Connect with us

Editorial

സഹായിച്ചില്ലെങ്കിലും ദ്രോഹിക്കാതിരുന്നു കൂടേ?

Published

|

Last Updated

പോർട്ട് കൊല്ലം സ്വദേശിനി സുബൈദ വീണ്ടും വാർത്തകളിൽ ഇടംനേടിയിരിക്കുന്നു. വാക്‌സീൻ ചാലഞ്ചിൽ പങ്കാളിയായി സുബൈദ തന്റെ ആടിനെ വിറ്റ 5,000 രൂപ ജില്ലാ കലക്ടർക്ക് കൈമാറിയ വാർത്ത മാധ്യമങ്ങൾ ഇന്നലെ റിപ്പോർട്ട് ചെയ്യുകയുണ്ടായി. കഴിഞ്ഞ വർഷവും ഇവർ ആടിനെ വിറ്റു കിട്ടിയ 5,510 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവ നൽകിയിരുന്നു. ചെറിയൊരു ചായക്കടയിൽ നിന്നും ആട് വളർത്തലിലും നിന്നും കിട്ടുന്ന വരുമാനം കൊണ്ടു ജീവിതം തള്ളിനീക്കുന്ന സുബൈദ തന്റെ പ്രാരാബ്ധങ്ങൾക്കിടയിലും സഹജീവികൾക്ക് തങ്ങാകാൻ മുന്നോട്ടു വന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. സംസ്ഥാനങ്ങൾക്ക് സഹായ വിലക്ക് വാക്‌സീൻ നൽകുന്ന ഉത്തരവാദിത്വത്തിൽ നിന്ന് കേന്ദ്രം ഒഴിഞ്ഞു മാറുകയും കേന്ദ്രം കനിഞ്ഞില്ലെങ്കിലും കേരളത്തിൽ വാക്‌സീൻ സൗജന്യമായി പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് ചില സഹൃദയർ സാമൂഹിക മാധ്യമങ്ങളിലുടെ വാക്‌സീൻ ചാലഞ്ച് ആരംഭിച്ചത്. സുബൈദ മാത്രമല്ല, നന്മ നിറഞ്ഞ ധാരാളം മനസ്സുകൾ ഈ ചാലഞ്ച് ഏറ്റെടുക്കാൻ മുന്നോട്ട് വന്നുകൊണ്ടിരിക്കയാണ്; കേന്ദ്രം തോൽപ്പിച്ചാലും കേരളം തോൽക്കില്ലെന്ന പ്രഖ്യാപനത്തോടെ. ഒറ്റ ദിവസം കൊണ്ട് ഒരു കോടി രൂപയാണ് ചാലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കെത്തിയത്.

ഈ കാരുണ്യസ്പർശത്തിന്റെ വാർത്തകൾക്കൊപ്പം മറ്റൊരു വാർത്തയും ഇന്നലെ മാധ്യമങ്ങളിൽ സ്ഥലം പിടിച്ചു. കേന്ദ്ര മന്ത്രിയും ബി ജെ പി നേതാവുമായ വി മുരളീധരൻ വാക്‌സീൻ ചാലഞ്ചിനെതിരെ നടത്തിയ പ്രസ്താവനയാണത്. ഈ ഫണ്ടിലേക്ക് സംഭാവന നടത്തുന്നതിനെ നിരുത്സാഹപ്പെടുത്താനായിരുന്നു അദ്ദേഹം മാധ്യമങ്ങൾക്കു മുമ്പാകെ പ്രത്യക്ഷപ്പെട്ടത്. ഫണ്ടിൽ സി പി എം പ്രവർത്തകർ തട്ടിപ്പ് നടത്താൻ സാധ്യതയുണ്ടെന്നാണ് പ്രളയ ഫണ്ടുമായി ബന്ധപ്പെട്ടു നടന്ന ഒരു തട്ടിപ്പിലേക്ക് വിരൽ ചൂണ്ടി അദ്ദേഹം പറയുന്നത്. സംസ്ഥാന സർക്കാറിനു ലഭിക്കുന്ന സഹായം മുടക്കാൻ ഇവർ ശ്രമിക്കുന്നത് ഇതാദ്യമല്ല. 2018ലെ മഹാപ്രളയത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ പ്രവഹിച്ചപ്പോൾ അതിനെതിരെ ആർ എസ് എസും ബി ജെ പിയും രംഗത്തു വന്നിരുന്നു. പ്രളയം വരുത്തിവെച്ചത് സംസ്ഥാന സർക്കാറാണെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ സംഭാവന ചെയ്യരുതെന്നുമായിരുന്നു അന്ന് ആർ എസ് എസ് നേതൃത്വത്തിലുള്ള സുദർശനം “വാട്‌സ്ആപ്പ് ഗ്രൂപ്പ്” ഉൾപ്പെടെ സംഘ്പരിവാർ ഗ്രൂപ്പുകൾ വ്യാപകമായി പ്രചരിപ്പിച്ചിരുന്നത്.

സുതാര്യമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട്. അതിൽ തട്ടിപ്പ് നടത്താൻ കഴിയില്ല. കൃത്യതയാർന്നതാണ് അതിലെ ഓരോ രൂപയുടെയും വിനിമയം. https://donation.cmdrf.kerala.gov.in വെബ്‌സൈറ്റിലൂടെ എല്ലാ ചെലവുകളുടെയും വിനിയോഗത്തിന്റെയും പൂർണ വിവരങ്ങൾ ആർക്കും പരിശോധിക്കനാകും. മറ്റെല്ലാ സർക്കാർ ഫണ്ടുകളും പോലെ തന്നെ സി എ ജി ഓഡിറ്റിന് വിധേയമാണ് ദുരിതാശ്വാസ ഫണ്ടും. മുഖ്യമന്ത്രിയുടെ വ്യക്തിപരമായ അക്കൗണ്ടിലല്ല, ഫിനാൻസ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അക്കൗണ്ട് വഴിയാണ് ഇതിലേക്കുള്ള തുക സമാഹരിക്കുന്നത്. ചെലവാക്കുന്നത് റവന്യൂ വകുപ്പും. പ്രളയ ദുരിതാശ്വാസ ഫണ്ട് വകമാറിച്ചെലവഴിച്ചുവെന്ന ആരോപണമുയർന്നപ്പോൾ, റീബിൾഡ് കേരള സി ഇ ഒ. ഡോ. വി വേണു വിശദമാക്കിയതാണ് ഇക്കാര്യങ്ങളെല്ലാം. ഇതൊന്നും അറിയാത്ത വ്യക്തിയല്ല കേന്ദ്രമന്ത്രി മുരളീധരൻ. എന്നിട്ടും ഇമ്മട്ടിൽ പ്രസ്താവന നടത്തിയത് ഖേദകരമായിപ്പോയി. കേരളത്തിൽ നിന്നുള്ള ഒരു കേന്ദ്ര മന്ത്രിയെന്ന നിലയിൽ സംസ്ഥാനത്തെ സഹായിക്കാൻ സഹായങ്ങൾ മുടക്കാതിരിക്കാനുള്ള സന്മനസ്സെങ്കിലും കാണിക്കണമായിരുന്നു അദ്ദേഹം.

വാക്‌സീൻ ചാലഞ്ച് ആരംഭിച്ചത്, സർക്കാറോ മുഖ്യമന്ത്രിയോ അല്ല. ചില സഹൃദയരാണ്. സാർവത്രിക സൗജന്യ വാക്‌സീൻ നയത്തിൽ നിന്നു മോദി സർക്കാർ പിൻവാങ്ങിയതോടെ കേരളത്തിലെ സൗജന്യ വാക്‌സീൻ വിതരണത്തിനു താങ്ങാകേണ്ടത് തങ്ങളുടെ ബാധ്യതയാണെന്നു മനസ്സിലാക്കിയാണ് അവർ ഇതിനു സന്നദ്ധമായത്. ഒരു മാഹാമാരിയെ നേരിടുമ്പോൾ, അതിനെ അതിജീവിക്കാൻ മുന്നിട്ടിറങ്ങുകയും സംസ്ഥാനങ്ങൾക്ക് സഹായഹസ്തം നീട്ടുകയും ചെയ്യേണ്ടതാണ് കേന്ദ്രഭരണകുടം. ഇതവരുടെ ഔദാര്യമല്ല, ഉത്തരവാദിത്വമാണ്. ആ ബാധ്യതയിൽ നിന്ന് ഒഴിഞ്ഞു മാറുമ്പോൾ കേരളമുൾപ്പെടെ സംസ്ഥാനങ്ങൾ വഹിക്കേണ്ടി വരുന്നത് വൻ സാമ്പത്തിക ബാധ്യതയാണ.്

കഴിഞ്ഞ ദിവസം “ഇന്ത്യ റേറ്റിംഗ്‌സ് ആൻഡ് റിസർച്ച്” പുറത്തിറക്കിയ വാക്‌സീൻ കണക്കുകളനുസരിച്ച് രാജ്യത്തെ 18 വയസ്സിന് മുകളിലുള്ള പൗരന്മാർക്കെല്ലാം സൗജന്യമായി കൊവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകുന്നതിന് വേണ്ടി വരുന്ന ചെലവ് 67,193 കോടി രൂപയാണ്. രാജ്യത്തെ മൊത്തം ആഭ്യന്തരോത്പാദനത്തിന്റെ (ജി ഡി പി) 0.36 ശതമാനമേ വരികയുള്ളൂ. ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച 2021-22ലെ ബജറ്റിൽ കൊവിഡ് വാക്‌സീനേഷന് മാത്രമായി 35,000 കോടി വകയിരുത്തിയതായി പറയുന്നുണ്ട്. അതുകഴിച്ചു 32,193 കോടിയാണ് സൗജന്യ വാക്‌സീനേഷന് വേണ്ടി വരുന്ന അധികത്തുക. കുത്തകകൾക്ക് നികുതിയിനത്തിലും മറ്റും സഹസ്രകോടികളുടെ ഇളവു നൽകുന്ന ഒരു സർക്കാറിന് രാജ്യം നേരിടുന്ന ഏറ്റവും വലിയ പൊതുജനാരോഗ്യ പ്രതിസന്ധിയെ നേരിടുന്നതിനു ഈ തുക ചെലവഴിക്കാൻ എന്താണ് വൈമുഖ്യം? സംസ്ഥാന സർക്കാറുകൾക്ക് കേന്ദ്രം കമ്പനികളിൽ നിന്ന് സഹായ വിലക്കു വാങ്ങി നൽകിയിരുന്ന വാക്‌സീൻ, മെയ് ഒന്ന് മുതൽ സംസ്ഥാനങ്ങൾ നേരിട്ടു വാങ്ങണമെന്ന നയം ഗുണകരമാകുക കമ്പനികൾക്കാണ്. കൊവിഷീൽഡ് വാക്‌സീൻ അതിന്റെ നിർമാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ട് സംസ്ഥാനങ്ങൾക്ക് നേരിട്ടു നൽകുമ്പോൾ, നിശ്ചയിച്ച വില ഒരു ഡോസിന് 400 രൂപയാണ്. ഇത് അമേരിക്ക, ബ്രിട്ടൻ, യൂറോപ്യൻ യൂനിയൻ തുടങ്ങിയ രാജ്യങ്ങളിലെ സർക്കാറുകൾ നേരിട്ട് കമ്പനിയിൽ നിന്ന് വാങ്ങുന്ന വിലയേക്കാൾ കൂടുതലാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്തിനാണ് കേന്ദ്ര സർക്കാർ രാജ്യത്തെ പൗരന്മാരെ പിഴിഞ്ഞും സംസ്ഥാന സർക്കാറുകളെ സാമ്പത്തിക പ്രതിസസന്ധിയിലാക്കിയും കൊള്ള ലാഭമുണ്ടാക്കാൻ വാക്‌സീൻ നിർമാണ സ്ഥാപനങ്ങൾക്ക് അവസരം സൃഷ്ടിക്കുന്നത്? ഇത്തരം അനീതിക്കെതിരെയല്ലേ കേന്ദ്ര മന്ത്രി മുരളീധരനെ പോലെയുള്ളവർ ശക്തമായി പ്രതികരിക്കേണ്ടത്?