Connect with us

Kerala

സംസ്ഥാനത്ത് യാത്രക്കാർ കുറഞ്ഞു; ട്രെയിനുകളിൽ കോച്ച് വെട്ടിക്കുറക്കുന്നു

Published

|

Last Updated

പരശുറാം എക്സ്പ്രസിലെ യാത്രക്കാരില്ലാത്ത കന്പാർട്ട്മെന്റ്

കൊച്ചി | കൊവിഡ് വ്യാപനം കൂടിയതോടെ സംസ്ഥാനത്തിനകത്ത് യാത്ര ചെയ്യുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞ പശ്ചാത്തലത്തിൽ ട്രെയിനുകളിൽ കോച്ചുകൾ വെട്ടിക്കുറച്ചു. രോഗ വ്യാപന തോത് ഉയർന്ന കഴിഞ്ഞ രണ്ടാഴ്ചക്കിടെയാണ് യാത്രികരുടെ എണ്ണം വലിയ തോതിൽ കുറഞ്ഞത്. മലബാർ മേഖലയിൽ നിന്ന് വ്യത്യസ്തമായി തെക്കൻ മേഖലകളിൽ നിന്നാണ് ആദ്യഘട്ടത്തിൽ യാത്രക്കാർ കുറഞ്ഞിരുന്നതെങ്കിൽ ഇപ്പോൾ കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണം കുറഞ്ഞുവരികയാണ്. ഈയൊരു പശ്ചാത്തലത്തിലാണ് മിക്ക വണ്ടികളിലെയും കോച്ചുകൾ കുറക്കാൻ റെയിൽവേ നിർബന്ധിതമായത്.

ചെന്നൈ- ആലപ്പി, ചെന്നൈ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ്, തിരുവനന്തപുരം-ചെന്നൈ മെയിൽ തുടങ്ങിയ ട്രെയിനുകളിൽ നിലവിൽ കോച്ചുകൾ വെട്ടിക്കുറച്ചിട്ടുണ്ട്. ചെന്നൈ ആലപ്പുഴ എക്‌സ്പ്രസിൽ തേർഡ് എ സി കോച്ച് മൂന്നാക്കി. തിരുവനന്തപുരം-മധുര എക്‌സ്പ്രസിൽ സ്ലീപ്പറുകൾ പത്തിൽ നിന്ന് എട്ടാക്കി. മധുര-പുനലൂർ ട്രെയിനിൽ രണ്ട് സ്ലീപ്പർ കോച്ച് കുറച്ചു. തിരുവനന്തപുരം- മംഗലാപുരം എക്‌സ്പ്രസിലെ സ്ലീപ്പർ കോച്ചുകളുടെ എണ്ണവും കുറച്ചിട്ടുണ്ട്.
യാത്രക്കാരുടെ എണ്ണം ഇതേ രീതിയിൽ തീർത്തും കുറഞ്ഞാൽ കൂടുതൽ കോച്ചുകൾ വെട്ടിക്കുറക്കാൻ റെയിൽവേ ഒരുങ്ങുമെന്നാണ് സൂചന.

നിറയെ യാത്രക്കാരുണ്ടായിരുന്ന മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന പരശുറാം എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകളിൽ പല ദിവസങ്ങളിലും മിക്ക കോച്ചുകളും ഒഴിഞ്ഞ നിലയിലായിരുന്നു. കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന ഇന്റർസിറ്റിയിലും ദിവസങ്ങളായി യാത്രക്കാർ കുറവാണ്. സുരക്ഷാ അറ്റകുറ്റപ്പണികളുടെ ഭാഗമായി ഇന്റർസിറ്റി എക്‌സ്പ്രസിന്റെ യാത്ര അടുത്ത ദിവസങ്ങളിൽ ഷൊർണൂർ വരെയായി ചുരുങ്ങുമ്പോൾ ഇനിയും യാത്രക്കാരുടെ എണ്ണം കുറയുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

ജനശതാബ്ദി ട്രെയിനുകളിലും യാത്രക്കാരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. സർക്കാർ ഓഫീസുകളുടെ പ്രവർത്തനം നിയന്ത്രിക്കപ്പെട്ടതും സ്വകാര്യ മേഖലയിലടക്കം വർക്ക് ഫ്രം ഹോം രീതി അവംലബിച്ചതും യാത്രികരുടെ എണ്ണം കുറയാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. നേരത്തേ, കർണാടകയിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറയുകയും ചെയ്ത സാഹചര്യത്തിൽ കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്കും തിരിച്ചുമുള്ള രണ്ട് ട്രെയിനുകൾ റെയിൽവേ പൂർണമായും റദ്ദാക്കിയിരുന്നു.

അതേസമയം, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കുള്ള യാത്രക്കാരുടെ എണ്ണം കുത്തനെ കൂടിയിട്ടുണ്ട്. ബീഹാർ, ബംഗാൾ, അസം സംസ്ഥാനങ്ങളിലേക്കുള്ള ട്രെയിനുകളിലാണ് യാത്രക്കാർ ഏറെയുള്ളത്. പാലക്കാട് ഡിവിഷനിൽ നിന്ന് മാത്രം ആറിലധികം ട്രെയിനുകളാണ് ഈ വടക്കു-കിഴക്കൻ മേഖലകളിലേക്ക് സർവീസ് നടത്തുന്നത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പാലക്കാട് ജംഗ്ഷനിൽ നിന്ന് പുറപ്പെടുന്ന എറണാകുളം-പട്‌ന സൂപ്പർഫാസ്റ്റ് ഉൾപ്പെടെയുള്ള ട്രെയിനുകളിൽ ഇപ്പോഴും നല്ല തിരക്കാണനുഭവപ്പെടുന്നത്. പട്‌ന എക്‌സ്പ്രസിൽ മൂന്ന് സ്ലീപ്പറും ഒരു സെക്കൻഡ് സിറ്റിംഗ് കോച്ചും കൂട്ടി.

എറണാകുളം-നിസാമുദ്ദീൻ എക്‌സ്പ്രസിൽ ഒരു കോച്ച് കൂട്ടിയിട്ടുണ്ട്. ബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളിൽ കൊവിഡ് സ്ഥിതി രൂക്ഷമാണെങ്കിലും ഇവിടേക്ക് പോകുന്ന യാത്രക്കാരുടെ എണ്ണം ദിനേന കൂടുകയാണ്. ലോക്ക്ഡൗൺ ഇല്ലെങ്കിലും കടുത്ത നിയന്ത്രണങ്ങളും ശനി, ഞായർ മിനി ലോക്ക്ഡൗണും മൂലം തൊഴിൽ കുറയുമെന്ന ആശങ്കയാണ് ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ളത്.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest