Connect with us

Articles

നിര്‍മാണാത്മക യുവത്വത്തിന്റെ വീണ്ടെടുപ്പിന്

Published

|

Last Updated

യുവത്വം ജീവിതത്തിലെ മനോഹരമായ കാലഘട്ടമാണ്. ബുദ്ധിപൂര്‍വം ഉപയോഗപ്പെടുത്തിയാല്‍ വ്യക്തിപരമായും സാമൂഹികമായും നിരവധി നല്ല കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ യുവസമൂഹത്തിന് സാധിക്കും. അല്ലാഹുവിന്റെ വഴിയില്‍ യുവതയുടെ കര്‍മശേഷി ഉപയോഗപ്പെടുത്തണം എന്നാണ് ഇസ്‌ലാം അനുശാസിക്കുന്നത്.

വാര്‍ധക്യം എത്തുന്നതിന് മുമ്പ് യുവത്വം ഉപയോഗപ്പെടുത്തണം എന്ന് തിരുനബി(സ) മുന്നറിയിപ്പ് നല്‍കുന്നുണ്ട്. നാഥനായ അല്ലാഹുവിന്റെ ആജ്ഞകള്‍ അനുസരിച്ച് ആരാധനകളിലായി സമയം ചെലവഴിക്കുന്ന യുവാക്കളെ അവന്‍ അഭിനന്ദിക്കുന്നതായി കാണാം. ഗുഹാവാസികളായ യുവാക്കളെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ ഇങ്ങനെ പറയുന്നു: സ്രഷ്ടാവില്‍ അടിയുറച്ച് വിശ്വസിക്കുകയും സന്മാര്‍ഗത്തെ ആവാഹിക്കുകയും ചെയ്യുന്നവരാണവര്‍ (സൂറത്തുല്‍ കഹ്ഫ്/13). അന്ത്യനാളില്‍ ഏഴ് വിഭാഗം ജനങ്ങള്‍ക്ക് അല്ലാഹു സമ്മാനിക്കുന്ന അര്‍ശിന്റെ തണല്‍ ലഭിക്കും. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജീവിക്കുന്ന യുവാവ് /യുവതി ആണ് അതില്‍ ഒരാള്‍. (ബുഖാരി 1/440).

ഈ ഹദീസ് പ്രധാനമായും സംസാരിക്കുന്നത് യുവത്വത്തോടാണ്. ആരോഗ്യ ദൃഢഗാത്രനായ ഒരാള്‍ക്ക് തിന്മയില്‍ കയറിയിരിക്കാനും അതിലൂടെ സഞ്ചരിക്കാനും ആര്‍ത്തിയുണ്ടാകും. ഈ പൈശാചിക ദുര്‍ബോധനങ്ങളെ ചെറുത്ത് തോല്‍പ്പിച്ചവനാണ് ഹദീസില്‍ പരാമര്‍ശിച്ച അല്ലാഹുവിന്റെ വഴിയില്‍ ജീവിക്കുന്ന യുവാവ്. പ്രത്യേകിച്ച് ലക്ഷ്യം ഒന്നുമില്ലാതെ, നിയന്ത്രണങ്ങള്‍ ഇല്ലാതെ ജീവിക്കാന്‍ ആധുനിക ലോകം യുവസമൂഹത്തെ പ്രേരിപ്പിക്കുമ്പോള്‍ നന്മയുടെ വഴിയില്‍ മുന്നോട്ട് പോയി വിജയിക്കാനാണ് മതം കല്‍പ്പിക്കുന്നത്.

ഏതൊരു സമൂഹത്തിന്റെയും ഏറ്റവും സമ്പന്നമായ വിഭവം ക്രിയാത്മകമായ യുവത്വമാണ്. കൃത്യമായ ദിശയറിയുന്ന യുവജനങ്ങള്‍ നമ്മുടെ നാടിന്റെ നന്മക്കും വികസനത്തിനും മുന്നേറ്റത്തിനും വലിയ സംഭാവനകളാണ് ചെയ്യുന്നത്. പുതിയ ആശയങ്ങള്‍ ചിന്തിക്കാനും സാമൂഹിക പ്രതിബദ്ധത കാത്തുസൂക്ഷിക്കാനും പുതിയ കാലത്ത് യുവാക്കള്‍ കൂടുതലായി മുന്നോട്ടുവരുന്നത് ആശാവഹമാണ്. പുതിയ കാഴ്ചപ്പാടുകളോടെ സമൂഹത്തില്‍ ഇടപെടാന്‍ ശേഷിയുള്ള യുവജനങ്ങള്‍ തന്നെയാണ് നമ്മുടെ ഭാവി പടുത്തുയര്‍ത്തുക. സാമൂഹിക വിഷയങ്ങളില്‍ ഇടപെടാനും പൊതുസമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ശേഷിയുള്ള യുവാക്കളാണ് നമ്മുടെ ജീവിതപരിസരത്ത് മാറ്റങ്ങള്‍ കൊണ്ടുവരുന്നത്.

ഇത്തരമൊരു മഹത്തായ ലക്ഷ്യത്തോടെയാണ് സമസ്ത കേരള സുന്നിയുവജന സംഘം രൂപവത്കരിച്ചിട്ടുള്ളത്. കേരളത്തിലെ സമുന്നതരായ ഇസ്‌ലാമിക പണ്ഡിതരുടെ ഉന്നത സഭയായ സമസ്തയുടെ കീഴില്‍ യുവജനങ്ങള്‍ക്കായി 1954ലെ സമസ്ത താനൂര്‍ സമ്മേളനത്തിലാണ് എസ് വൈ എസ് കേരളീയ സമൂഹത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. നീണ്ട അറുപത്തിയേഴ് വര്‍ഷക്കാലത്തിനുള്ളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാനും രൂപവത്കരണ കാലത്തെ മഹത്തായ ലക്ഷ്യങ്ങള്‍ കൈവരിക്കാനും ഈ യുവജന കൂട്ടായ്മക്ക് സാധിച്ചു. കേരളത്തിലെ പരമ്പരാഗത ഇസ്‌ലാം വിശ്വാസികളുടെ വൈജ്ഞാനികവും ആദര്‍ശപരവുമായ മുന്നേറ്റം സാധ്യമാക്കുകയും സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്ന ലക്ഷക്കണക്കിന് പ്രവര്‍ത്തകരെ സമൂഹത്തിന് സംഭാവന ചെയ്യുകയും അതുവഴി ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസമാകുകയും ചെയ്താണ് എസ് വൈ എസ് സര്‍വാംഗീകൃത യുവജന സംഘടനയായി വളര്‍ന്നത്. മതപരവും വിശ്വാസപരവുമായ മേഖലകളില്‍ ഊന്നിനില്‍ക്കാനും അതേസമയം ബഹുസ്വരവും ജനാധിപത്യപരവുമായ കാഴ്ചപ്പാടുകളോടെ വിശാലവും മാതൃകാപരവുമായ പൊതുപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും എസ് വൈ എസ് പ്രവര്‍ത്തകര്‍ക്ക് സാധിച്ചു. സമൂഹത്തിലെ പാവപ്പെട്ടവരെയും രോഗികളെയും അവശരെയും സഹായിക്കാന്‍ ഓടിയെത്തുന്ന സാര്‍ഥവാഹക സംഘമായി സുന്നി യുവജന സംഘം അറിയപ്പെടാന്‍ വലിയ കാലതാമസം വേണ്ടിവന്നില്ല. വിഭവശേഷിയും കര്‍മകുശലതയും കൈമുതലായുള്ള യുവജനങ്ങള്‍ ശക്തരായ നേതൃത്വത്തിന് കീഴില്‍ പൊതുസമൂഹത്തിന്റെ നന്മക്കായി അണിനിരന്നപ്പോള്‍ കേരളം കണ്ടത് യുവത്വത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ഇടപെടലുകളായിരുന്നു.

എസ് വൈ എസിന്റെ പ്രവര്‍ത്തനഫലമായി യുവാക്കള്‍ സമഗ്രമായ വളര്‍ച്ചയാണ് അടയാളപ്പെടുത്തിയത്. വ്യക്തിപരമായി മികവുറ്റ ജീവിതരീതി പിന്തുടരുകയും സാമൂഹിക ബോധത്തോടെ പ്രവര്‍ത്തന വഴിയില്‍ സജീവമാകുകയും ചെയ്യുന്ന യുവാക്കളുടെ സൃഷ്ടിപ്പിനാണ് ഈ യുവജന സംഘം നേതൃത്വം നല്‍കിയത്. മതത്തിനകത്ത് ആദര്‍ശപരമായ കൃത്രിമത്വങ്ങള്‍ കാണിച്ച് പുത്തനാശയക്കാര്‍ ഛിദ്രത സൃഷ്ടിച്ചപ്പോള്‍ മതത്തിനകത്തേക്ക് വളരാനും അതുവഴി യഥാര്‍ഥ ഇസ്‌ലാം ജീവിതപരിസരത്ത് നിലനിര്‍ത്താനും യുവജനത തയ്യാറായി. അതേസമയം, ബഹുസ്വരവും മതേതരവുമായ കാഴ്ചപ്പാടുകളോടെ കൃത്യമായ സാമൂഹിക, സേവന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാനും എസ് വൈ എസ് പ്രവര്‍ത്തകര്‍ക്ക് സാധിച്ചു. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളുമായും ആശയവിനിമയം നടത്താനും വികസനോന്മുകമായ പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്‌കരിക്കാനും സംഘടന നേതൃത്വം നല്‍കി. ബഹുസ്വരമായ കാഴ്ചപ്പാടുകളോടെ മതസൗഹാര്‍ദ പ്രവര്‍ത്തനങ്ങളിലും സാന്ത്വന സേവനങ്ങളിലും പ്രവര്‍ത്തകര്‍ സജീവമായി. ഗള്‍ഫ് നാടുകളിലെ പ്രവര്‍ത്തനങ്ങള്‍ ഐ സി എഫിന് കീഴില്‍ വിജയകരമായി നടന്നു വരുന്നു.
ലോകത്ത് ഏറ്റവും കൂടുതല്‍ യുവജനങ്ങളുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ ജനസംഖ്യയുടെ 50.1 ശതമാനം പേര്‍ യുവാക്കളാണ്. അതേസമയം, ഈ കര്‍മശേഷി രാജ്യത്തിന്റെ സമഗ്ര പുരോഗതിക്കും സമൂഹത്തിന്റെ നന്മക്കും വേണ്ടി ഉപയോഗപ്പെടുത്തുന്നതില്‍ നാം ഏറെ പിന്നിലാണ്. യുവജനങ്ങളുടെ ലഭ്യതക്കുറവ് ഇന്ന് പല രാജ്യങ്ങളും നേരിടുന്ന ഭീഷണിയാണ്. ചൈന പോലും ഒരു കുട്ടി മതി എന്ന നയം തിരുത്തുകയുണ്ടായി. അത്രമേല്‍ പ്രാധാന്യമാണ് യുവാക്കളുടെ കര്‍മശേഷിക്ക് ഓരോ രാജ്യവും നല്‍കുന്നത്. കേരളീയ പശ്ചാത്തലത്തിലും പൊതു പ്രവര്‍ത്തനങ്ങളില്‍ യുവാക്കളുടെ സാന്നിധ്യം ഏറെ ശ്രദ്ധേയമാണ്. അതേസമയം, യുവാക്കള്‍ അധാര്‍മിക പ്രവര്‍ത്തനങ്ങളില്‍ പെട്ടുപോകുന്ന അവസ്ഥ ലോകത്തെവിടെയും കാണാവുന്നതാണ്. മദ്യവും മയക്കുമരുന്നും ഉള്‍പ്പെടെ യുവജനതയെ വഴിതെറ്റിക്കുന്ന ആയിരം വഴികള്‍ നമ്മുടെ ജീവിത പരിസരത്തുണ്ട്. നമ്മുടെ നാടുകളില്‍ കുറ്റകൃത്യങ്ങളില്‍ പ്രതികളായി വരുന്ന യുവാക്കള്‍, അനധികൃത പ്രവര്‍ത്തനങ്ങളിലും കേവല വിനോദങ്ങളിലും സമയം കളയുന്നവര്‍, ഓണ്‍ലൈന്‍ രസങ്ങളില്‍ അഭിരമിക്കുന്നവര്‍ എല്ലാം വലിയ ആശങ്കകള്‍ ഉയര്‍ത്തുന്ന യാഥാര്‍ഥ്യങ്ങള്‍ ആണ്.

ഇത്തരം വെല്ലുവിളികള്‍ നിലനില്‍ക്കുമ്പോഴും സ്വയം നിയന്ത്രിക്കുകയും തങ്ങളുടെ കര്‍മ ശേഷി സമൂഹത്തിന് ഗുണപരമായ രീതിയില്‍ വിനിയോഗിക്കുകയും ചെയ്യുന്ന യുവാക്കളാണ് വളര്‍ന്നു വരേണ്ടത്. മറ്റുള്ളവരെ സഹായിക്കാനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനും നാടിന്റെയും രാജ്യത്തിന്റെയും പുരോഗതിയില്‍ വ്യക്തമായ ഇടപെടലുകള്‍ നടത്താനും കഴിയുന്ന യുവാക്കള്‍ ആണ് യഥാര്‍ഥത്തില്‍ ഭാവി ഭദ്രമാക്കുന്നത്. ദീര്‍ഘ വീക്ഷണവും സാമൂഹിക, സാംസ്‌കാരിക വിഷയങ്ങളില്‍ വ്യക്തമായ കാഴ്ചപ്പാടുകളും യുവസമൂഹത്തിന് ഉണ്ടായിരിക്കണം. അത്തരം യുവാക്കളുടെ വീണ്ടെടുപ്പിനാണ് എസ് വൈ എസ് നേതൃത്വം നല്‍കുന്നത്.
യുവജനങ്ങളുടെ സമഗ്ര വികസനത്തിനായി നിരവധി പദ്ധതികളാണ് സുന്നി യുവജന സംഘം ആവിഷ്‌കരിച്ചിട്ടുള്ളത്. പുതിയ സംഘടനാ കാലഘട്ടത്തില്‍ പ്രധാനമായും ഊന്നല്‍ നല്‍കുന്നത് പ്രവര്‍ത്തകരുടെ സ്വയം പര്യാപ്തതക്കാണ്. ആദര്‍ശപരമായും വൈജ്ഞാനികമായും കരുത്താര്‍ജിച്ച പ്രവര്‍ത്തകനെ സൃഷ്ടിക്കുന്നതിന് വേണ്ടി കരുത്തുറ്റ പ്രവര്‍ത്തനപദ്ധതിയാണ് എസ് വൈ എസ് ആവിഷ്‌കരിച്ചിട്ടുള്ളത്. വൈയക്തികമായി പ്രവര്‍ത്തകര്‍ക്കുണ്ടാകുന്ന എല്ലാ വെല്ലുവിളികളെയും അതിജീവിക്കാനും കരുത്താര്‍ജിക്കാനും നമുക്ക് സാധിക്കണം. അതിന് വേണ്ടി പ്രബോധന, സാമൂഹിക പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുക എന്നതാണ് പ്രധാനമായും ആലോചിക്കുന്നത്.

നിലവില്‍ നാം ചെയ്തുവരുന്ന സാന്ത്വനം പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി കുറഞ്ഞ ചെലവില്‍ മരുന്ന് ഉത്പാദിപ്പിക്കാനും വിതരണം ചെയ്യാനുമുള്ള പദ്ധതി നാം ആലോചിക്കുന്നുണ്ട്. അതിനായി സാന്ത്വനം വളണ്ടിയര്‍മാരെ സജ്ജമാക്കുന്നതിനുള്ള സ്ഥിരം പരിശീലനങ്ങള്‍ വേണം. ഇപ്പോള്‍ മിക്ക യൂനിറ്റുകളിലും പാവപ്പെട്ട രോഗികളെ സഹായിക്കാനായി സാന്ത്വനം കേന്ദ്രങ്ങളുണ്ട്. ആയിരക്കണക്കിന് രോഗികള്‍ക്ക് വലിയ സഹായകമാകുന്ന അത്തരം സാന്ത്വനം കേന്ദ്രങ്ങള്‍ സ്മാര്‍ട്ട് സെന്ററുകളാക്കി മാറ്റും. മറ്റൊന്ന്, സംഘടനയുടെ ഭരണകാര്യങ്ങള്‍ അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തുക എന്നതാണ്. നമ്മുടെ പാരമ്പര്യവും ആദര്‍ശവും മുറുകെപിടിച്ചുകൊണ്ട്, ഭരണനിര്‍വഹണ രീതികളില്‍ ഗുണപരമായ മാറ്റങ്ങള്‍ ആവശ്യമാണ്. രാഷ്ട്രീയ, സാമൂഹിക, വൈജ്ഞാനിക, രാഷ്ട്ര നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ കൃത്യമായ ഭാഗധേയം നിര്‍ണയിക്കുന്ന രൂപത്തില്‍ പ്രവര്‍ത്തകര്‍ സജീവമായി ഇടപെടുന്ന സാഹചര്യം ഉണ്ടാകണം. സാമൂഹിക സേവനാധിഷ്ഠിതമായ പ്രവര്‍ത്തനങ്ങളെയും രാഷ്ട്രീയാവബോധമുള്ള സാമൂഹികാന്തരീക്ഷത്തെയും പിന്തുണക്കുന്ന കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുക എന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്.

ഡിജിറ്റല്‍ ലോകത്ത് കൂടുതല്‍ സമയം ചെലവഴിക്കുന്ന യുവസമൂഹം കൃത്യമായ ദിശാബോധത്തോടെ മുന്നോട്ട് നീങ്ങണം. യുവസമൂഹത്തിലെ മുഴുവന്‍ പുരുഷന്മാരെയും സ്ത്രീകളെയും വിദ്യാ സമ്പന്നരാക്കുക, സര്‍ക്കാര്‍ ഉദ്യോഗങ്ങളിലേക്കും ഉയര്‍ന്ന പോസ്റ്റുകളിലേക്കും എത്തുന്നതിന് ആവശ്യമായ പഠന പരിശീലനങ്ങള്‍ നല്‍കുക, കൂടുതല്‍ തൊഴില്‍ ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള മറ്റു പദ്ധതികള്‍ ആസൂത്രണം ചെയ്യുക, തൊഴില്‍ നല്‍കാന്‍ ശേഷിയുള്ള വലിയ കമ്പനികളുമായും തൊഴില്‍ ദാതാക്കളുമായും ദീര്‍ഘ കാലാടിസ്ഥാനത്തില്‍ കരാറുകള്‍ ഉണ്ടാക്കുക, വിദേശ രാജ്യങ്ങളിലെ പുതിയ തൊഴിലവസരങ്ങള്‍ കൃത്യമായി ഉപയോഗപ്പെടുത്തുക തുടങ്ങിയ പദ്ധതികള്‍ യുവജനങ്ങളെ ലക്ഷ്യം വെച്ചുള്ളതാണ്. ഈ മേഖലകളില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ നമുക്ക് സാധിക്കും എന്നാണ് നാം പ്രതീക്ഷിക്കുന്നത്.