International
ഫലസ്തീന്‍ കുടുംബങ്ങളെ ഒഴിപ്പിക്കുന്ന കേസ് മാറ്റിവെച്ച് ജറുസലേം കോടതി

ജറുസലേം | അധിനിവിഷ്ട കിഴക്കന്‍ ജറുസലേമില്‍ നിന്ന് ഫലസ്തീന്‍ കുടുംബങ്ങളെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച കേസിലെ വാദംകേള്‍ക്കല്‍ മാറ്റിവെച്ച് കോടതി. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ പ്രതിഷേധത്തിനും ഇസ്‌റാഈല്‍ സൈന്യത്തിന്റെ അതിക്രമത്തിനും വേദിയായ ശൈഖ് ജര്‍റയില്‍ നിന്ന് ഒഴിപ്പിക്കുന്നത് സംബന്ധിച്ചായിരുന്നു കേസ്.
ഇസ്‌റാഈലി സുപ്രീം കോടതിയാണ് വാദംകേള്‍ക്കല്‍ മാറ്റിവെച്ചത്. കോടതി തീരുമാനത്തെ ശൈഖ് ജര്‍റ പ്രദേശവാസികള്‍ അപലപിച്ചു. ഈ തീരുമാനം പ്രതീക്ഷിച്ചതാണെന്നും കേസ് അവസാനിച്ചുവെന്ന് ഇതിനര്‍ഥമില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു.
അതേസമയം, ഇസ്‌റാഈല്‍ അതിക്രമത്തില്‍ പ്രദേശവാസികള്‍ക്ക് സോഷ്യല്‍ മീഡിയയിലും അല്ലാതെയും വലിയ പിന്തുണയാണ് ലഭിക്കുന്നത്. ലൈലതുല്‍ ഖദര്‍ ദിനത്തില്‍ ഇസ്ലാമിലെ മൂന്നാമത്തെ വിശുദ്ധ സ്ഥലമായ അല്‍ അഖ്‌സ മസ്ജിദിലേക്ക് ആരാധനക്കെത്തിയ വിശ്വാസികളെ ഇസ്‌റാഈലി പോലീസ് തടഞ്ഞതിനെ തുടര്‍ന്നാണ് പ്രതിഷേധമുണ്ടായത്. ശനിയാഴ്ച വൈകിട്ടുണ്ടായ പ്രതിഷേധത്തെ പോലീസ് അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. 90 ഫലസ്തീനികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.