Kerala
എല്‍ ഡി എഫിന് ജനം ചരിത്ര വിജയം സമ്മാനിക്കും: മുഖ്യമന്ത്രി

കണ്ണൂര്‍ | ഈ തിരഞ്ഞെടുപ്പ് എല്‍ ഡി എഫിന് കേരളം ചരിത്ര വിജയം സമ്മാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണതുടര്‍ച്ച എന്നത് ജനങ്ങള്‍ തീരുമാനിച്ചതാണ്. അതിന്റെ ഒരു സീല്‍ കുത്തലാണ് ഇന്ന് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ കരുത്താണ് പ്രകടമാകുക. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഒട്ടേറെ കാര്യങ്ങള്‍ നടന്നെങ്കിലും അതൊന്നും ജനം മുഖവിലക്കെടുത്തിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പിലെത് പോലെ എല്ലാ ദുരാരോപണവും ജനം തള്ളും. ദുരാരോപണത്തിന്റെ അന്തിവ വിധിയാണ് ഇന്ന് ജനങ്ങള്‍ രേഖപ്പെടുത്തുക. ധര്‍മ്മടത്തെ ആര്‍ സി അമല സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാറിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ജനങ്ങളുണ്ടായിരുന്നു. ആ ജനങ്ങള്‍ തങ്ങളുടെ വിധിയാണ് രേഖപ്പെടുത്താന്‍ പോകുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ എന്തൊക്കെയാണോ ശ്രമിച്ചത് അതെല്ലാമാണ് നിയമസഭാ തിരഞ്ഞെടുപ്പിലും യു ഡി എഫും ബി ജെ പിയും പഴറ്റിയത്. ഇതിന് കുറച്ചുകൂടി ശക്തമായ തിരിച്ചടി ജനങ്ങള്‍ നല്‍കും. നേമത്തെ എക്കൗണ്ട് ക്ലോസ് ചെയ്യും. അത് ഉറപ്പാണ്. മറ്റ് എവിടെയെങ്കിലും യു ഡി എഫ് ധാരണ ഉണ്ടാക്കിയോ എന്ന് വ്യക്തമാക്കണം. മലമ്പുഴയിലൊന്നും ബി ജെ പിക്ക് ഒരു നേട്ടവുമുണ്ടാക്കില്ല. സര്‍ക്കാറിനെതിരായ ദുരാരോപണം ജനങ്ങള്‍ തള്ളും. ബോംബ് പൊട്ടുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ആ ബോംബ് പൊട്ടാതെ ചീറ്റിപ്പോയോ എന്ന് സംശയമുണ്ടെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.