Connect with us

Kerala

തൃത്താലയിലെ കുടിവെള്ളപ്രശ്നം: ജനങ്ങളെ പരിഹസിക്കുന്നവരെ ജനങ്ങൾ വിലയിരുത്തട്ടെ: എം ബി രാജേഷ്

Published

|

Last Updated

തൃത്താല | കുടിവെള്ളക്ഷാമം നേരിടുന്ന തൃത്താലയിൽ അക്കാര്യം മറച്ചുവെക്കാൻ ജനങ്ങളെ പരിഹാസ്യരാക്കി വീഡിയോ പ്രചാരണം നടത്തുന്നവരെ ജനം വിലയിരുത്തട്ടെയെന്ന് എൽഡിഎഫ് സ്ഥാനാർഥി എംബി രാജേഷ്. തൃത്താലയിൽ കുടിവെള്ള ക്ഷാമമുണ്ടെന്ന് തെരഞ്ഞെടുപ്പ് പര്യടനത്തിനിടയിലെ നിരവധി ദിവസങ്ങളിലെ അനുഭവത്തിൽ നിന്ന് ബോധ്യപ്പെട്ടതാണ്. പട്ടിത്തറ പഞ്ചായത്തിൽ ഇന്നലെ പര്യടനം നടത്തിയപ്പോൾ നാട്ടുകാർ ശ്രദ്ധയിൽ പെടുത്തിയതാണ് പൈപ്പിൽ വെള്ളമില്ലാത്ത പ്രശ്നം. തൃത്താലയിൽ സഞ്ചരിക്കുന്ന ഏതൊരാൾക്കും അത് മനസ്സിലാകും. സമൂഹമാധ്യമങ്ങളിൽ മാത്രം ജീവിക്കുന്നവർക്ക് അത് മനസ്സിലാവുകയില്ല. കുടിവെള്ള ക്ഷാമം സംബന്ധിച്ച് ജനങ്ങൾ പറഞ്ഞത് നേരിൽ പരിശോധിച്ച് ഉറപ്പു വരുത്തുന്നതാണ് എൻ്റെ വീഡിയോ. ഇന്ന് എം എൽ എ തിരിച്ചപ്പോൾ ടാപ്പിൽ നിന്ന് വെള്ളം വരാൻ തുടങ്ങി. തലേന്ന് വരെ വെള്ളം വരാതിരുന്ന പൈപ്പിൽ വെള്ളം വരാൻ ഏത് മാന്ത്രിക ദണ്ഡാണ് ഉപയോഗിച്ചതെന്ന് എം എൽ എ തന്നെ പറയുകയായിരിക്കും നല്ലതെന്നും രാജേഷ് പറഞ്ഞു.

തൃത്താല മണ്ഡലത്തിൽ ജനങ്ങൾ അനുഭവിക്കുന്ന ഗുരുതരമായ പ്രശ്നമാണ് ഞാൻ ശ്രദ്ധയിൽ പെടുത്തിയത്. അതിന് മറുപടിയായി തൽക്കാലം വെള്ളം പമ്പു ചെയ്തിട്ട് വീഡിയോ എടുത്തു കാട്ടിയാൽ ജനങ്ങൾക്ക് വെള്ളം കിട്ടില്ല; അവരുടെ ദാഹം മാറില്ല. തൃത്താല മണ്ഡലത്തിലെ ജനങ്ങളെ പരിഹസിക്കുകയാണ് എം എൽ എ യുടെ വീഡിയോ. അതിരൂക്ഷമായ ജലക്ഷാമം എന്ന യാഥാർഥ്യത്തെ കരിവാരി തേക്കുന്നു. തങ്ങളുടെ ദുരിതം ശ്രദ്ധയിൽ പെടുത്തിയ ജനങ്ങളെ പരിഹസിക്കുകയാണ് എം എൽ എ.

തൃത്താലയിലെ പ്രധാന പ്രശ്നം തന്നെയാണ് കുടിവെള്ള ക്ഷാമമെന്ന്‌ എൽ ഡി എഫ് തിരിച്ചറിയുന്നു. പൈപ്പില്ലാത്ത സ്ഥലങ്ങളിൽ പൈപ്പിട്ട് വെള്ളമെത്തിക്കുക; പൈപ്പുള്ള സ്ഥലങ്ങളിൽ വോട്ടെടുപ്പിൻ്റെ തലേന്ന് മാത്രമല്ല, എന്നും വെള്ളമെത്തിക്കുക. അതാണ് എൽ ഡി എഫ് ചെയ്യാൻ പോകുന്നത്. അതിന് മാന്ത്രിക ദണ്ഡ് ആവശ്യമില്ല; ഇഛാശക്തി മതി. തൃത്താലയിലെ എല്ലാവർക്കും കുടിവെള്ളം നൽകാനുള്ള സമഗ്ര പദ്ധതിയാണ് എൽ ഡി എഫ് വാഗ്ദാനം ചെയ്യുന്നത്. 10 വർഷം കുടിവെള്ളം നൽകാതിരിക്കുകയും അത് ചർച്ചയായപ്പോൾ ജനങ്ങളെ പരിഹസിക്കുകയും ചെയ്യുന്നവരെ ജനങ്ങൾ തന്നെ വിലയിരുത്തട്ടെ; വിധിയെഴുതട്ടെ എന്നും എം ബി രാജേഷ് പറഞ്ഞു.

Latest