Connect with us

Kerala

വീണ്ടും അങ്കത്തിനിറങ്ങിയ എം എല്‍ എമാരുടെ ആസ്തിയില്‍ 52 ശതമാനം വര്‍ധന

Published

|

Last Updated

ആലപ്പുഴ | നിയമസഭയിലേക്ക് വീണ്ടും മത്സരിച്ച എം എല്‍ എമാരുടെ ആസ്തിയില്‍ അഞ്ച് വര്‍ഷത്തിനിടെ ശരാശരി 1.14 കോടി രൂപയുടെ വര്‍ധന. 2016ലെ തിരഞ്ഞെടുപ്പില്‍ വിവിധ പാര്‍ട്ടികളുടെയും സ്വതന്ത്രരുമായ എം എല്‍ എമാരുടെ ശരാശരി ആസ്തി 2.18 കോടി ആയിരുന്നെങ്കില്‍ 2021 ആയപ്പോഴേക്കും ഇത് 3.33 കോടിയായി ഉയര്‍ന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എം എല്‍ എമാരുടെ ആസ്തിയില്‍ 52 ശതമാനം വര്‍ധനവാണ് അഞ്ച് വര്‍ഷത്തിനുള്ളില്‍ ഉണ്ടായിട്ടുള്ളതെന്ന് കേരള ഇലക്്ഷന്‍ വാച്ചും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റീഫോംസും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.

2016ല്‍ ജയിച്ചു കയറി എം എല്‍ എമാരായ 84 പേരാണ് വിവിധ പാര്‍ട്ടികളെ പ്രതിനിധീകരിച്ചും സ്വതന്ത്രന്മാരായും ഈ തിരഞ്ഞെടുപ്പില്‍ മത്സര രംഗത്തുണ്ടായിരുന്നത്.

നിലമ്പൂര്‍ എം എല്‍ എ. പി വി അന്‍വര്‍ (സ്വത.), പിറവം എം എല്‍ എ. അനൂപ് ജേക്കബ് (കേരള കോണ്‍. ജേക്കബ് വിഭാഗം), താനൂര്‍ എം എല്‍ എ. വി അബ്ദുര്‍റഹ്്മാന്‍(നാഷനല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ്), കൊല്ലം എം എല്‍ എ. എം മുകേഷ് (സി പി എം), പുതുപ്പള്ളി എം എല്‍ എ ഉമ്മന്‍ ചാണ്ടി(കോണ്‍.) എന്നിവരാണ് ആസ്തി വര്‍ധനയില്‍ മുന്നില്‍.

ഇവരില്‍ പി വി അന്‍വറിന്റെയും ഉമ്മന്‍ ചാണ്ടിയുടെയും ആസ്തിയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് വന്‍ വര്‍ധനയാണുണ്ടായിട്ടുള്ളത്. അന്‍വറിന് 346 ശതമാനം വര്‍ധനയുണ്ടായപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ ആസ്തിയില്‍ 267 ശതമാനം വര്‍ധനവുണ്ടായി. ജനപ്രതിനിധിയെന്ന നിലയിലുള്ള ആനുകൂല്യങ്ങളില്‍ നിന്നും ഭാര്യക്ക് ലഭിക്കുന്ന പെന്‍ഷനും ചേര്‍ത്താണ് 4.55 കോടിയുടെ ആസ്തി ഉമ്മന്‍ ചാണ്ടിക്കുണ്ടായത്.

2016ല്‍ 1.24 കോടിയുടെ ആസ്തിയാണ് ഉമ്മന്‍ ചാണ്ടിക്കുണ്ടായിരുന്നത്. പി വി അന്‍വറിനാകട്ടെ, ജനപ്രതിനിധിയെന്ന നിലയില്‍ ലഭിക്കുന്ന ആനുകൂല്യവും ബിസിനസില്‍ നിന്നുള്ള വരുമാനവും ചേര്‍ത്താണ് 14.38 കോടിയായിരുന്ന ആസ്തി അഞ്ച് വര്‍ഷം കൊണ്ട് 64.14 കോടിയായി വര്‍ധിച്ചത്. അഞ്ച് വര്‍ഷം കൊണ്ട് 346 ശതമാനത്തിന്റെ വര്‍ധനയാണ് അന്‍വറിനുണ്ടായത്. അനൂപ് ജേക്കബിന്റെ ആസ്തി അഞ്ച് വര്‍ഷം കൊണ്ട് 92 ശതമാനം വര്‍ധിച്ചു. 2016ല്‍ 9.75 കോടിയായിരുന്ന ആസ്തി 2021 ആയപ്പോള്‍ 18.72 കോടിയായി ഉയര്‍ന്നു. 8.97 കോടിയുടെ വര്‍ധനയാണ് അഞ്ച് വര്‍ഷം കൊണ്ടുണ്ടായത്. എം എല്‍ എ ശമ്പളം, കാര്‍ഷിക വരുമാനം, ഭാര്യയുടെ കാര്‍ഷിക, വാടക, സ്ഥിര നിക്ഷേപം എന്നിവയില്‍ നിന്നുള്ള വരുമാനത്തിലൂടെയാണ് ആസ്തി വര്‍ധനവുണ്ടായത്. വി അബ്ദുര്‍റഹ്മാന് അഞ്ച് വര്‍ഷം കൊണ്ട് ആസ്തിയില്‍ 70 ശതമാനം വര്‍ധനവുണ്ടായി. 10 കോടിയായിരുന്നു 2016ലെ ആസ്തി. 2021ല്‍ ഇത് 17 കോടിയായി വര്‍ധിച്ചു. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഏഴ് കോടിയുടെ വര്‍ധനവ്.

മുകേഷ് എം എല്‍ എയുടെ ആസ്തിയില്‍ 35 ശതമാനം വര്‍ധനവ് മാത്രമാണ് അഞ്ച് വര്‍ഷത്തിനിടെയുണ്ടായത്. 2016ല്‍ 10.57 കോടിയുടെ ആസ്തിയുണ്ടായിരുന്നത് 2021 ആയപ്പോഴേക്കും 14.24 കോടിയായി ഉയര്‍ന്നു.

അഭിനയത്തിലൂടെയും സാംസ്‌കാരിക പ്രവര്‍ത്തനത്തിലൂടെയും തനിക്കും ഭാര്യക്കും ലഭിക്കുന്ന വരുമാനമാണ് പ്രധാന സ്രോതസ്സ്.
പാര്‍ട്ടി അടിസ്ഥാനത്തില്‍ സി പി എമ്മിന്റെ 24 എം എല്‍ എമാരുടെ ആസ്തിയിലെ ശരാശരി വര്‍ധന 48.72 ശതമാനമാണ്. കോണ്‍ഗ്രസിന്റെ 19 എം എല്‍ എമാരുടെ ശരാശരി വര്‍ധന 48.63 ശതമാനവും സി പി ഐയുടെ 12 എം എല്‍ എമാരുടെ ശരാശരി വര്‍ധന 48.09 ശതമാനവുമാണ്.

സ്വതന്ത്രന്മാരുടെ ആസ്തിയില്‍ ഗണ്യമായ വര്‍ധനയാണുണ്ടായിട്ടുളളത്. ആകെയുള്ള അഞ്ച് സ്വതന്ത്രരുടെ ആസ്തിയുടെ ശരാശരി വര്‍ധന 301.69 ശതമാനമാണ്. കേരള കോണ്‍ഗ്രസ് (എം) ലെ രണ്ട് എം എല്‍ എമാരുടെ ശരാശരി വര്‍ധന 25.19 ശതമാനവും കേരള കോണ്‍ഗ്രസിലെ രണ്ട് പേരുടെ ശരാശരി ആസ്തി വര്‍ധന 22.12 ശതമാനവുമാണ്. കേരള കോണ്‍ഗ്രസ് ജേക്കബിലെ ആകെയുള്ള ഒരു എം എല്‍ എയുടെ ശരാശരി ആസ്തി വര്‍ധന 92.09 ശതമാനവും നാഷനല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് എം എല്‍ എയുടെ ആസ്തി വര്‍ധന 70.05 ശതമാനവുമാണ്. എന്‍ സി പിയുടെ ഏക എം എല്‍ എയുടെ ആസ്തി വര്‍ധന ശരാശരി 43.06 ശതമാനവും കേരള കോണ്‍ഗ്രസ് സെക്യുലര്‍ എം എല്‍ എയുടെ ആസ്തി വര്‍ധന ശരാശരി 1.97 ശതമാനവും കേരള ജനപക്ഷം എം എല്‍ എയുടെ ആസ്തിയിലുണ്ടായ ശരാശരി വര്‍ധന 12.38 ശതമാനവുമാണ്. ലീഗിലെ 13 എം എല്‍ എമാര്‍ മത്സര രംഗത്തുണ്ടെങ്കിലും ഇവരുടെ ആസ്തി കുറയുകയാണ് ചെയ്തത്. കേരള കോണ്‍. ബിയിലെ ഗണേഷ് കുമാറിന്റെ ആസ്തിയിലും ഗണ്യമായ കുറവുണ്ടായി. 2016ല്‍ ശരാശരി 22 കോടിയുടെ ആസ്തിയുണ്ടായിരുന്ന ഗണേഷ് കുമാറിന് 2021 ആയപ്പോഴേക്കും ഇത് 19 കോടിയായി ചുരുങ്ങി. ലീഗിലെ മഞ്ഞളാംകുഴി അലിക്ക് 2016ല്‍ 20 കോടിയുടെ ശരാശരി ആസ്തിയുണ്ടായിരുന്നത് 2021 ആയതോടെ 15.59 കോടിയായി ചുരുങ്ങി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തയുടെ ആസ്തിയിലും അഞ്ച് വര്‍ഷത്തിനിടെ 1.03 ലക്ഷം രൂപയുടെ കുറവുണ്ടായി.

2016ല്‍ 46,691 രൂപയായിരുന്ന പട്ടാന്പി എം എല്‍ എ മുഹ്‌സിന്റെ ആസ്തി അഞ്ച് വര്‍ഷം കൊണ്ട് 67.91 ലക്ഷമായി വര്‍ധിച്ചു. ഭാര്യക്ക് പഠനത്തിന് ലഭിച്ച സ്‌കോളര്‍ഷിപ്പ് കൂടി ചേര്‍ത്താണ് ആസ്തിയിലുണ്ടായ വര്‍ധന. ആസ്തി വര്‍ധനയില്‍ സി പി ഐയിലെ രണ്ട് എം എല്‍ എമാരാണ് മുമ്പിലെങ്കിലും നാമമാത്ര വരുമാനം മാത്രമാണ് ഇവര്‍ക്കുള്ളതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മുവാറ്റുപുഴ എം എല്‍ എ. എല്‍ദോ എബ്രഹാമി(സി പി ഐ)ന്റെ ആകെ ആസ്തി 23 ലക്ഷത്തില്‍ താഴെയാണ്. 2016ല്‍ 63,896 രൂപയുടെ ആസ്തിയുണ്ടായിരുന്നത് അഞ്ച് വര്‍ഷം കൊണ്ട് 22.70 ലക്ഷമായി വര്‍ധിച്ചതിലൂടെയാണ് ശതമാനക്കണക്കില്‍ എല്‍ദോയുടെ ആസ്തി വര്‍ധന അധികമായത്.

---- facebook comment plugin here -----

Latest