Connect with us

Kerala

നേരിട്ട് വാങ്ങുന്നതിൽ അനിശ്ചിതത്വം; അടുത്തഘട്ടം വാക്‌സീൻ മുടങ്ങിയേക്കും

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനങ്ങൾ വാക്‌സീൻ, നിർമാതാക്കളിൽ നിന്ന് നേരിട്ട് വാങ്ങണമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയെങ്കിലും വാക്‌സീൻ നേരിട്ട് ലഭ്യമാക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു.
പരിഷ്‌കരിച്ച വാക്‌സീൻ നയപ്രകാരം സംസ്ഥാനങ്ങൾ വാക്‌സീൻ നിർമാതാക്കളിൽ നിന്ന് നേരിട്ട് വാങ്ങി വിതരണം ചെയ്യണമെന്ന് കേന്ദ്ര സർക്കാർ നിർദേശത്തിന് പിന്നാലെ മുഴുവൻ ആളുകൾക്കും സൗജന്യ വാക്സീൻ നൽകുമെന്ന് പ്രഖ്യാപിച്ച സംസ്ഥാന സർക്കാർ വാക്‌സീൻ വാങ്ങുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും വാക്‌സീൻ നിർമാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ട് വാക്‌സീൻ നൽകുന്നത് സംബന്ധിച്ച് വ്യക്തമായ മറുപടി നൽകിയിട്ടില്ല. നിലവിലെ സാഹചര്യത്തിൽ അടുത്ത മാസം 15ന് ശേഷമേ വാക്‌സീൻ ലഭ്യമാകൂവെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

വാക്‌സീൻ സ്റ്റോക്കില്ലാതെ എങ്ങനെ രജിസ്‌ട്രേഷൻ തുടങ്ങുമെന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. എന്നാൽ ഈ പ്രതിസന്ധി മറികടക്കാൻ പണം മുടക്കി വാക്‌സീൻ വാങ്ങാനുള്ള നീക്കം കേരളം ശക്തമാക്കിയിട്ടുണ്ട്. രാജ്യാന്തര തലത്തിലെ ഏറ്റവും ഉയർന്ന വിലയാണ് രാജ്യത്ത് കൊവിഡ് വാക്‌സീന് നിശ്ചയിച്ചിരിക്കുന്നതെങ്കിലും വാക്‌സീനേഷൻ മുടങ്ങാതിരിക്കാൻ എന്തുവില കൊടുത്തും വാക്‌സീൻ വാങ്ങാനാണ് സംസ്ഥാന സർക്കാറിന്റെ തീരുമാനം. കൊവിഡ് വാക്‌സീന്റെ മൂന്നാംഘട്ടമായ 18 വയസ്സുമുതൽ 45 വയസ്സുവരെയുള്ളവർക്ക് അടുത്തമാസം ഒന്നു മുതൽ വാക്‌സീൻ വിതരണം ആരംഭിക്കണമെന്നാണ് കേന്ദ്ര നിർദേശമെങ്കിലും ഇതിനാവശ്യമായ വാക്‌സീൻ ലഭ്യമാക്കാൻ കേന്ദ്രസർക്കാറിനോ വാക്‌സീൻ നിർമാണ കമ്പനിക്കോ കഴിഞ്ഞിട്ടില്ല.

സംസ്ഥാനത്ത് നിലവിൽ സ്റ്റോക്കുള്ളത് 3,30,693 ഡോസ് വാക്‌സീൻ മാത്രമാണ്. ഒരു ദിവസം നിശ്ചിത എണ്ണം ക്രമീകരിച്ച് നൽകിയാൽ പോലും പരമാവധി മൂന്ന് ദിവസത്തേക്ക് മാത്രമേ ഇത് ഉപയോഗിക്കാനാകൂ. കൂടുതൽ സ്റ്റോക്ക് എത്തുകയോ വാക്‌സീൻ നേരിട്ട് വാങ്ങുകയോ ചെയ്തില്ലെങ്കിൽ അടുത്ത ശനിയാഴ്ച മുതൽ ആരംഭിക്കാനിരിക്കുന്ന 18 വയസ്സിന് മുകളിലുള്ളവരുടെ വാക്‌സിനേഷൻ തുടങ്ങാനാകാത്ത സ്ഥിതിയാണുള്ളത്. കഴിഞ്ഞ ദിവസമെത്തിയ ആറര ലക്ഷം ഡോസ് വാക്‌സീൻ വിതരണം ചെയ്തുവരികയാണ്.

കഴിഞ്ഞ ദിവസം ഓൺലൈൻ രജിസ്റ്റർ ചെയ്‌തെത്തിയ 1,94,427 പേർക്കാണ് വാക്‌സീൻ നൽകിയത്. ഇനി ശേഷിക്കുന്നത് 3.3 ലക്ഷം ഡോസ് വാക്‌സീൻ മാത്രമാണ്. ഒരു ദിവസം ഒരു ലക്ഷം പേർക്ക് വീതം നൽകിയാൽ മൂന്ന് ദിവസം കൊണ്ട് സ്റ്റോക്ക് തീരും. ഇതിന് ശേഷം എങ്ങനെ വാക്‌സീനേഷൻ നടത്തുമെന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്.

വാക്‌സീൻ ക്ഷാമത്തെ തുടർന്ന് ഇപ്പോൾ തന്നെ ഓരോ ജില്ലയിലും വാക്‌സീനേഷൻ ക്യാമ്പുകളുടെ എണ്ണം പരമാവധി കുറച്ചിട്ടുണ്ട്. എന്നാൽ അടുത്ത ശനിയാഴ്ച വരെയുള്ള രജിസ്‌ട്രേഷൻ പൂർണമായിട്ടുണ്ട്.

എന്നാൽ ഇനി വാക്‌സീൻ എത്തിയ ശേഷമേ പുതിയ രജിസ്‌ട്രേഷൻ തുടങ്ങാൻ കഴിയൂ. ഇതിനിടെ 18 വയസ്സിന് മുകളിലുള്ളവരുടെ വാക്‌സീനേഷനായി ബുധനാഴ്ച മുതൽ രജിസ്‌ട്രേഷൻ ആരംഭിക്കാനിരിക്കുകയാണ്. മെയ് ഒന്നു മുതൽ മൂന്നാംഘട്ടം കുത്തിവെപ്പും തുടങ്ങണം.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest