Connect with us

Covid19

മലപ്പുറം, ആലപ്പുഴ ജില്ലകളിൽ ആരാധനാലയങ്ങളിലെ നിയന്ത്രണം; അന്തിമ തീരുമാനം തിങ്കളാഴ്ച

Published

|

Last Updated

മലപ്പുറം | കൊവിഡ് പശ്ചാത്തലത്തില്‍ മലപ്പുറം, ആലപ്പുഴ ജില്ലകളിൽ ആരാധനായലങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്തിയ  ജില്ലാ കലക്ടർമാരുടെ ഉത്തരവില്‍ അന്തിമ തീരുമാനം തിങ്കളാഴ്ച എടുക്കും. രോഗവ്യാപന പശ്ചാതലത്തില്‍ ജില്ലയില്‍ ആരാധനാലയങ്ങളില്‍ ഒരേ സമയം അഞ്ച് പേരെ മാത്രം അനുവദിക്കൂവെന്ന് അറിയിച്ച് ഇന്നലെ ഉച്ചയോടെ മലപ്പുറം ജില്ലാ കലക്ടര്‍ ഉത്തരവിറക്കിയിരുന്നു. ഉത്തരവ് പുറത്ത് വന്നതോടെ മത-സാമുദായിക സംഘടനകള്‍ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സാമൂഹിക മാധ്യമങ്ങളിലടക്കം പ്രതിഷേധം വ്യാപകമായി.

ഇതേ തുടര്‍ന്ന്, തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാന തലത്തില്‍ നടക്കുന്ന സര്‍വകക്ഷി യോഗത്തിലെ തീരുമാനമനുസരിച്ച് അന്തിമ തീരുമാനമെടുക്കുകയുള്ളൂവെന്ന് ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ആലപ്പുഴ ജില്ലയിലെ നിയന്ത്രണവും തത്കാലം മരവിപ്പിച്ചിട്ടുണ്ട്.

കൊവിഡ് നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നത് സംബന്ധിച്ച് നേരത്തെ ചേര്‍ന്ന മതനേതാക്കളുടെ യോഗത്തിലോ പിന്നീടോ ഇത്തരമൊരു വിഷയം ചര്‍ച്ച ചെയ്യാതെ പെട്ടെന്നുള്ള കലക്ടറുടെ ഉത്തരവാണ് മുസ്‌ലിം സംഘടനകളുടെ പ്രതിഷേധത്തിന് കാരണം.

ആരാധനാലയങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയുള്ള ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി കലക്ടര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഉത്തരവ് അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുസ്‌ലിം സംഘടനകള്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

Latest