Kerala
മന്‍സൂര്‍ വധക്കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത് സംഭവവുമായി ബന്ധമില്ലാത്തവരെ: എം വി ജയരാജന്‍

കണ്ണൂര്‍ | പാനൂര്‍ മന്‍സൂര്‍ വധക്കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത് സംഭവവുമായി ബന്ധമില്ലാത്തവരെയാണെന്ന് സി പി എം നേതാവ് എം വി ജയരാജന്‍. പ്രതി ചേര്‍ക്കപ്പെട്ടതില്‍ മനം നൊന്താണ് രണ്ടാം പ്രതി രതീഷ് ആത്മഹത്യ ചെയ്തതെന്നും ജയരാജന്‍ പറഞ്ഞു. മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിപ്പട്ടിക തയാറാക്കിയിരിക്കുന്നത്. പാനൂര്‍ കടവത്തൂരില്‍ നടന്ന സമാധാന സന്ദേശ യാത്രയില്‍ പ്രസംഗിക്കുകയായിരുന്നു ജയരാജന്‍.
നിയമസഭാ തിരഞ്ഞെടുപ്പ് ദിവസം രതീഷിന് ലീഗ് പ്രവര്‍ത്തകരില്‍ നിന്നും മര്‍ദനമേറ്റിരുന്നു. ഇതുസംബന്ധിച്ച് രതീഷിന്റെ മാതാവ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. കേസില്‍ സി പി എം പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ അവരെ അറസ്റ്റ് ചെയ്യട്ടെയെന്നും അതിന് പാര്‍ട്ടി എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വോട്ടെടുപ്പിന് ശേഷം എല്‍ ഡി എഫ് പ്രവര്‍ത്തകനായ ഷിനോസിനെ ലീഗ് പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയിരുന്നു. ഷിനോസിനെ രക്ഷിക്കാന്‍ വേണ്ടിയാണ് മറ്റ് പ്രവര്‍ത്തകര്‍ അവിടേക്ക് പോയത്. അതിന് ശേഷമുണ്ടായ സംഘര്‍ഷത്തിലാണ് മന്‍സൂര്‍ കൊല്ലപ്പെട്ടത്. ആറ് മാസത്തിനിടെ അഞ്ച് സി പി എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്നും അതേ നാണയത്തില്‍ തിരിച്ചടിക്കുക പാര്‍ട്ടി നയമല്ലെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.