Connect with us

Ramzan

സമീപനത്തില്‍ വേണം മനോഹാരിത

Published

|

Last Updated

അബൂദബിയില്‍ നിന്ന് മാതൃകാപരവും ശ്രദ്ധേയവുമായ ഒരു വാര്‍ത്ത കണ്ടു. “സത്‌സ്വഭാവികളായ പൗരന്മാര്‍ക്ക് ആദരം. ദേശീയ പദ്ധതി ആരംഭിച്ചു”. ഇതായിരുന്നു വാര്‍ത്തയുടെ തലവാചകം. പൗരന്മാര്‍ക്കിടയില്‍ നല്ല സ്വഭാവം വളര്‍ത്തിയെടുക്കല്‍ സമൂഹത്തിന്റെ കെട്ടുറപ്പിനും രാജ്യ വികസനത്തിനും ആവശ്യമാണെന്ന് രാഷ്ട്ര മേധാവികള്‍ പോലും ചിന്തിക്കുകയാണ് ഇവിടെ. റമസാന്‍ തുടക്കത്തില്‍ പ്രഖ്യാപിച്ച നാഷനല്‍ ബിഹേവിയറല്‍ റിവാര്‍ഡ് പ്രോഗ്രാം വിശുദ്ധ മാസം പോലെയുള്ള നന്മയിലേക്ക് ചേര്‍ത്ത് വായിക്കുമ്പോള്‍ മതങ്ങള്‍ നേടിത്തരുന്ന ഉത്കൃഷ്ട സ്വഭാവങ്ങളുടെ പ്രാധാന്യം ചെറുതായി കാണേണ്ടതല്ല. മനുഷ്യര്‍ സംസ്‌കരണത്തിന് വിധേയരാകുമ്പോള്‍ അതിന്റെ ഗുണ ഫലങ്ങളായി തെളിഞ്ഞു വരേണ്ടത് സ്വഭാവ രൂപവത്കരണത്തിന് വന്നുചേരുന്ന മികവ് തന്നെയാണ്. സഹജീവികളോടുള്ള സമീപനം മനോഹരമാകല്‍ മതാനുഷ്ഠാനങ്ങളുടെ മുഖ മുദ്രയാണ്. വ്രതത്തിന്റെ അകക്കാമ്പ് തന്നെ വിനയ സ്വഭാവത്തിന്റെ ലഭ്യതയത്രെ. പ്രവാചകര്‍ (സ) പറഞ്ഞു: നിങ്ങളില്‍ ഉത്തമര്‍ നല്ല സ്വഭാവം സ്വീകരിച്ചവരും കുടുംബത്തോട് മാര്‍ധവ സമീപനം പുലര്‍ത്തുന്നവരുമാണ്. സ്വര്‍ഗ പ്രവേശത്തിന് കൂടുതലായി നിമിത്തമാകുന്ന കാരണങ്ങളെ കുറിച്ചുള്ള അന്വേഷണത്തിന് അല്ലാഹുവിലുള്ള ഭക്തിയും സത്‌സ്വഭാവവുമാണെന്ന് പ്രവാചകര്‍ പ്രതികരിച്ചു. നരക പ്രവേശത്തിന്റെ അധിക കാരണങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് ഗുഹ്യവും നാവും എന്നായിരുന്നു മറുപടി. ഹൃദയത്തിന്റെ ശുദ്ധീകരണത്തിലൂടെയാണ് മനുഷ്യ സ്വഭാവത്തിന്റെ മഹോന്നതി സാധ്യമാകുന്നത്.

വ്രതം പോലെയുള്ള കര്‍മങ്ങള്‍ മനസ്സുകളെ മഹിതമാക്കും. മാലിന്യങ്ങളെ മനസ്സുകളില്‍ നിന്ന് പിഴുതെറിയും. ഈ ശുദ്ധീകരണ പ്രക്രിയ മികവാര്‍ന്ന സ്വഭാവ ഗുണങ്ങളുടെ ശാക്തീകരണത്തിന് നിദാനമായിത്തീരുന്നു. കുടുംബത്തിന്റെ സുരക്ഷ, സമൂഹത്തിന്റെ കെട്ടുറപ്പ്, നാടിന്റെ നിലനില്‍പ്പ് തുടങ്ങിയവയെല്ലാം സത്‌സ്വഭാവികളിലൂടെയാണ് രൂപപ്പെടുന്നതെന്ന യാഥാര്‍ഥ്യത്തിലേക്ക് വിരല്‍ചൂണ്ടുന്ന മതത്തിന്റെ ഉത്‌ബോധനം പ്രമാണങ്ങളില്‍ നിരവധിയാണ്. പ്രവാചകര്‍ (സ) നേടിക്കൊടുത്ത ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ വിശാലതക്ക് പ്രേരകമായത് സമാനതകളില്ലാത്ത സ്വഭാവ വൈശിഷ്ട്യങ്ങളായിരുന്നു. മുഹമ്മദ് നബിയുടെ സത്യസന്ധത, സത്‌സ്വഭാവം, സഹിഷ്ണുത തുടങ്ങിയ നല്ല മൂല്യങ്ങളിലൂടെയാണ് ഇസ്‌ലാമിന്റെ പ്രചാരമെന്നും ആയുധ ബലം കൊണ്ടല്ലെന്നും തിരിച്ചറിയാന്‍ ഞാന്‍ വൈകി എന്നുള്ള ഗാന്ധിജിയുടെ വാക്കുകള്‍ രാഷ്ട്ര സുരക്ഷ സാധ്യമാകണമെങ്കില്‍ സത്‌സ്വഭാവികള്‍ വളര്‍ന്ന് വരണമെന്ന വസ്തുതയിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ്. ഇവിടെയാണ് സത്‌സ്വഭാവികളായ പൗരന്മാരെ ആദരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ പദ്ധതി പ്രഖ്യാപിച്ചതിന്റെ മഹത്വം നമുക്ക് ബോധ്യമാകുന്നത്.

റമസാന്‍ വിനയം നേടിത്തരുന്നു, മറ്റുള്ളവരോട് പകയും വൈരാഗ്യവും വര്‍ജിക്കാന്‍ സാഹചര്യം ഒരുക്കുന്നു. സഹായ സേവന മനോഭാവവും വളരുകയാണ് പുണ്യ ദിനങ്ങളില്‍. നാവില്‍ നിന്ന് കുറ്റപ്പെടുത്തലുകളോ ചീത്ത വാക്കുകളോ ഇല്ല. ഇതാണല്ലോ സ്വഭാവ മഹിമ. ഈ മഹിമയെ ആദരിക്കേണ്ടത് തന്നെ. പരമ പ്രധാനമായ പരലോകത്തെ ആദരവ് ലഭിക്കാനും ഇത് കാരണമാകുന്നു. നല്ല പെരുമാറ്റത്തിലൂടെ നന്മ നേടാന്‍ നാഥന്‍ നമുക്ക് തുണയാകട്ടെ.

Latest