Connect with us

Kerala

മുല്ലപ്പള്ളിക്ക് പിന്നാലെ രാജി സന്നദ്ധത അറിയിച്ച് പത്തനംതിട്ട ഡി സി സി പ്രസിഡന്റ്

Published

|

Last Updated

പത്തനംതിട്ട | കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പത്തനംതിട്ട ഡി സി സി പ്രസിഡന്റ് ബാബു ജോര്‍ജും രാജി സന്നദ്ധത അറിയിച്ച് രംഗത്തെത്തി. പത്തനംതിട്ട ജില്ലയില്‍ യു ഡി എഫിനുണ്ടായ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് കെ പി സി സി നേതൃത്വത്തെ തന്റെ രാജി സന്നദ്ധത അറിയിച്ചതെന്ന് പത്തനംതിട്ട ഡി സി സി പ്രസിഡന്റ് ബാബു ജോര്‍ജ് അറിയിച്ചു.
പരാജയം സംഭവിച്ചത് ഡി സി സിയുടെ വീഴ്ചകൊണ്ടല്ല. എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്വം ഇക്കാര്യത്തില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. സംഘടനാ തിരഞ്ഞെടുപ്പിലൂടെ പുതിയ നേതൃത്വം ഉയര്‍ന്ന് വരണം. അതിലൂടെ പുതിയ നേതൃത്വം എന്നതാണ് തന്റെ ലക്ഷ്യമെന്നും ബാബു ജോര്‍ജ് പറഞ്ഞു. ജില്ലയില്‍ ഒറ്റക്കെട്ടായി യു ഡി എഫ് നോതാക്കളും പ്രവര്‍ത്തകരും തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചുവെങ്കിലും ബി ജെ പി വോട്ട് മറിച്ചത് കനത്ത ആഘാതമാണ് ഉണ്ടാക്കിയത്. പരാജയം വിലയിരുത്തി പരിഹാരം കാണുമെന്നും ശക്തമായ സംഘടനാ സംവിധാനം നിലവില്‍ വരാന്‍ സംഘടനാ തിരഞ്ഞെടുപ്പ് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അഞ്ചു നിയോജകമണ്ഡലത്തിലെ ബി ജെ പിയുടെ 50,000 വോട്ടുകളിലാണ് കുറവ് സംഭവിച്ചിട്ടുള്ളത്. ഈ വോട്ടുകള്‍ എല്‍ ഡി എഫിന് മറിച്ചു നല്‍കിയതിന്റെ വിജയമാണ് ജില്ലയില്‍ കണ്ടതെന്നും ബാബു ജോര്‍ജ് അഭിപ്രായപ്പെടുന്നു.

Latest