Connect with us

Articles

കൈയൂക്ക് രാഷ്ട്രീയത്തിന്റെ ബാക്കിയെന്താകും?

Published

|

Last Updated

പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചിരിക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസും ബി ജെ പിയും ഒപ്പത്തിനൊപ്പം പ്രചാരണ രംഗം കീഴടക്കുമ്പോള്‍ ഇടതുപക്ഷവും കോണ്‍ഗ്രസും കൂടുതല്‍ ദുര്‍ബലപ്പെടുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. ബി ജെ പി പ്രവര്‍ത്തകരും തൃണമൂല്‍ പ്രവര്‍ത്തകരും തമ്മില്‍ പലയിടത്തും അക്രമ സംഭവങ്ങളും സജീവമായിക്കൊണ്ടിരിക്കുകയാണ്. മാത്രമല്ല കേന്ദ്ര സേനയും തൃണമൂല്‍ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വെടിവെപ്പുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച ബി ജെ പി പ്രവര്‍ത്തകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും തൃണമൂല്‍ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയതാണെന്നും ആരോപിച്ച് ബി ജെ പി രംഗത്തു വന്നതോടു കൂടി ബംഗാളിലെ രാഷ്ട്രീയ അങ്കം ദേശീയ തലത്തില്‍ തന്നെ ഏറെ ഉറ്റുനോക്കപ്പെടുന്ന രാഷ്ട്രീയ പോരാട്ടമായി മാറിയിരിക്കുകയാണ്.

2016ലെ തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകള്‍ മാത്രമുണ്ടായിരുന്ന ബി ജെ പിക്ക് ഇപ്പോള്‍ ഭരണം പിടിക്കാന്‍ മാത്രമുള്ള ആത്മവിശ്വാസവും സംഘടനാ ബലവുമുണ്ട്. തൃണമൂലില്‍ നിന്നും ഇടതുപക്ഷത്തു നിന്നുമൊക്കെ നേതാക്കന്മാരെയും പ്രവര്‍ത്തകരെയുമടക്കം റാഞ്ചിയെടുത്താണ് ബി ജെ പി അധികാരത്തിലേക്കുള്ള വഴിവെട്ടുന്നത്. വെറും മൂന്ന് സീറ്റില്‍ നിന്ന് അംഗസംഖ്യ മൂന്നക്കം കടക്കുക എന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ ബി ജെ പിക്ക് അത്ര പ്രയാസമുള്ള സ്വപ്‌നമല്ല. മിഷന്‍ ബംഗാളിലൂടെ അതിന് വേണ്ടിയുള്ള പ്രവര്‍ത്തന പദ്ധതികള്‍ ബി ജെ പി കൃത്യമായി നടപ്പാക്കുന്നുമുണ്ട്.

ജ്യോതി ബസുവിന്റെ പ്രതാപ കാലത്ത് 1987ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതിയ ബംഗാള്‍ നിര്‍മിക്കുമെന്ന (ന്യൂ ബംഗാള്‍) മുദ്രാവാക്യം ഉയര്‍ത്തി രാജീവ് ഗാന്ധി ഇറങ്ങി പുറപ്പെട്ടതിന് സമാനമായ ഒരിറക്കമാണ് ഇപ്പോള്‍ മോദിയും അമിത് ഷായും ബംഗാളിലേക്ക് ഇറങ്ങിയിരിക്കുന്നത്. സുവര്‍ണ ബംഗാള്‍ നിര്‍മിക്കുമെന്നാണ് അമിത് ഷായുടെ വാദം. വോട്ടെടുപ്പ് മൂന്നാം ഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ തിരഞ്ഞെടുപ്പ് രംഗത്ത് തൃണമൂലിനേക്കാള്‍ ഒരുപടി മുന്നിലാണ് ബി ജെ പി. കേന്ദ്ര മന്ത്രിമാരും ദേശീയ നേതാക്കളുമടക്കം ഒരു ദൗത്യ സംഘം തന്നെ അരയും തലയും മുറുക്കി ബംഗാളില്‍ ക്യാമ്പ് ചെയ്താണ് പ്രചാരണം നയിക്കുന്നത്.
2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണിക്ക് അധികാരം നഷ്ടപ്പെടുത്തിയ നന്ദിഗ്രാം പ്രക്ഷോഭത്തിന്റെ മുന്‍ നിരയിലുണ്ടായിരുന്ന മമതാ ബാനര്‍ജിയുടെ വലംകൈ ആയിരുന്ന സുവേന്ദു അധികാരി ഇന്ന് ബി ജെ പി ടിക്കറ്റില്‍ നന്ദിഗ്രാമില്‍ നിന്ന് ജനവിധി തേടുകയാണ്. എന്നാല്‍ സുവേന്ദു അധികാരിക്കെതിരെ നന്ദിഗ്രാമില്‍ നിന്ന് തന്നെ മത്സരിക്കാന്‍ മമത വന്നതോടെയാണ് മേഖലയില്‍ കടുത്ത പോരാട്ടത്തിന് അരങ്ങൊരുങ്ങിയത്. ഇതാണ് ഈ മേഖലയില്‍ വോട്ടെടുപ്പ് സമയത്ത് കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്കും കാരണമായത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 80,000 വോട്ടുകള്‍ക്ക് മുകളില്‍ ഭൂരിപക്ഷത്തിനാണ് തൃണമൂല്‍ സ്ഥാനാര്‍ഥിയായി സുവേന്ദുഅധികാരി മണ്ഡലത്തില്‍ നിന്ന് ജയിച്ചു കയറിയത്. എന്നാല്‍ അന്ന് ബി ജെ പിക്ക് അഞ്ച് ശതമാനം വോട്ടുകള്‍ മാത്രമാണ് നേടാനായിരുന്നത്. അതുകൊണ്ട് തന്നെ നന്ദിഗ്രാമിലെ മത്സരം മമതക്ക് അഭിമാന പോരാട്ടം കൂടിയാണ്.
നന്ദിഗ്രാമിലും സിംഗൂരിലും വ്യവസായ സംരംഭങ്ങള്‍ക്ക് വേണ്ടി ഇടതുപക്ഷ സര്‍ക്കാര്‍ കര്‍ഷകരെ കുടിയൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന പ്രശ്‌നങ്ങളും അതേ തുടര്‍ന്നുണ്ടായ പോലീസ് വെടിവെപ്പുമായിരുന്നു മമതാ ബാനര്‍ജിക്ക് അധികാരം നല്‍കിയത്. എന്നാല്‍ അതേ നന്ദിഗ്രാമും സിംഗൂരും ഇന്ന് മറ്റൊരു രാഷ്ട്രീയ പ്രശ്‌നത്തിലൂടെ മമതക്ക് അധികാരത്തിലേക്കുള്ള വഴികളില്‍ കല്ലും മുള്ളും നിറച്ചിരിക്കുകയാണ്. അന്ന് വെടിവെപ്പിന് നേതൃത്വം നല്‍കിയ പോലീസ് ഉദ്യോഗസ്ഥന്‍ ഇന്ന് തൃണമൂലില്‍ ചേര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയതും അതേ സിംഗൂരില്‍ വ്യവസായ പാര്‍ക്ക് നിര്‍മിക്കുമെന്ന പ്രഖ്യാപനവും മമതയുടെ കര്‍ഷക വോട്ടുകളില്‍ വ്യാപകമായ ചോര്‍ച്ചയുണ്ടാക്കും എന്നാണ് നിരീക്ഷിക്കപ്പെടുന്നത്. എന്നാല്‍ ഇടതുപക്ഷത്തിനും ബി ജെ പിക്കും ഇതേ നിലപാട് തന്നെയാണ്. ബംഗാളിനെ വ്യാവസായിക സംരംഭങ്ങളിലൂടെ സ്വയം പര്യാപ്തമാക്കും എന്നാണ് ബി ജെ പി അവകാശപ്പെടുന്നത്.

സിംഗൂരില്‍ ടാറ്റയുടെ കാര്‍ നിര്‍മാണ ഫാക്ടറിക്ക് ഭൂമി ഏറ്റെടുക്കലിനെതിരെ സമരം നയിച്ച മമതയുടെ വിശ്വസ്തരായിരുന്ന രവീന്ദ്രനാഥ് ഭട്ടാചാര്യയും ബെചാരം മന്നയും പ്രായാധിക്യം ചൂണ്ടിക്കാണിച്ച് മമത സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ബി ജെ പി പാളയത്തിലെത്തിയിരിക്കുകയാണ്. മാത്രമല്ല മൂന്ന് വര്‍ഷം മുമ്പ് പാര്‍ട്ടി വിട്ട മുന്‍ കേന്ദ്ര മന്ത്രി മുകുള്‍ റോയും മമതക്കെതിരെ ശക്തമായി തന്നെ രംഗത്തുണ്ട്. സംസ്ഥാനത്ത് ഇന്ന് ബി ജെ പിയുടെ പ്രധാന ഐക്കണുകളായി ചൂണ്ടിക്കാണിക്കപ്പെടുന്ന മൂന്ന് പേരില്‍ രണ്ടാളും തൃണമൂല്‍ നേതാക്കളും മമതയുടെ മുന്‍ വിശ്വസ്തരുമാണ് എന്നതാണ് മറ്റൊരു വസ്തുത.

എന്നിരുന്നാലും സംസ്ഥാനത്ത് മൊത്തം ജനകീയനായ ഒരു പ്രാദേശിക നേതാവിനെ ഉയര്‍ത്തിക്കാണിക്കാന്‍ ബി ജെ പിക്കാവുന്നില്ല എന്നത് വലിയ പോരായ്മയാണ്. അധികാരം കിട്ടിയാല്‍ തന്നെ ആര് മുഖ്യമന്ത്രിയാകും എന്നത് സംബന്ധിച്ച് തന്നെ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ഇപ്പോള്‍ സുവേന്ദു അധികാരിയുടെ പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം മാത്രമേ ബി ജെ പി ഇക്കാര്യത്തില്‍ വ്യക്തത വരുത്തൂ. മമതയെ സംബന്ധിച്ചിടത്തോളം ഇത് മമതയുടെയും ഒപ്പം തൃണമൂലിന്റെയും ഭാവി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പായി മാറും. കാരണം അധികാരം നഷ്ടപ്പെട്ടാല്‍ പിന്നീട് അത് തിരിച്ച് പിടിക്കുക ബംഗാളിനെ സംബന്ധിച്ചിടത്തോളം പ്രയാസമുള്ള ഒന്നാണ്. കോണ്‍ഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും മുന്‍ അനുഭവങ്ങള്‍ ഇതിന്റെ ചരിത്ര സാക്ഷ്യമാണ്. അത് പൊളിറ്റിക്കലായ ഒരു നിലപാടില്‍ നിന്നുമുണ്ടാകുന്നതാണ് എന്ന് നിരീക്ഷിക്കാനുമാകില്ല. അധികാരമുള്ളവര്‍ക്കൊപ്പം നിലനില്‍ക്കുക എന്ന ബംഗാളിയുടെ സൈക്കോസോഷ്യല്‍ മനോഭാവമാണ് ഇതിന്റെ മുഖ്യ കാരണമായി കണ്ടെത്താനാകുക. ഒരു തരം അഗ്രസീവ് പൊളിറ്റിക്‌സിന്റെ ഏറ്റവും ഭീകര സ്വഭാവമാണ് ബംഗാളി രാഷ്ട്രീയത്തെ എല്ലാ കാലത്തും സ്വാധീനിച്ചിരുന്നത്. ഇത് അര നൂറ്റാണ്ട് കാലത്തെ രാഷ്ട്രീയ ചിത്രം വായിക്കുമ്പോള്‍ കൃത്യമായി തെളിയുന്ന, നിഷേധിക്കാനാകാത്ത വസ്തുതയാണ്. ഇടതു ഭരണകാലത്തെ സി പി എം ഓഫീസുകള്‍ ഭരണം നഷ്ടപ്പെട്ടപ്പോള്‍ തൃണമൂല്‍ ഓഫീസുകളായി മാറിയതും പിന്നീട് അത് ബി ജെ പി ഓഫീസുകളായി പരിവര്‍ത്തനം ചെയ്യപ്പെടുന്നതുമൊക്കെ ഈ കൈയൂക്ക് രാഷ്ട്രീയത്തിന്റെ ബാക്കി ചിത്രം മാത്രമാണ്. ഈ രാഷ്ട്രീയത്തെ ഏറ്റവും തീവ്രമായി സ്വീകരിക്കാന്‍ കഴിയുന്നത് മറ്റാരേക്കാളും ബി ജെ പിക്കാവും. സംഘ്പരിവാര്‍ രാഷ്ട്രീയം അതിന് ഏറ്റവും നല്ല വിളവ് നല്‍കാനാകുന്ന വളം കൂടിയാണ്.

ബി ജെ പിയുടെ രാഷ്ട്രീയത്തെ പ്രധാനമായും ബംഗാളി വികാരം ഉയര്‍ത്തിക്കൊണ്ടാണ് മമത പ്രതിരോധിക്കുന്നത്. എന്നാല്‍ ഈ പള്‍സ് തിരിച്ചറിഞ്ഞു കൊണ്ട് ബി ജെ പി അതേ നാണയത്തില്‍ ഇപ്പോള്‍ തിരിച്ചടിക്കാന്‍ തുടങ്ങിയിരിക്കുന്നു. അതുകൊണ്ടാണ് ടാഗോറിനെയും സ്വാമി വിവേകാനന്ദനെയും ഒക്കെ ഇപ്പോള്‍ ബി ജെ പി ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നത്. ബി ജെ പിയുടെ പ്രചാരണ പരിപാടികളിലടക്കം ടാഗോറും സ്വാമി വിവേകാനന്ദനുമൊക്കെ സ്ഥാനം പിടിച്ചു തുടങ്ങിയിട്ടുണ്ട്. ഇത്ര സൂക്ഷ്മവും സമഗ്രവുമായ പ്രചാരണ പരിപാടികളാണ് ബി ജെ പിക്ക് ഈ തിരഞ്ഞെടുപ്പില്‍ വലിയ സാധ്യതകള്‍ നല്‍കുന്ന മുഖ്യ ഘടകം. ബംഗാളില്‍ തൃണമൂലിനേക്കാള്‍ മികച്ച ബദലാകാന്‍ തങ്ങള്‍ക്ക് കഴിയുമെന്നാണ് ബി ജെ പി പ്രചാരണങ്ങളിലൂടെ ആണയിട്ടുറപ്പിക്കുന്നത്.

തിരഞ്ഞെടുപ്പില്‍ ഇപ്പോഴും സി എ എ, എന്‍ ആര്‍ സി വിഷയങ്ങള്‍ സജീവമായി ചര്‍ച്ച ചെയ്യുന്നുണ്ട് എന്നതാണ് തൃണമൂലിന് വലിയ പ്രതീക്ഷ നല്‍കുന്നത്. ഹാട്രിക് വിജയത്തിലേക്ക് തൃണമൂലിന് വഴി ഒരുക്കിയേക്കാവുന്നതും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ തൃണമൂലിനുള്ള സ്വാധീനം തന്നെയായിരിക്കും. 31 ശതമാനം വരുന്ന മുസ്‌ലിം വോട്ടുകള്‍ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്. ഒരു ഇടതുപക്ഷത്തിനും കോണ്‍ഗ്രസിനും അവിടെ തൃണമൂലിന് ബദലാകാന്‍ കഴിയുന്നില്ല. മാത്രവുമല്ല കോണ്‍ഗ്രസ് ഇടതുസഖ്യത്തിന്റെ ഭാഗമായ അബ്ബാസ് സിദ്ദീഖിയുടെ ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടിന്റെ (ഐ എസ് എഫ്) പ്രചാരണ പരിപാടികളില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടുനില്‍ക്കുന്നതും ഈ സഖ്യത്തിന് ന്യൂനപക്ഷ വോട്ടുകള്‍ കുറയാന്‍ കാരണമാകും. ഹിന്ദു ഭൂരിപക്ഷ വോട്ടുകള്‍ നഷ്ടമാകും എന്നതാകണം മുസ്‌ലിം പാര്‍ട്ടിയായ ഐ എസ് എഫിനോട് കോണ്‍ഗ്രസ് കാണിക്കുന്ന അയിത്തത്തിന് മുഖ്യ കാരണം. എന്നാല്‍ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ തങ്ങള്‍ക്ക് ഒരിക്കലും കിട്ടാന്‍ സാധ്യതയില്ലാത്ത വോട്ട് ബേങ്കിന് വേണ്ടിയാണ് കോണ്‍ഗ്രസ് ഈ അബദ്ധം ചെയ്യുന്നത്. മതേതര വോട്ട് ബേങ്കില്‍ വിശ്വാസമര്‍പ്പിക്കാനാകാത്തതാകും കോണ്‍ഗ്രസ് ഇടതുസഖ്യത്തിന്റെ പരാജയത്തിന് തീവ്രത കൂട്ടുക. കേവലം പാര്‍ട്ടി വോട്ടുകളിലേക്ക് ഇടതുപക്ഷവും കോണ്‍ഗ്രസും ചുരുങ്ങുകയാണ്. ഈ സഖ്യം 15 ശതമാനം അധികം വോട്ട് നേടുമെന്ന് പോലും പ്രതീക്ഷിക്കാനുള്ള സാഹചര്യം ഇപ്പോഴില്ല. മമത മതേതര കക്ഷികളോട് ഒരുമിച്ച് നില്‍ക്കാന്‍ നിരന്തരം ആഹ്വാനം ചെയ്യുന്നുമുണ്ട്. ബി ജെ പിയാണ് മുഖ്യ ശത്രുവെന്ന് തിരിച്ചറിയാന്‍ മറ്റുള്ളവര്‍ക്കാകുന്നില്ല എന്നതാണ് ബംഗാളിലെ മുഖ്യ പ്രശ്‌നം. കൂടെ നില്‍ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതൃത്വത്തിന് മമത കത്തെഴുതിയതും പ്രതിരോധിക്കേണ്ടത് ബി ജെ പിയെയാണ് എന്ന വിശാലമായ തിരിച്ചറിവില്‍ നിന്നാണ്. ബംഗാളില്‍ ജനാധിപത്യം തിരികെ കൊണ്ട് വരുമെന്നാണ് ബി ജെ പി തിരഞ്ഞെടുപ്പ് രംഗത്ത് ഉയര്‍ത്തുന്ന പ്രധാന വാദം. 2011ല്‍ മമത ഇടതുപക്ഷത്തിന് എതിരെ ഉയര്‍ത്തിയ അതേ വാദം തന്നെയാണ് ഇപ്പോള്‍ ബി ജെ പി മമതക്കെതിരെ ഉയര്‍ത്തുന്നതും. തിരഞ്ഞെടുപ്പ് മൂന്നാം ഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ ശാരദ ചിട്ടി തട്ടിപ്പ് കേസും സര്‍ക്കാറിന്റെ മറ്റു വീഴ്ചകളും പ്രചാരണ രംഗത്ത് നിന്ന് അപ്രത്യക്ഷമാകുന്ന കാഴ്ചയാണ് കാണുന്നത്. ബി ജെ പി വര്‍ഗീയ കാര്‍ഡ് മാത്രമിറക്കിയാണ് തൃണമൂലിനെയും കോണ്‍ഗ്രസ് ഇടതുസഖ്യത്തെയും പ്രതിരോധിക്കുന്നത്. ഈ വര്‍ഗീയ രാഷ്ട്രീയ പ്രചാരണം അപകടകരമായ ഒരു രാഷ്ട്രീയ അന്തരീക്ഷത്തിലേക്കാണ് ബംഗാളിനെ നയിക്കുക. അതുകൊണ്ടാണ് ബംഗാളിനെ മറ്റൊരു ഉത്തര്‍ പ്രദേശാക്കാന്‍ അനുവദിക്കില്ലെന്ന് മമത വിളിച്ചു പറയുന്നത്. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കും വര്‍ഗീയ കലാപങ്ങള്‍ക്കും വളക്കൂറുള്ള മണ്ണുകൂടിയാണ് ബംഗാള്‍. അതുകൊണ്ട് തന്നെ മെയ് രണ്ടിന് ഫലം വരുമ്പോള്‍ ബംഗാളിന്റെ രാഷ്ട്രീയ ചിത്രം മാത്രമാകില്ല മാറാനിരിക്കുന്നത്, സാമൂഹിക ജീവിതം കൂടിയാകും.

ജുനൈദ് ടി പി തെന്നല

Latest