Connect with us

Covid19

കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് ടെസ്റ്റിംഗ് കാമ്പയിന്‍

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ പരിശോധനാ കാമ്പയിന്‍ തുടങ്ങുമെന്ന് ചീഫ് സെക്രട്ടറി വി പി ജോയി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനം വീണ്ടുമൊരു ലോക്ഡൗണിലേക്ക് പോകേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വെള്ളി, ശനി ദിവസങ്ങളിലായി രണ്ടു മുതല്‍ രണ്ടര ലക്ഷം വരെ ആളുകളെ പരിശോധനക്ക് വിധേയരാക്കും. ഹൈ റിസ്‌ക് വിഭാഗത്തില്‍ പെട്ടവര്‍ക്ക് പരിശോധനയില്‍ മുന്‍ഗണന നല്‍കും. വാക്‌സിനേഷന്‍ കാമ്പയിന്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. വാക്‌സിന്‍ കിട്ടുന്ന മുറക്കായിരിക്കും ഇത്. ഇതിനു പുറമെ എന്‍ഫോഴ്‌സ്‌മെന്റ് കാമ്പയിന്‍ നടത്താനും പദ്ധതിയുണ്ട്. നിലവില്‍ സ്‌റ്റോക്കുള്ളത് 7,25,300 ഡോസ് വാക്‌സിന്‍ ആണ്. ഇത് മുഴുവന്‍ കൊടുത്തുതീര്‍ക്കും. ഒരുകോടി ഡോക് വാക്‌സിന്‍ കൂടി സംസ്ഥാനത്തിന് ആവശ്യമുണ്ട്. ഇന്ന് രണ്ട് ലക്ഷം കൊവിഷീല്‍ഡ് വാക്‌സിന്‍ ലഭിക്കും.

പൊതു പരിപാടികള്‍ക്കും ചടങ്ങുകള്‍ക്കും അനുമതി വാങ്ങിയിരിക്കണമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. പൊതു പരിപാടികളില്‍ പരമാവധി പങ്കാളിത്തം 150 പേര്‍ക്കായിരിക്കും. അടച്ചിട്ട മുറികളില്‍ 75 പേരില്‍ കൂടുതല്‍ ഒത്തുചേരാന്‍ പാടില്ല. യോഗങ്ങള്‍ പരമാവധി ഓണ്‍ലൈന്‍ ആക്കണം. കടകള്‍ ഓണ്‍ലൈന്‍ ഡെലിവറി കൂട്ടണം. ട്യൂഷന്‍ ക്ലാസുകളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. ബസുകളില്‍ നിന്ന് യാത്ര ചെയ്യരുത്. വിവാഹച്ചടങ്ങുകള്‍ക്ക് അനുമതി വേണ്ട. പക്ഷെ അറിയിക്കണം. പങ്കാളിത്ത പരിധി പാലിക്കണം. രാത്രി ഒമ്പതിന് അടയ്ക്കണമെന്ന നിബന്ധന തിയേറ്ററുകള്‍ക്കും ബാറുകള്‍ക്കും ബാധകമാണ്. മെഡിക്കല്‍ ഷോപ്പുകള്‍ അടക്കമുള്ള അവശ്യ സര്‍വീസുകള്‍ക്കും ആശുപത്രി കാന്റീനുകള്‍ക്കും ഇക്കാര്യത്തില്‍ ഇളവുണ്ടാകും.

പരീക്ഷകള്‍ക്കായി വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൗകര്യം ഏര്‍പ്പെടുത്തും. തൃശൂര്‍ പൂരം നിലവില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങളോടെ നടത്തും. നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ ജനങ്ങള്‍ സഹകരിക്കണമെന്നും രണ്ടാഴ്ച കൊണ്ട് സ്ഥിതി നിയന്ത്രണ വിധേയമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.