Connect with us

Gulf

മസ്ജിദുല്‍ അഖ്സയിലെ ഇസ്രാഈല്‍ ആക്രമണം; ശക്തമായി അപലപിച്ച് ഗള്‍ഫ് രാജ്യങ്ങളും യൂറോപ്യന്‍ യൂനിയനും

Published

|

Last Updated

ജറുസലേം | റമസാനിലെ 27ാം രാവില്‍ പലസ്തീനിലെ മസ്ജിദുല്‍ അഖ്സയില്‍ നമസ്‌കാരത്തില്‍ പങ്കെടുത്ത വിശ്വാസികള്‍ക്ക് നേരെ ജൂത ഭരണകൂടം നടത്തിയ സൈനികാക്രമണത്തെ ഗള്‍ഫ് രാജ്യങ്ങളും യൂറോപ്യന്‍ യൂനിയനും ശക്തമായി അപലപിച്ചു. ഫലസ്തീന്‍ കുടുംബങ്ങളെ ജറുസലേമിലെ വീടുകളില്‍ നിന്ന് പുറത്താക്കാനുള്ള ഇസ്രാഈല്‍ പദ്ധതികളെയും നടപടികളെയും സഊദി അറേബ്യ അപലപിക്കുകയും ഫലസ്തീന്‍ പ്രശ്നത്തിന് നീതിയുക്തവും സമഗ്രവുമായ പരിഹാരത്തിലെത്താന്‍ ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണക്കുകയും ചെയ്തു.

ആക്രമണത്തില്‍ 200 ലധികം ഫലസ്തീനികള്‍ക്കാണ് പരുക്കേറ്റത്. റമസാന്‍ അവസാന വെള്ളിയാഴ്ചയില്‍ നിരവധി പേര്‍ മസ്ജിദുല്‍ അഖ്സാ പള്ളിക്കുള്ളില്‍ നിസ്‌കരിച്ചുകൊണ്ടിരിക്കെയായിരുന്നു ആക്രമണം. ഇസ്രാഈല്‍ പോലീസ് റബ്ബര്‍ ബുള്ളറ്റുകള്‍, ടിയര്‍ ഗ്യാസ്, സ്റ്റണ്‍ ഗ്രനേഡുകള്‍ എന്നിവ പ്രയോഗിച്ചാണ് യാതൊരുകാരണവും കൂടാതെ ആക്രമണം അഴിച്ചുവിട്ടത്. ലോക മുസ്ലിംകള്‍ പരിപാവനമായി കണക്കാക്കുന്ന മൂന്നാമത്തെ വിശുദ്ധ പള്ളിയാണ് മസ്ജിദുല്‍ അഖ്സ.

കഴിഞ്ഞ വര്‍ഷം ഇസ്രാഈലുമായി നയതന്ത്ര ബന്ധം ആരംഭിച്ച യുഎഇ ആസൂത്രിതമായ കുടിയൊഴിപ്പിക്കലിനെ ശക്തമായി അപലപിച്ചു. ഫലസ്തീന്‍ വഖഫ് കൗണ്‍സില്‍, ജോര്‍ദാന്‍, യുഎസ്, യൂറോപ്യന്‍ യൂണിയന്‍, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ എന്നിവയും അക്രമത്തെ അപലപിച്ച് രംഗത്ത് വന്നു.

ഇസ്രാഈല്‍ സേന ആരാധകരെ ആക്രമിക്കുക മാത്രമല്ല, പള്ളി സ്വത്തുക്കള്‍ നശിപ്പിക്കുകയും ചെയ്തതായി ജറുസലേം വഖഫ് കൗണ്‍സില്‍ അംഗം കൈലാനി പറഞ്ഞു. പള്ളിയുടെ സംരക്ഷണത്തിനായി പലസ്തീനികളെ സഹായിക്കാന്‍ ജറുസലേം മര്‍ച്ചന്റ്സ് കമ്മിറ്റി തലവന്‍ ഹിജാസി റിഷെക് അറബ് ഇസ്ലാമിക രാജ്യങ്ങളോട് ആഹ്വാനം ചെയ്തു.

Latest