Alappuzha
പി പി ഇ കിറ്റണിഞ്ഞ് വധൂവരന്മാർ; ആശുപത്രിയിൽ കൊവിഡ് രോഗിക്ക് മിന്നുകെട്ട്

അമ്പലപ്പുഴ | കൊവിഡ് രോഗിക്ക് വിവാഹം ആശുപത്രിയിൽ. പ്രവാസിയായ കൈനകരി സ്വദേശി യുവാവിന്റെ വിവാഹമാണ് കതിർ മണ്ഡപവും കൊട്ടും കുരവയും ഇല്ലാതെ ഇന്ന് ഉച്ചക്ക് 12 മണിക്കുള്ള ശുഭ മുഹൂർത്തത്തിൽ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ നാലാം വാർഡിൽ നടന്നത്.
വിവാഹ അവധിയെടുത്ത് നാട്ടിലെത്തിയ പ്രതിശ്രുത വരന് കഴിഞ്ഞ ദിവസമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച വിവാഹം മാറ്റിവെക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് തെക്കനാര്യാട് സ്വദേശിനിയായ വധുവിന്റെ വീട്ടുകാർ അറിയിച്ചതോടെയാണ് വിവാഹം ആശുപത്രിയിലാക്കാൻ തീരുമാനിച്ചത്. ഇതിന് കലക്ടറുടെ അനുവാദം വാങ്ങി ആശുപത്രി സൂപ്രണ്ടിന് വരന്റെ ബന്ധുക്കൾ കൈമാറി. വിവാഹത്തിന് വരന്റെ കൊവിഡ് രോഗിയായ മാതാവും സാക്ഷിയായി.
വധുവിന് പുറമെ ഒരു ബന്ധുവിനെ ഒപ്പം കൂട്ടി മുഹൂർത്ത സമയം ആശുപത്രിയിൽ എത്താൻ അനുവാദം നൽകിയിരുന്നതായി ആശുപത്രി സൂപ്രണ്ട് ഡോ. ആർ വി രാംലാൽ പറഞ്ഞു. ഡോക്ടർമാരും ആശുപത്രി ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു. വധുവും വരനും ഉൾപ്പെടെ ചടങ്ങിൽ മുഴുവൻ പേരും പി പി ഇ കിറ്റ് ധരിച്ചാണ് പങ്കെടുത്തത്.
വീട്ടുകാരെല്ലാം ചേർന്ന് വിവാഹം നടത്താൻ കഴിയാത്ത വിശമമുണ്ടെങ്കിലും ഈ വിശമഘട്ടത്തിൽ വിവാഹം നടത്താനായതിൽ സന്തോഷമുണ്ടെന്നും വധു പറഞ്ഞു. വിദേശത്തുള്ള വരന് എത്താൻ സാധിക്കാത്തതിനാൽ നേരത്തെ ഒരുതവണ തിയതി മാറ്റിവച്ചതിനാലാണ് വധുവിന്റെ ആഗ്രഹപ്രകാരം വിവാഹം ഇന്ന് തന്നെ നടത്താൻ തീരുമാനിച്ചത്.