Connect with us

Gulf

മലയാളിയുടെ തന്ത്രപരമായ നീക്കം; പ്രവാസി ഇന്ത്യക്കാരന് തിരികെക്കിട്ടിയത് 80 ലക്ഷം രൂപ

Published

|

Last Updated

ദുബൈ | മലയാളിയുടെ അവസരോചിതമായ ഇടപെടല്‍ മൂലം പ്രവാസി ഇന്ത്യക്കാരന് തിരികെ ലഭിച്ചത് 80 ലക്ഷത്തിലധികം രൂപ. പണം അടങ്ങിയ ബാഗ് മോഷ്ടിച്ചുകൊണ്ട് ഓടിപ്പോകുകയായിരുന്ന കള്ളനെ കാല്‍ വെച്ച് വീഴ്ത്തി രക്ഷകനായത് മലയാളിയായ വടകര സ്വദേശി നാല്‍പതുകാരന്‍ വള്ളിയോട് പാറപ്പുറത്ത് ജാഫറാണ്.

കഴിഞ്ഞ ദിവസം ദുബൈ ബനിയാസ് സ്‌ക്വയര്‍ ലാന്റിലെ മാര്‍ക് ഹോട്ടലിന് സമീപമുള്ള ഗിഫ്റ്റ് ഷോപ്പിന് അരികെ നടന്ന സംഭവത്തിന്റെ വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു.

വിസിറ്റിങ്ങ് വിസയില്‍ എത്തിയ ജാഫര്‍ ബന്ധുവിന്റെ ജ്യൂസ് കടയില്‍ സഹായിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം അരങ്ങേറിയത്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് പെട്ടെന്നാണ് തൊട്ടപ്പുറത്ത് നിന്ന് ബന്ധുവായ തൊടുവയില്‍ നജീബ് കള്ളന്‍..കള്ളന്‍, കള്ളനെ പിടിച്ചോ എന്ന് ഉച്ചത്തില്‍ വിളിച്ചു പറയുന്നത് കേട്ടത്. ഇത് കേട്ട് കടയില്‍ നിന്ന് പെട്ടെന്ന് ഇറങ്ങി നോക്കുമ്പോള്‍ മോഷ്ടിച്ച ബാഗുമായി ഓടി വരുന്ന കള്ളനെയാണ് ജാഫര്‍ കണ്ടത്. ഒട്ടും അമാന്തിക്കാതെ തന്ത്രപരമായി തന്റെ കാല്‍ വെച്ച് കള്ളനെ വീഴ്ത്തി. തെറിച്ച് വീണ മോഷ്ടാവ് വീണ്ടും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ജനങ്ങള്‍ ഓടിക്കൂടി വിരുതനെ പിടികൂടി.

മോഷ്ടാവിനെ പിടിച്ച് പോലീസിലേല്‍പിച്ചപ്പോഴാണ് മോഷ്ടിച്ച ബാഗില്‍ 4 ലക്ഷത്തിലധികം ദിര്‍ഹമുണ്ടായിരുന്നുവെന്നറിഞ്ഞത്. ബാഗിന്റെ ഉടമയായ ഇന്ത്യക്കാരന്‍ യുവാവ് തന്റെ പണം ബാങ്കില്‍ നിക്ഷേപിക്കാന്‍ പോകുന്നതിനിടെയാണ് കള്ളന്‍ പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ചോടിയത്. അവസരോചിതവും തന്ത്രപരവുമായ ജാഫറിന്റെ ഇടപെടലാണ് ബാഗ് തട്ടിപ്പറിച്ചോടിയ മോഷ്ടാവിനെ പിടികൂടാന്‍ സഹായകമായത്. ഈ സംഭവത്തോടെ ജാഫര്‍ ജനങ്ങളുടെ ഇഷ്ട താരമായി മാറിയിരിക്കുകയാണ്.

അല്‍ ഐനില്‍ ശൈഖ് ഈസ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ കൊട്ടാരത്തില്‍ മുമ്പ് ഡ്രൈവറായിരുന്ന ജാഫര്‍ മറ്റൊരു ജോലി തേടി ദുബൈയില്‍ എത്തിയപ്പോഴാണ് അപ്രതീക്ഷിതമായ ഈ സംഭവത്തിലിടപെടാനിടവന്നത്. നഷ്ടപ്പെട്ടുപോകുമായിരുന്ന യുവാവിന്റെ പണമടങ്ങിയ ബാഗ് മോഷ്ടാവില്‍ നിന്നും വീണ്ടെടുക്കാനായതിന്റെ ത്രില്ലിലാണ് ജാഫര്‍. ഉമ്മ ജാസ്മിനും ഭാര്യ ഹസീന, മക്കള്‍ നെദ, നേഹ, മുഹമ്മദ് നഹ്‌യാന്‍ എന്നിവരടങ്ങിയതാണ് ജാഫറിന്റെ കുടുംബം.

അന്‍വര്‍ സി ചിറക്കമ്പം

---- facebook comment plugin here -----

Latest