Connect with us

National

ഡല്‍ഹിയില്‍ 18 കഴിഞ്ഞ എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍: കെജരിവാള്‍

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. വാക്‌സിനേഷന്‍ ഡ്രൈവിന് ശനിയാഴ്ച തുടക്കമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ ആശുപത്രികള്‍ വഴിയാകും സൗജന്യ വാക്‌സിനേഷന്‍. സ്വകാര്യ ആശുപത്രികളില്‍ നിരക്ക് ഈടാക്കും.

സംസ്ഥാനത്തെ 18 വയസ്സ് പൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. 1.34 കോടി വാക്‌സിന്‍ ഡോസുകള്‍ വാങ്ങിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. വാക്‌സിന്‍ ഉടന്‍ വാങ്ങി ഏറ്റവും വേഗം ജനങ്ങളില്‍ എത്തിക്കാന്‍ എല്ലാ ശ്രമവും നടത്തുമെന്നും കെജരിവാള്‍ പറഞ്ഞു.

വാക്‌സിന്‍ നിര്‍മാതാക്കള്‍ വില കുറയ്ക്കണമെന്നും ഇപ്പോള്‍ ലാഭമുണ്ടാക്കേണ്ട സമയമല്ലെന്നും അതിന് ജീവിതകാലം മുഴുവന്‍ ഉണ്ടെന്നും കെജരിവാള്‍ പറഞ്ഞു. വാക്‌സിന്‍ ഒരു ഡോസിന് 150 രൂപയായി കുറയക്കണമെന്നാണ് കെജരിവാള്‍ ആവശ്യപ്പെട്ടത്.