Education
കൊവിഡ് പ്രതിസന്ധി: സര്‍വകലാശാല പരീക്ഷകള്‍ മാറ്റി; അനങ്ങാതെ പി എസ് സി

കോഴിക്കോട് | സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്താനിരിക്കുന്ന പരീക്ഷകള്‍ മാറ്റണമെന്ന് ആവശ്യം. പി.എസ്.സി ആദ്യമായി നടത്തുന്ന അസിസ്റ്റന്റ് പ്രൊഫസര്‍ (ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ ) പരീക്ഷ ഉൾപ്പെടെ നിരവധി പരീക്ഷകൾ വരും ദിവസങ്ങളിൽ നടക്കേണ്ടതുണ്ട്. ഇവ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ രംഗത്ത് വന്നു. പരീക്ഷകള്‍ മാറ്റണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സംസ്ഥാനത്തെ സര്‍വകലാശാല പരീക്ഷകള്‍ മാറ്റിയിരുന്നു. എന്നാല്‍ പിഎസ് സി പരീക്ഷ മാറ്റുന്നത് സംബന്ധിച്ച് ഒരു അറിയിപ്പും ഇതേ വരെ നല്‍കിയിട്ടില്ല.
ചൊവ്വാഴ്ച നടക്കേണ്ട അസിസ്റ്റന്റ് പ്രൊഫസര്‍ (ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ )പരീക്ഷക്ക് ആകെ 1046 അപേക്ഷകരും മൂന്ന് പരീക്ഷാ കേന്ദ്രങ്ങളും മാത്രമാണുള്ളത്. കോവിഡ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പരീക്ഷാ സെന്റര്‍. കാസര്‍ഗോഡ് മുതല്‍ പാലക്കാട് വരെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് കോഴിക്കോട് ജില്ലയിലെ പരീക്ഷാ കേന്ദ്രമായഅത്തോളിയില്‍ രാവിലെ 7.30 ന് എത്തേണ്ടതുണ്ട്.
കോവിഡ് സാഹചര്യത്തില്‍ ലോഡ്ജ് ലഭിക്കാനും പൊതുഗതാഗത സംവിധാനം ലഭിക്കാനും വളരെ ബുദ്ധിമുട്ടാണ്. ഇതിന് പുറമെ പല ജില്ലകളിലും കടുത്ത നിയന്ത്രണമാണ് ജില്ലാ ഭരണകൂടങ്ങള്‍ ഏര്‍പ്പെടുത്തിരിയിക്കുന്നത്.
ആദ്യമായി നടക്കുന്ന പരീക്ഷയായതിനാല്‍ പല ഉദ്യോഗാര്‍ത്ഥികളുടെയും പ്രായപരിധി കഴിയാറായി. ഉദ്യോഗാര്‍ഥികളുടെ ബുദ്ധിമുട്ട് അവഗണിച്ച് പരീക്ഷ നടന്നാല്‍ പലര്‍ക്കും അവസരം എന്നന്നേയ്ക്കുമായി നഷ്ടപ്പെടും. കൂടാതെ നിരവധി ഉദ്യോഗാര്‍ഥികള്‍ ഇപ്പോള്‍ കോവിഡ് പോസിറ്റീവ് ആയി ചികിത്സയിലും പലരും നിരീക്ഷണത്തിലുമാണ്.
ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പരീക്ഷ മാറ്റണമെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യപെടുന്നത്.