Connect with us

International

ഉപരോധത്തിന് മറുപടിയായി യൂറോപ്യന്‍ യൂനിയന്‍ ഉദ്യോഗസ്ഥരെ കരിമ്പട്ടികയില്‍ പെടുത്തി റഷ്യ

Published

|

Last Updated

മോസ്‌കോ | തങ്ങളുടെ പൗരന്മാര്‍ക്കെതിരെ ഏര്‍പ്പെടുത്തിയ ഉപരോധത്തിന് മറുപടിയായി യൂറോപ്യന്‍ യൂനിയനിലെ എട്ട് ഉദ്യോഗസ്ഥരെ കരിമ്പട്ടികയില്‍ പെടുത്തി റഷ്യ. വിവിധ ഇ യു രാജ്യങ്ങളില്‍ നിന്നുള്ള ഈ ഉദ്യോഗസ്ഥര്‍ക്ക് റഷ്യയില്‍ പ്രവേശിക്കാന്‍ സാധിക്കില്ല.

യൂറോപ്യന്‍ കമ്മീഷന്‍ വൈസ് പ്രസിഡന്റ് വെര യൂരോവ, യൂറോപ്യന്‍ പാര്‍ലിമെന്റ് പ്രസിഡന്റ് ഡേവിഡ് സസ്സോളി, കൗണ്‍സില്‍ ഓഫ് യൂറോപ് പാര്‍ലിമെന്ററി അസംബ്ലിയിലെ ഫ്രഞ്ച് പ്രതിനിധി ജാക്വിസ് മെഴ് തുടങ്ങിയവര്‍ക്കെതിരെയാണ് നടപടി. റഷ്യന്‍ പൗരന്മാര്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ നിയമവിരുദ്ധവും ഏകപക്ഷീയവുമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് യൂറോപ്യന്‍ യൂനിയന്‍ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

റഷ്യയുടെ ആഭ്യന്തര- വിദേശ നയത്തിലെ സ്വാതന്ത്ര്യത്തെ പരസ്യമായും മനഃപൂര്‍വവും അട്ടിമറിക്കുകയാണ് ഇ യു. റഷ്യയും ഇ യുവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ നേരിട്ടുള്ള ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന നിര്‍ദേശം തുടര്‍ച്ചയായി അവഗണിക്കപ്പെട്ടുവെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

മനുഷ്യവകാശവും സ്വാതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കുന്നതില്‍ നിന്ന് ഇ യു എം പിമാരെ തടയാന്‍ ഇത്തരം നടപടികള്‍ക്ക് സാധിക്കില്ലെന്ന് സസ്സോളി പറഞ്ഞു. മാര്‍ച്ചില്‍ രണ്ട് റഷ്യക്കാര്‍ക്കെതിരെയും ഏപ്രിലില്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ സഹായികളായ മുതിര്‍ന്ന നാല് ഉദ്യോഗസ്ഥര്‍ക്കെതിരെയും ഇ യു ഉപരോധമേര്‍പ്പെടുത്തിയിരുന്നു.