Connect with us

Editorial

‘നോ ബാന്‍ ആക്ട്' സ്വാഗതാര്‍ഹമെങ്കിലും

Published

|

Last Updated

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ വിജയിച്ചപ്പോള്‍ മറ്റാരേക്കാളും സന്തോഷിച്ചത്‌ ആഗോള മുസ്‌ലിം സമൂഹമായിരുന്നു. അത് വെറുതെയായില്ലെന്നാണ് അവിടെ നിന്ന് പുറത്തു വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. അധികാരത്തിലേറിയ ഉടനെ ചില മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്ക് ജോ ബൈഡന്‍ നീക്കം ചെയ്യുകയുണ്ടായി. മതം അടിസ്ഥാനമാക്കി രാജ്യത്തേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്താന്‍ പ്രസിഡന്റിനു അനുമതി നല്‍കുന്ന നിയമം തന്നെ യു എസ് പ്രതിനിധി സഭ ഇപ്പോള്‍ റദ്ദ് ചെയ്തിരിക്കുന്നു. നോ ബാന്‍ ആക്ട് (വിലക്കില്ലാ നിയമം) എന്ന പേരിലറിയപ്പെടുന്ന ബില്‍ 208നെതിരെ 218 വോട്ടുകള്‍ക്കാണ് സഭ അംഗീകരിച്ചത്. സെനറ്റ് കൂടി അംഗീകരിച്ചാലേ ഇത് നിയമമാകൂ.

2017ല്‍ പ്രസിഡന്റായി അധികാരമേറ്റ് രണ്ടാഴ്ചക്കകമാണ് ഇറാന്‍, ലിബിയ, ഇറാഖ്, സിറിയ, യമന്‍ എന്നീ മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയില്‍ പ്രവേശനം നിരോധിച്ചു കൊണ്ട് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിറക്കിയത്. (ഇറാഖിനെ പിന്നീട് നിരോധിത രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കി). ഇതിനു പിന്നാലെ അമേരിക്കന്‍ വിമാനത്താവളങ്ങളില്‍ വന്നിറങ്ങിയ പ്രസ്തുത രാജ്യങ്ങളില്‍ നിന്നുള്ള നൂറുകണക്കിനു യാത്രക്കാരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. സുരക്ഷാ ഭീഷണിയുടെ പേര് പറഞ്ഞു നടപ്പാക്കിയ ഈ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയരുകയും രാജ്യത്തെ വിവിധ കോടതികള്‍ ഇത് മരവിപ്പിക്കുകയും തള്ളുകയും ചെയ്തിരുന്നു. മേരിലാന്‍ഡിലെയും ഹവായിയിലെയും ഫെഡറല്‍ കോടതികളാണ് യു എസ് ഭരണഘടനക്കും നിയമത്തിനും നിരക്കാത്തതെന്നു ചൂണ്ടിക്കാട്ടി ട്രംപിന്റെ ഉത്തരവ് മരവിപ്പിച്ചത്.

മുസ്‌ലിംകളെ പ്രത്യേകം ലക്ഷ്യംവെച്ചുള്ളതാണ് ട്രംപിന്റെ നടപടിയെന്നും മതത്തിന്റെ പേരിലുള്ള ഇത്തരം വിവേചനം ഭരണഘടനക്ക് വിരുദ്ധമാണെന്നുമാണ് വെര്‍ജീനിയ റിച്ച് മണ്ടിലെ നാലാം സര്‍ക്യൂട്ട് അപ്പീല്‍ കോടതി നിരീക്ഷിച്ചത്. യു എസ് കുടിയേറ്റ നിയമങ്ങളുടെ ലംഘനമാണിതെന്ന് സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള ഒമ്പതാം സര്‍ക്യൂട്ട് അപ്പീല്‍ കോടതി അഭിപ്രായപ്പെട്ടു. ട്രംപ് ഒരു മുസ്‌ലിം വിരുദ്ധനാണെന്ന് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നു തന്നെ വ്യക്തമാണെന്ന് ചീഫ് ജഡ്ജി റോജര്‍ ഗ്രിഗറി ചൂണ്ടിക്കാട്ടുകയും ചെയ്തു. ബ്രിട്ടനിലെ തീവ്ര ദേശീയവാദി സംഘടനയായ “ബ്രിട്ടന്‍ ഫസ്റ്റി”ന്റെ ഉപനേതാവ് ജയ്ഡ ഫ്രാന്‍സെന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത മുസ്‌ലിംവിരുദ്ധ വീഡിയോകള്‍ ട്രംപ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ച കാര്യം എടുത്തു പറഞ്ഞാണ് റോജര്‍ ഗ്രിഗറി ട്രംപിന്റെ മുസ്‌ലിംവിരുദ്ധതയിലേക്ക് വിരല്‍ചൂണ്ടിയത്. അമേരിക്കയുടെ ദേശസുരക്ഷ അപകടപ്പെടുത്തുന്നതാണ് ട്രംപിന്റെ യാത്രാവിലക്കെന്ന് അമേരിക്കയിലെ 130ഓളം നയതന്ത്ര വിദഗ്ധര്‍ ഒരു സംയുക്ത പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഇസ്‌ലാമുമായി അമേരിക്ക യുദ്ധത്തിലാണെന്ന പ്രചാരണത്തെ ശക്തിപ്പെടുത്താനേ ഇത് സഹായിക്കുകയുള്ളൂവെന്നും അവര്‍ വ്യക്തമാക്കി. അതേസമയം രാജ്യത്തെ വിവിധ കോടതികള്‍ തള്ളിപ്പറഞ്ഞിട്ടും ദേശീയസുരക്ഷാ നടപടിയെന്നു കാണിച്ച് സുപ്രീം കോടതിയില്‍ നിന്ന് അന്തിമ അംഗീകാരം നേടിയെടുക്കുകയായിരുന്നു ട്രംപ്. തീവ്രവാദികള്‍ രാജ്യത്തേക്ക് പ്രവേശിക്കാതിരിക്കാനാണ് വിലക്കേര്‍പ്പെടുത്തിയതെന്നാണ് വൈറ്റ് ഹൗസ് കോടതിയില്‍ വാദിച്ചത്.

അറബ്, മുസ്‌ലിം ലോകവുമായി ആത്മബന്ധം സ്ഥാപിക്കാന്‍ സഹായകമാകുമെന്ന വിലയിരുത്തലിലാണ് കഴിഞ്ഞ സെപ്തംബറില്‍ ബൈഡന്‍ ഭരണകൂടം യാത്രാവിലക്ക് എടുത്തുകളഞ്ഞത്. ഈ വീക്ഷണത്തില്‍ തന്നെയായിരിക്കണം ഇപ്പോള്‍ പ്രതിനിധിസഭ “നോ ബാന്‍ ആക്ട്” കൊണ്ടുവന്നതും. എന്നാല്‍ അറബ് മുസ്‌ലിം സമൂഹവുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതിന് യാത്രാവിലക്ക് നീക്കിയാല്‍ മാത്രം പോരാ, അമേരിക്കന്‍ ഭരണകൂടം നേരത്തേ സ്വീകരിച്ച മറ്റു മുസ്‌ലിംവിരുദ്ധ നിലപാടികളില്‍ നിന്ന് കൂടി പിന്തിരിയേണ്ടതുണ്ട്. ജറൂസലമിനെ ഇസ്‌റാഈല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച ട്രംപിന്റെ ഏകപക്ഷീയ നടപടി, ജുലാന്‍ കുന്നുകള്‍ക്കു മേലുള്ള അവകാശം സയണിസ്റ്റ് രാഷ്ട്രത്തിനാണെന്ന പ്രഖ്യാപനം തുടങ്ങിയവയാണ് ഇതില്‍ പ്രധാനം. ഫലസ്തീന്‍ സമൂഹത്തിന് ദോഷം ചെയ്യുന്ന ഈ തീരുമാനങ്ങള്‍ പിന്‍വലിക്കണമെന്ന് അറബ് ലീഗും വിവിധ മുസ്‌ലിം രാജ്യങ്ങളും നിരന്തരം ആവശ്യപ്പെട്ടുവരികയാണ്.
എന്നാല്‍ യാത്രാവിലക്ക് നീക്കിയതു പോലെ അത്ര എളുപ്പമല്ല ബൈഡനെ സംബന്ധിച്ചിടത്തോളം ഫലസ്തീന്‍ പ്രശ്‌നത്തില്‍ ഒരു തീരുമാനമെടുക്കുന്നത്. ഇസ്‌ലാമോഫോബിയയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് ഏറെ വ്യത്യസ്തമല്ല ഡെമോക്രാറ്റിക് പാര്‍ട്ടിയും. ഇന്ത്യയില്‍ സംഘ്പരിവാര്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കെന്ന പോലെ അമേരിക്കയിലും ഒരു രാഷ്ട്രീയായുധമാണ് മുസ്‌ലിംവിരുദ്ധത. 2016ലെ തിരഞ്ഞെടുപ്പില്‍ ട്രംപിനോളം രൂക്ഷമല്ലെങ്കിലും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരിയുടെ വാക്കുകളിലും ഇസ്‌ലാമോഫോബിയ മുഴച്ചു നിന്നിരുന്നു. അമേരിക്കന്‍ മുസ്‌ലിംകളെയും ഇസ്‌ലാമിനെയും ഐ എസിനോടും ഭീകരവാദത്തോടും ചേര്‍ത്തു നിര്‍ത്തുന്ന തരത്തിലായിരുന്നു അവരുടെ പരാമര്‍ശങ്ങള്‍. ട്രംപ് മുസ്‌ലിം വിരോധം ഉറക്കെ വിളിച്ചു പറഞ്ഞുവെങ്കില്‍ ഹിലാരി മയത്തില്‍ പറഞ്ഞു എന്ന മാറ്റമേയുള്ളൂ എന്നാണ് ഇതേക്കുറിച്ച് നിരീക്ഷകര്‍ അഭിപ്രായപ്പെട്ടത്. കുടിയേറ്റക്കാരെ വിശിഷ്യാ മുസ്‌ലിംകളെ അപകടകാരികളായി ചിത്രീകരിക്കുന്ന നവനാസികളും ഫാസിസ്റ്റുകളും നവയാഥാസ്ഥിതികരും അമേരിക്കയില്‍ പ്രബല സാന്നിധ്യമാണെന്നിരിക്കെ അവരെ അവഗണിച്ച് ഒരു പാര്‍ട്ടിക്കും ഭരണാധികാരിക്കും മുന്നോട്ടു പോകാനാകില്ലെന്നതാണ് വസ്തുത. വംശവെറിയുടെ യു എസ് കോര്‍പറേറ്റ് വേരുകള്‍ ചെന്നെത്തുന്നത് അമേരിക്കയുടെ ഇസ്‌റാഈല്‍ ചങ്ങാത്തത്തിലാണെന്ന് വിഖ്യാത മാധ്യമ പ്രവര്‍ത്തകന്‍ എഡ്വേര്‍ഡ് ഹെര്‍മാന്‍ കണ്ടെത്തുന്നുണ്ട്. ഇത്തരമൊരവസ്ഥയില്‍ ബൈഡനില്‍ നിന്ന് ഫലസ്തീന്‍ പ്രശ്‌നത്തില്‍ ഒരു നയംമാറ്റം പ്രതീക്ഷിക്കുന്നത് നിരാശക്ക് ഇടവരുത്തുകയേ ഉള്ളൂ.

Latest