Connect with us

International

മഹാമാരിയെ നേരിടാന്‍ യുഎസ് കൈത്താങ്ങ്; ഇന്ത്യക്കുള്ള സഹായം ഉടന്‍ എത്തിക്കുമെന്ന് പെന്റഗണ്‍

Published

|

Last Updated

വാഷിംഗ്ടണ്‍ | കൊവിഡ് മഹാമാരിയെ നേരിടുന്ന ഇന്ത്യക്ക് അവശ്യ വൈദ്യ സഹായം ഉടന്‍ എത്തിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ശ്രമങ്ങള്‍ നടത്തുകയാണെന്ന് പെന്റഗണ്‍. അടുത്ത ദിവസം തന്നെ അവശ്യ ഉപകരണങ്ങള്‍ ഉള്‍പ്പെടെ സഹായം എത്തിക്കുമെന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബി അറിയിച്ചു. ഓക്‌സിജനുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍, ദ്രുത പരിശോധന കിറ്റുകള്‍, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവ അടങ്ങിയതാണ് സഹായം.

ഇന്ത്യയുമായുള്ള പങ്കാളിത്തത്തെ അമേരിക്ക വളരെയധികം വിലമതിക്കുന്നുവെന്ന് കിര്‍ബി പറഞ്ഞു. ഈ മഹാമാരിയെ ധീരമായി നേരിടുന്നതിനാല്‍ ഇന്ത്യയിലെ ജനങ്ങളെ സഹായിക്കാന്‍ ഞങ്ങള്‍ ദൃഢനിശ്ചയത്തിലാണ്. ഇന്ത്യയുടെ മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഞങ്ങളുടെ അധികാരത്തിനുള്ളില്‍ ഞങ്ങള്‍ക്ക് നല്‍കാവുന്ന ഏതൊരു പിന്തുണയും ഞങ്ങള്‍ ഉറപ്പുവരുത്തും. ഇതിനായി ഇന്ത്യ ഗവണ്‍മെന്റുമായി ആശയവിനിമയം നടത്തിവരികയാണെന്നും കിര്‍ബി വ്യക്തമാക്കി.

ഇന്ത്യ മഹാമാരിയുടെ ആദ്യഘട്ടത്തില്‍ അമേരിക്കയെ സഹായിച്ചതു പോലെ തിരിച്ചും സഹായിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇന്നും ആവര്‍ത്തിച്ചു. അവശ്യഘട്ടത്തില്‍ ഇന്ത്യ യുഎസിനൊപ്പം ഉണ്ടായിരുന്നുവെന്നും അതിനാല്‍ തങ്ങള്‍ ഈ ഘട്ടത്തില്‍ ഇന്ത്യക്കൊപ്പം നില്‍ക്കുമെന്നും ബൈഡന്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.

Latest