക്ക് ഇന്ത്യയിലെ തന്നെ രാഷ്ട്രീയ പ്രവര്‍ത്തകരില്‍ ഏറ്റവും ശ്രദ്ധേയമായ സ്ഥാനമുണ്ട്. സുദീര്‍ഘവും സംഭവബഹുലവുമായ ഒരു കര്‍മകാണ്ഡം അവകാശപ്പെടാവുന്ന മറ്റൊരു നേതാവ് ഗൗരിയമ്മയെപ്പോലെ കേരളത്തിലില്ലെന്നു തന്നെ പറയാം. ദേശീയ തലത്തിലും സമാനതകളുള്ള മറ്റൊരു നേതാവുണ്ടെന്നും പറയാനാകില്ല.

1948 മുതല്‍ 2011 വരെ തുടര്‍ച്ചയായി നടന്ന എല്ലാ നിയമസഭാ തിരഞ്ഞെടുപ്പുകളിലും മത്സരിച്ച് 12 പ്രാവശ്യം വിജയിയായി. 102ാം വയസ്സില്‍ മരിക്കും വരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അമരത്തു തുടര്‍ന്ന ഒരു രാഷ്ട്രീയ നേതാവും ലോകത്തു തന്നെ കാണുകയില്ല.

വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത ദീര്‍ഘകാലത്തെ ത്യാഗോജ്ജ്വലവും സംശുദ്ധവും അഴിമതിരഹിതവും നിസ്വാര്‍ഥവുമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഉടമ. എന്നും മർദിത ജനങ്ങള്‍ക്കുവേണ്ടി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തിയ കരുത്തുറ്റ നേതാവ്, മികച്ച ഭരണാധികാരി, 1952ല്‍ തിരുകൊച്ചി നിയമസഭാംഗമായത് മുതല്‍ 2006 വരെ 12 നിയമസഭകളിലായി പ്രഗത്ഭമായ സാന്നിധ്യം തെളിയിച്ച നിയമസഭാംഗം, മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ പ്രതീകം, സാമൂഹിക നീതിയുടെയും സ്ത്രീ ശാക്തീകരണത്തിന്റെയും വക്താവ്, രാഷ്ട്രീയം ജനസേവനത്തിനാണ് പണസമ്പാദന മാര്‍ഗമല്ലെന്ന പ്രമാണത്തെ എന്നും മുറുകെ പിടിച്ച രാഷ്ട്രീയ നേതാവ്, ഭാവനാ സമ്പന്നയായ സംഘാടക, ആറ് മന്ത്രിസഭകളിലായി 16 വര്‍ഷക്കാലം മന്ത്രി എന്നിങ്ങനെ ഗൗരിയമ്മയുടെ ശിരസ്സിനിണങ്ങുന്ന പൊന്‍ തൂവലുകള്‍ ഏറെയാണ്.
പല കാലഘട്ടങ്ങളിലായി ദീര്‍ഘകാലത്തെ യാതനാപൂര്‍ണമായ ജയില്‍ വാസവും ശാരീരിക മാനസിക പീഡനങ്ങളും ഗൗരിയമ്മക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. എതിര്‍പ്പുകളുടെ തീജ്വാലക്കു മുമ്പിലും അചഞ്ചലമായി നില്‍ക്കാനുള്ള ധീരതയും തന്റെ വിശ്വാസങ്ങള്‍ക്കായി അവസാനം വരെ മുഖം നോക്കാതെ തളരാതെ നിന്നു പൊരുതാനുള്ള കരളുറപ്പും ഗൗരിയമ്മയുടെ പ്രത്യേക സ്വഭാവ മുദ്രകളാണ്.
ഭൂപരിഷ്‌കരണ നിയമം, പൊതുപ്രവര്‍ത്തക അഴിമതി നിരോധന നിയമം, സംവരണ സംരക്ഷണ നിയമം, വനിതാ കമ്മീഷന്‍ നിയമം, കുടികിടപ്പുകാരെയും പാട്ടക്കാരെയും ഒഴിപ്പിക്കലിനെതിരെ ധന നിയമം, ടെക്നോപാര്‍ക്ക് ഉള്‍പ്പെടെ കേരളീയ സമൂഹത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തിയ നിരവധി നിയമങ്ങളുടെ മുഖ്യശില്‍പ്പി ഗൗരിയമ്മയായിരുന്നു.

മന്ത്രിയായി റവന്യൂ, ഭക്ഷ്യം, വ്യവസായം, നിയമം, നീതിന്യായം, വിജിലന്‍സ്, സാമൂഹിക വികസനം, ജലസേചനം, കൃഷി, കയര്‍, മില്‍മ, മൃഗസംരക്ഷണം മുതലായ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഇടത്-വലത് മന്ത്രിസഭകളില്‍ ദീര്‍ഘകാലം മന്ത്രിയായിരുന്നിട്ടുള്ള ഗൗരിയമ്മ കൈകാര്യം ചെയ്തിട്ടുള്ള വകുപ്പുകള്‍ പ്രതിപക്ഷത്തിന്റെ പോലും മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.
നിയമസഭാ പബ്ലിക് അക്കൗണ്ട് കമ്മിറ്റി, അഷ്വറന്‍സ് കമ്മിറ്റി എന്നിവയുടെ ചെയര്‍ പേഴ്സൻ, സി പി ഐ (എം)ന്റെ നിയമസഭാ ഡെപ്യൂട്ടി ലീഡര്‍, സി പി ഐ (എം) സംസ്ഥാന കമ്മിറ്റി അംഗം, സെക്രട്ടേറിയറ്റ് അംഗം, 24 വര്‍ഷക്കാലം കേരള കര്‍ഷക സംഘത്തിന്റെ പ്രസിഡന്റ്, കേരള മഹിളാ സംഘം പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില്‍ 20 വര്‍ഷക്കാലവും സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 1994 മുതല്‍ 2021 ജനുവരി 31 വരെ ജെ എസ് എസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി. പിന്നീട് ജെ എസ് എസ് പ്രസിഡന്റായി തുടരുന്ന ഗൗരിയമ്മ പാര്‍ട്ടിയുടെ പാര്‍ലിമെന്ററി പാര്‍ട്ടി ലീഡറായും അഞ്ച് വര്‍ഷം ഇരുന്നിട്ടുണ്ട്. പുന്നപ്ര വയലാറിന്റെ തീച്ചൂളയായി മാറിയ ചേര്‍ത്തലയിലെ തിളച്ചുമറിഞ്ഞ മണ്ണില്‍ നിന്നാണ് കെ ആര്‍ ഗൗരിയെ കേരളത്തിന് ലഭിച്ചത്. രാഷ്്ട്രീയവും ഭരണവും ജനസേവനത്തിനാണെന്നും അത് അഴിമതിമുക്തമായിരിക്കണമെന്നും അവര്‍ വിശ്വസിച്ചു.
1946 മുതല്‍ പൊതുരംഗത്തും രാഷ്ട്രീയ രംഗത്തും നിറഞ്ഞ സാന്നിധ്യമായിരുന്ന ഗൗരിയമ്മക്ക് അഴിമതിയുടെ കറ ഒട്ടും പുരളാത്ത വ്യക്തിത്വമാണുള്ളത്. സ്ത്രീ ശാക്തീകരണത്തിനുള്ള പോരാട്ടത്തില്‍ ഗൗരിയമ്മ എന്നും മുന്‍ നിരയിലായിരുന്നു. കേരള ജനതയുടെ ഉള്ളില്‍ സംശുദ്ധവും ചടുലവും ജീവസ്സുറ്റതുമായ ഒരു പ്രതിഛായയാണ് ഗൗരിയമ്മയുടേതായിട്ടുള്ളത്. ധന്യമായ ജീവിതത്തിനുടമയായി ജന്മശതാബ്ദിയുടെ നറുവെട്ടത്തില്‍ തിളങ്ങി നില്‍ക്കെത്തന്നെയാണ് ആ മഹത് ജീവിതം പൂര്‍ണമാകുന്നത്.

1957ലെ മന്ത്രിസഭ കഴിഞ്ഞ് വന്ന തിരഞ്ഞെടുപ്പില്‍ ടി വി തോമസ് തോറ്റു. വരുമാനം ഇല്ലാതായി. ഗൗരിയമ്മയുടെ വരുമാനം കൊണ്ട് ജീവിക്കണമായിരുന്നു. ചെലവിന് പണം കണ്ടെത്താന്‍ ഗൗരിയമ്മ പച്ചക്കറി കൃഷി ചെയ്തു. പശുവിനെ വളര്‍ത്തി പാല്‍ വിറ്റിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിച്ചിരുന്ന കാലത്ത് കമ്മ്യൂണിസത്തിന്റെ വിത്തിന് വെള്ളവും വളവും നല്‍കി പരിചരിച്ച പെണ്‍കരുത്ത്. ബ്രിട്ടീഷ് ലാത്തിയുടെ കൊടും ക്രൂരതയുടെ വേദന കടിച്ചമര്‍ത്തിയപ്പോഴും ഉള്ളില്‍ തിളച്ചത് വിപ്ലവാവേശമായിരുന്നു.

കേരം തിങ്ങും കേരള നാട്ടില്‍ കെ ആര്‍ ഗൗരി ഭരിച്ചീടും എന്നായിരുന്നു ഒരുകാലത്ത് സി പി ഐ(എം)ന്റെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം. ഇ എം എസ്, എ കെ ജി, കെ ആര്‍ ഗൗരി, സുന്ദരയ്യ സിന്ദാബാദ് എന്നായിരുന്ന കേരളം കേട്ടുവളര്‍ന്ന മറ്റൊരു വിളി.

ഗൗരിയമ്മയെ പോലെ കരുത്തുറ്റ ഒരു ഭരണാധികാരിയെ കണ്ടിട്ടില്ലെന്നാണ് മുന്‍ ഡി ജി പി അലക്സാണ്ടര്‍ ജേക്കബ് തന്റെ സര്‍വീസ് അനുഭവങ്ങള്‍ നിരത്തി പറയുന്നത്. രാഷ്ട്രീയ എതിരാളികള്‍ പോലും എതിര്‍പ്പില്ലാതെ ആദരിക്കുന്ന കെ ആര്‍ ഗൗരിയമ്മ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി പി ഐല്‍ നിന്ന് സി പി എമ്മിലേക്ക് ചങ്കൂറ്റത്തോടെ കാലെടുത്തുവെച്ചു. ഗൗരിയമ്മക്ക് അതിനായി ജീവിത പങ്കാളിയെയാണ് കൈവെടിയേണ്ടി വന്നത്. സ്ത്രീക്ക് സ്വന്തം മുഖവും വ്യക്തിത്വവും ഉണ്ടെന്ന് കേരള സമൂഹത്തില്‍ പൊരുതി സ്ഥാപിച്ച വ്യക്തിയാണ് ഗൗരിയമ്മ.

പി കൃഷ്ണപിള്ളയില്‍ നിന്നാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗത്വം ഗൗരിയമ്മ സ്വീകരിച്ചത്. പി കൃഷ്ണപിള്ള, ഇ എം എസ്, എ കെ ജി തുടങ്ങിയ ഒന്നാം തലമുറ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ ഗൗരിയമ്മ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ വലിയ സംഭാവനയാണ് നല്‍കിയത്. ദിവാന്‍ ഭരണത്തിനെതിരെ പൊരുതിയ ഗൗരിയമ്മയെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സര്‍. സി പി മജിസ്ട്രേറ്റ് പദവി വാഗ്ദാനം ചെയ്തു. പക്ഷേ ഗൗരിയമ്മ അത് നിരാകരിച്ചു. മജിസ്ട്രേറ്റ് പദവി സ്വീകരിച്ച് സര്‍. സി പിയുടെ ന്യായാധിപ ആകുന്നതില്‍ ആയിരുന്നില്ല, സര്‍. സി പിക്കെതിരെ പൊരുതി അദ്ദേഹത്തിന്റെ തടവറയിലാകുന്നതായിരുന്നു ഗൗരിയമ്മക്ക് താത്പര്യം എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആലപ്പുഴയില്‍ ഗൗരിയമ്മയുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ചത്. ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തെ വര്‍ത്തമാനകാല രാഷ്ട്രീയവുമായി കൂട്ടിയിണക്കുന്ന അപൂര്‍വം കണ്ണികളില്‍ വിലപ്പെട്ട ഒരു കണ്ണിയാണ് ഗൗരിയമ്മയെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു. പ്രസ്തുത ആഘോഷത്തില്‍ നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായി സഭക്ക് അവധി നല്‍കി സ്പീക്കറും മന്ത്രിമാരും എം എല്‍ എമാരും എത്തി.
മുന്‍ ഗവര്‍ണര്‍മാരും പ്രതിപക്ഷ നേതാവും എം പിമാരും മുന്‍ മന്ത്രിമാരും എം എല്‍ എമാരും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരും മതാധ്യക്ഷന്‍മാരും വിവിധ സമുദായ സംഘടനാ പ്രതിനിധികളും ആശംസകള്‍ നേരാനെത്തിയിരുന്നു. ശതാബ്ദി സമ്മേളനം എന്നതിലുപരി അണികളുടെയും സ്നേഹിതരുടെയും പ്രവര്‍ത്തകരുടെയും ഒഴുക്കായിരുന്നു അന്ന്. അന്നത്തെ ഗൗരിയമ്മയുടെ പ്രസംഗത്തില്‍, തന്റെ അവസാനശ്വാസം വരെ സ്ത്രീകള്‍ക്കായി പോരാടുമെന്ന് പതര്‍ച്ച ഇല്ലാത്ത വാക്കുകളില്‍ അവര്‍ ഓര്‍മപ്പെടുത്തിയിരുന്നു.

അഡ്വ. എ എന്‍ രാജന്‍ബാബു
(ജനറല്‍ സെക്രട്ടറി, ജെ എസ് എസ്)