Connect with us

Kerala

തുടർഭരണം പൗരത്വനടപടിക്കെതിരെയടുത്ത ധീരനിലപാടിനുള്ള അംഗീകാരം: സി മുഹമ്മദ് ഫൈസി

Published

|

Last Updated

കോഴിക്കോട് | മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ കേരളത്തിന് സൽഭരണം കാഴ്ചവെച്ച എൽ.ഡി.എഫ് ഗവണ്മെന്റിന്റെ രണ്ടാം ഊഴത്തിലേക്കുള്ള ഈ വിജയത്തിൽ കേരളജനത ഏറെ സന്തോഷിക്കുമ്പോൾ സുന്നികളും ആഹ്ലാദത്തോടെ അതിൽ പങ്കുചേരുന്നുവെന്നു ഹജ്ജ് കമ്മറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി പറഞ്ഞു.

പൗരത്വ ഭേദഗതിക്ക് ശ്രമം നടന്നപ്പോൾ ന്യൂനപക്ഷങ്ങളെ മുഖ്യമന്ത്രി ചേർത്തുപിടിച്ചു. ധീരമായ നിലപാടെടുത്തു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അന്ന് നടത്തിയ സമരവുമായി എല്ലാ മതജാതി വിഭാഗങ്ങളും സഹകരിച്ചു. ദരിദ്രർക്കും പാവപ്പെട്ടവർക്കും ഭക്ഷണവും സഹായവും എത്തിക്കുന്നതിൽ സർക്കാർ കാണിച്ച ശ്രദ്ധ എല്ലാവരുടെയും ഹൃദയംകവർന്നു. പ്രയാസനാളുകളിൽ ജനങ്ങളെ ശ്രദ്ധിക്കുന്നവരും അവരുടെ പ്രശനങ്ങൾക്ക് പരിഹാരം നിശ്ചയിക്കുന്നവരുമാണല്ലോ നല്ല ഭരണാധികാരി.

ഹജ്ജ് കമ്മറ്റി ചെയർമാൻ എന്ന നിലയിൽ ഉന്നയിച്ച ഓരോ വിഷയങ്ങളിലും വളരെ നല്ല പ്രതികരണവും, ആവശ്യമായ സഹായവുമാണ് മുഖ്യമന്ത്രിയുടെയും സർക്കാറിന്റെയും ഭാഗത്തുനിന്നുണ്ടായത്. ഹജ്ജ് എംബാർകേഷൻ പോയിന്റ് കോഴിക്കോട് പുനഃസ്ഥാപിക്കുന്നതിനും, ഹജ്ജിനു പോകുന്ന സ്ത്രീകൾക്ക് പ്രത്യേകമായി നാല് നില കെട്ടിടം കരിപ്പൂരിൽ നിർമാണം നടത്താനുള്ള കാര്യങ്ങൾ വേഗത്തിൽ ചെയ്തുതന്നതുമെല്ലാം സർക്കാറാണ്. ഹജ്ജ് കമ്മറ്റിക്കും കേരളത്തിലെ മുഴുവൻ മുസ്ലിംകൾക്കും അഭിമാനകരമാണ് ഇത്.

മദ്രസാധ്യാപകർക്ക് വേണ്ടി ക്ഷേമനിധി പെൻഷൻ നടപ്പിലാക്കിയതും, എല്ലാ മതവിഭാഗങ്ങളുടെയും കാര്യങ്ങൾ അനുതാപപൂർണ്ണമായ നിലപാടുകൾ എടുത്തതും മാതൃകാപരമായിരുന്നു. കേരള മുസ്‌ലിം ജമാഅത്ത് ഉയർത്തിയ ന്യായമായ ആവശ്യങ്ങളെ പരിഗണിക്കുന്ന സമീപനമായിരുന്നു സർക്കാർ എടുത്തതും. കേരളത്തിന് അടുത്ത അഞ്ചുകൊല്ലം പിണറായി വിജയൻറെ നേതൃത്വത്തിൽ സർക്കാർ മികച്ച നിലയിൽ ഭരണം നടത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം : സി മുഹമ്മദ് ഫൈസി പറഞ്ഞു